2023 ഐ.സി.സി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് ഓസ്‌ട്രേലിയ മറികടന്ന് ലോകകപ്പ് കിരീടജേതാക്കളായത് ഇന്ത്യന്‍ ജനതയെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യയെ പരാജയപ്പെടുത്തി ആറാം തവണയാണ് ഓസീസ് ലോകകപ്പ് സ്വന്തമാക്കുന്നത്. ഇതിനു പുറമെ ഓസീസ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ലോകകപ്പ് ട്രോഫിയില്‍ കാല് കയറ്റി വെച്ചതിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് മാര്‍ഷ് ട്രോഫിയില്‍ കാല് കയറ്റിവെച്ച ചിത്രം പങ്ക്‌വെച്ചത്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരത്തോട് അനാദരവ് കാണിച്ചതിന് ഇന്ത്യന്‍ ആരാധകരും മാധ്യമപ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ലോകകപ്പ് ട്രോഫിയില്‍ മാര്‍ഷിന്റെ കാലുകള്‍ പതിഞ്ഞത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ സ്റ്റാര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയും പറഞ്ഞിരുന്നു.
ഇതേതുടര്‍ന്ന് അലിഗഡില്‍ നിന്നുള്ള ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ മാര്‍ഷിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും താരത്തെ ഇന്ത്യയില്‍ കളിപ്പിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു.
കിരീടം നേടിയശേഷം വിവാദങ്ങളോട് പ്രതികരിക്കാതെയാണ് മാര്‍ഷും സംഘവും ഇന്ത്യ വിട്ടത്. ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ 47 (31) റണ്‍സും വിരാട് കോഹ്‌ലി 54 (63) റണ്‍സും കെ.എല്‍. രാഹുല്‍ 66 (107) റണ്‍സുമാണ് നേടിയത്. എന്നാല്‍ ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ 137 റണ്‍സിന്റെയും മാര്‍നസ് ലബുഷാനിന്റെ 58 റണ്‍സിന്റെയും പിന്‍ ബലത്തില്‍ ഓസ്‌ട്രേലിയ കപ്പ് ഉയര്‍ത്തുകയായിരുന്നു.
ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റുകള്‍ വീതം നേടിയിരുന്നു. മറുപടി ബൗളിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകളും നേടി. ഫൈനലിലെ തോല്‍വിയോടെ ഇന്ത്യയുടെ മൂന്നാം ലോകകപ്പ് കിരീടമെന്ന സ്വപ്‌നം അസ്തമിക്കുകയായിരുന്നു.
Content Highlight: Mitchell Marsh should not be allowed to play in India