2023 ഐ.സി.സി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പുറകെ ലോകകപ്പില്‍ കാല് കയറ്റി വെച്ച് ഓസീസ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രം ഏറെ വിവാദം സൃഷ്ടിക്കുകയും ഓസീസ് താരങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവസരം കിട്ടിയാല്‍ ഇനിയും ലോകകപ്പില്‍ കാല് കയറ്റിവെക്കുമെന്ന് പറഞ്ഞ് മിച്ചല്‍ മാര്‍ഷ് രംഗത്ത് വന്നിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകരും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ഓസീസ് താരത്തിന്റെ പ്രവര്‍ത്തിയില്‍ നേരത്തെ വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് മാര്‍ഷ് ട്രോഫിയില്‍ കാല് കയറ്റിവെച്ച ചിത്രം പങ്ക് വെച്ചത്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരത്തോട് അനാദരവ് കാണിച്ചത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ സ്റ്റാര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയും മറ്റ് താരങ്ങളും പറഞ്ഞിരുന്നു. ലോകകപ്പിന് ശേഷം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെയായിരുന്നു ഓസീസ് താരങ്ങള്‍ ഇന്ത്യ വിട്ടത്.
2023 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടത് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ നിരാശപ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നവംബര്‍ 19ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരെ വലിഞ്ഞു മുറുക്കി കൊണ്ട് ഓസീസ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ആറാം തവണയാണ് ഓസീസ് ലോകകപ്പ് സ്വന്തമാക്കുന്നത്. ഇതോടെ 2023 ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ച ഇന്ത്യയുടെ മൂന്നാം കീരീട സ്വപ്‌നമാണ് അസ്തമിച്ചത്.
മിച്ചല്‍ മാര്‍ഷ് കപ്പില്‍ കാല് കയറ്റിവെച്ച ചിത്രം പങ്ക് വെച്ചതിനെതുടര്‍ന്ന് അലിഗഡില്‍ നിന്നുള്ള ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ മാര്‍ഷിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് താരത്തെ ഇന്ത്യയില്‍ കളിപ്പിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlight: Mitchell Marsh Says that I will put my foot in the World Cup Again