| Thursday, 6th July 2023, 10:22 pm

എടോ, എടോ ബാസ്‌ബോള്‍ അവരുടെ കളിയാണ്; ഇംഗ്ലണ്ടിനെതിരെ ബാസ്‌ബോള്‍ പുറത്തെടുത്ത് മാര്‍ഷ്

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കായി വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത് മിച്ചല്‍ മാര്‍ഷ്. ഹെഡിങ്‌ലി ഓവലില്‍ നടന്ന മത്സരത്തില്‍ ഫോര്‍മാറ്റ് മാറിയാണ് മിച്ചല്‍ മാര്‍ഷ് റണ്‍സടിച്ചുകൂട്ടി ടീമിന്റെ രക്ഷകനായത്.

ഹെഡിങ്‌ലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്ക് തുടക്കം തന്നെ പാളിയിരുന്നു. ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡിനോട് പരാജയപ്പെട്ട് ഡേവിഡ് വാര്‍ണര്‍ പവലിയനിലേക്ക് മടങ്ങിയത് വെറും തുടക്കമായിരുന്നു. ഓസീസിനെ റണ്‍സുയര്‍ത്താന്‍ അനുവദിക്കാതെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പന്തെറിഞ്ഞുകൊണ്ടേയിരുന്നു.

ഓസീസിന്റെ നെടുംതൂണുകളായ ഉസ്മാന്‍ ഖവാജയും മാര്‍നസ് ലബുഷാനും സ്റ്റീവ് സ്മിത്തുമെല്ലാം അധികം വൈകാതെ കൂടാരം കയറി. എന്നാല്‍ ആറാം നമ്പറില്‍ മിച്ചല്‍ മാര്‍ഷ് ക്രീസിലെത്തിയതോടെ കളിയൊന്നാകെ മാറുകയായിരുന്നു.

ഗ്രൗണ്ടിന്റെ എല്ലാ കോണിലേക്കും ബൗണ്ടറി പായിച്ച മാര്‍ഷ് ഇടക്ക് മേമ്പൊടിയെന്നോണം സിക്‌സറുകളും പറത്തി. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ മാര്‍ഷിനെ പുറത്താക്കാനുള്ള അവസരം കൈവിട്ടു കളഞ്ഞ ഇംഗ്ലണ്ടിന് കൊടുക്കേണ്ടി വന്നത് വളരെ വലിയ വിലയാണ്.

വീണുകിട്ടിയ ലൈഫ് ശരിക്കും മുതലാക്കിയ മാര്‍ഷ് ഇംഗ്ലണ്ടിനെതിരെ അവരുടെ അറ്റാക്കിങ് ശൈലിയില്‍ തന്നെ ബാറ്റ് വീശി. 118 പന്തില്‍ നിന്നും 17 ബൗണ്ടറിയും നാല് സിക്‌സറുമുള്‍പ്പെടെ 118 റണ്‍സ് നേടിയാണ് മാര്‍ഷ് കളം വിട്ടത്. ക്രിസ് വോക്‌സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

മാര്‍ഷ് തകര്‍ത്തടിച്ചെങ്കിലും കട്ടക്ക് കൂടെ നില്‍ക്കാന്‍ ആരുമില്ലാതെ പോയതോടെ ഓസീസ് ഇന്നിങ്‌സ് 61ാം ഓവറില്‍ 263 റണ്‍സിന് അവസാനിച്ചു.

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് ഫൈഫര്‍ തികച്ചപ്പോള്‍ ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും ഏര്‍ളി വിക്കറ്റുകള്‍ നഷ്ടമായി. ബെന്‍ ഡക്കറ്റിനെ രണ്ട് റണ്‍സിനും ഹാരി ബ്രൂക്കിനെ മൂന്ന് റണ്‍സിനും മടക്കി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഇംഗ്ലണ്ടിന് അതേ നാണയത്തില്‍ മറുപടി നല്‍കിയത്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 24 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 16 പന്തില്‍ നിന്നും 17 റണ്‍സുമായി സാക്ക് ക്രോളിയും മൂന്ന് പന്തില്‍ നിന്നും ഒരു റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍.

Content highlight: Mitchell Marsh’s brilliant batting performance in Ashes 3rd test

We use cookies to give you the best possible experience. Learn more