ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ടൂര്‍ണമെന്റിന് മുന്നോടിയായി ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. പരിക്കിനെ തുടര്‍ന്നാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് മാറി നില്‍ക്കുന്നത്.
ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്ക് ശേഷം ജനുവരി 7ന് മാര്‍ഷ് ഒരു ബി.ബി.എല്‍ മത്സരം കളിച്ചിരുന്നു. എന്നിരുന്നാലും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പിനായി ശാരീരികമായും മാനസികമായും സുഖം പ്രാപിക്കാന്‍ അദ്ദേഹം അവസാന മൂന്ന് ബി.ബി.എല്‍ മത്സരങ്ങളില്‍ നിന്ന് മാറിനിന്നിരുന്നു.
Mitchell Marsh
പരിക്ക് ഗുരുതരമായ പ്രശ്‌നമായതിനാല്‍ സെലക്ടര്‍മാര്‍ താരത്തെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
‘മിച്ചല്‍ മാര്‍ഷിനെ വരാനിരിക്കുന്ന ഐ.സി.സി പുരുഷ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറം വേദന കാരണം ഒഴിവാക്കി. ദേശീയ സെലക്ഷന്‍ പാനലും ഓസ്ട്രേലിയന്‍ പുരുഷ മെഡിക്കല്‍ ടീമും താരത്തിന്റെ പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയിരുന്നു. ഇതോടെ പരിക്കില്‍ മാറ്റം വരാത്തതിനെ തുടര്‍ന്നാണ് മാര്‍ഷിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി,’ പ്രസ്താവനയില്‍ പറഞ്ഞു.
ഏകദിനത്തില്‍ 93 മത്സരത്തിലെ 89 ഇന്നിങ്‌സില്‍ നിന്ന് 2794 റണ്‍സാണ് മാര്‍ഷ് നേടിയത്. 177 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും മൂന്ന് സെഞ്ച്വറിയും ഫോര്‍മാറ്റില്‍ താരം നേടിയിട്ടുണ്ട്. 19 അര്‍ധ സെഞ്ച്വറിയും താരം അക്കൗണ്ടില്‍ എത്തിച്ചു. ബൗളിങ്ങില്‍ 70 ഇന്നിങ്‌സില്‍ നിന്ന് 57 വിക്കറ്റുകളാണ് ഏകദിനത്തില്‍ നിന്ന് താരം സ്വന്തമാക്കിയത്. 5/33 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്.
Content Highlight: Mitchell Marsh has been ruled out of the ICC Men’s Champions Trophy 2025