'ഇന്ത്യയും ഇവരും ലോകകപ്പ് ഫൈനല്‍ കളിക്കും, എതിരാളികള്‍ 450 റണ്‍സെടുക്കുമ്പോള്‍ ഇന്ത്യ വെറും 65ന് പുറത്താകും'
World Cup 2023
'ഇന്ത്യയും ഇവരും ലോകകപ്പ് ഫൈനല്‍ കളിക്കും, എതിരാളികള്‍ 450 റണ്‍സെടുക്കുമ്പോള്‍ ഇന്ത്യ വെറും 65ന് പുറത്താകും'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th May 2023, 8:37 pm

ഐ.പി.എല്ലിന് ശേഷം ഏഷ്യാ കപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും ആവേശത്തിലേക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാലെടുത്ത് വെക്കുന്നത്. 2011ന് ശേഷം ക്രിക്കറ്റ് മാമാങ്കം വീണ്ടും ഇന്ത്യയിലേക്കെത്തുന്നു എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്.

2013ന് ശേഷം ഒറ്റ ഐ.സി.സി കിരീടം പോലും നേടാന്‍ സാധിക്കാത്ത ഇന്ത്യയുടെ കിരീട വരള്‍ച്ചക്ക് ഈ ലോകകപ്പോടെ അവസാനമാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാല്‍ ഈ ലോകകപ്പിലും ഇന്ത്യക്ക് കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കില്ലെന്ന് പറയുകയാണ് ഓസീസ് സൂപ്പര്‍ താരമായ മിച്ചല്‍ മാര്‍ഷ്. ഇന്ത്യ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തുമെന്നും എന്നാല്‍ കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുമെന്നുമാണ് മാര്‍ഷ് പറഞ്ഞത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പോഡ്കാസ്റ്റിലായിരുന്നു മാര്‍ഷ് ഇക്കാര്യം പറഞ്ഞത്. ഓസ്‌ട്രേലിയ ഇന്ത്യക്ക് മേല്‍ 385 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം നേടുമെന്നാണ് മാര്‍ഷ് അഭിപ്രായപ്പെട്ടത്.

‘ഓസ്‌ട്രേലിയ ടൂര്‍ണമെന്റില്‍ ഒറ്റ മത്സരത്തില്‍ പോലും തോല്‍ക്കില്ല. ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചുകൊണ്ടായിരിക്കും അവര്‍ കിരീടം നേടുക. ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 450 റണ്‍സ് നേടും. മറുപടി ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യ 65 റണ്‍സിന് ഓള്‍ ഔട്ടാകും,’ മാര്‍ഷ് അഭിപ്രായപ്പെട്ടു.

 

ലോകകപ്പ് ജേതാക്കളെ ഇതിനോടകം തന്നെ പലരും പ്രവചിച്ചിട്ടുണ്ടെങ്കിലും സ്‌കോര്‍ അടക്കം ആദ്യമായാണ് ഒരാള്‍ പ്രവചിക്കുന്നത്.

2015ലാണ് ഓസ്‌ട്രേലിയ അവസാനമായി ലോകകപ്പ് കീരീടം ചൂടിയത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പിച്ചാണ് ഓസീസ് കപ്പുയര്‍ത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 45 ഓവറില്‍ 183ന് ഓള്‍ ഔട്ടായിരുന്നു. 186 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 32ാം ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

 

 

28 വര്‍ഷത്തിന്റെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ 2011ല്‍ അവസാനമായി ലോകകപ്പ് നേടിയത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിംഹളപ്പടയെ തോല്‍പിച്ചാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.

 

Content Highlight: Mitchell Marsh about 2023 World Cup final