| Wednesday, 28th February 2024, 10:11 am

റൂട്ടിന്റെ ബാറ്റിങ് ശൈലി അവരെപോലെയാണ്; വെളിപ്പെടുത്തലുമായി ഓസീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിന്റെ ക്രിക്കറ്റിലെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍.

റൂട്ടിന്റെ ബാറ്റിങ് ശൈലിയും സാങ്കേതികമികവും ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിന്റെയും മാര്‍നസ് ലബുഷാനെയെപോലെയുമാണെന്നാണ് മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞത്.

‘ഇംഗ്ലണ്ടിന്റെ ജോ റൂട്ട് കളിക്കളത്തില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷാനെ എന്നിവരെ പോലെയാണ്. അവന്‍ ഇംഗ്ലണ്ടിന്റെ മികച്ച താരമാണ്. ടീമിനായി റണ്‍സ് നേടാനായി റൂട്ട് കുറെ സമയം ക്രീസില്‍ തുടരണം,’ ജോണ്‍സണ്‍ പറഞ്ഞു.

റൂട്ട് കളിക്കളത്തില്‍ പരമ്പരാഗത രീതിയില്‍ കളിക്കണമെന്നും മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ നിര്‍ദേശിച്ചു.

‘റൂട്ട് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് ഒരിക്കലും ബേസ്‌ബോള്‍ കളിക്കേണ്ട ആവശ്യമില്ല കാരണം ഇംഗ്ലണ്ട് ടീമില്‍ ഒരുപാട് ആക്രമിച്ചു കളിക്കുന്ന താരങ്ങളുണ്ട്,’ മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനായി 2012ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ജോ റൂട്ട് 139 മത്സരങ്ങളില്‍ 256 ഇന്നിങ്‌സില്‍ നിന്നും 11626 റണ്‍സാണ് നേടിയത്. 49.7 ആണ് താരത്തിന്റെ ആവറേജ്.

അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഇന്ത്യ 3-1 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കിയിരുന്നു.

മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ധര്‍മശാലയാണ് വേദി.

Content Highlight:  Mitchell Johnson talks about Joe Root

We use cookies to give you the best possible experience. Learn more