ഓസ്‌ട്രേലിയയില്‍ വന്ന് വെല്ലുവിളിക്കുന്നോ, കളി അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി മിച്ചല്‍ ജോണ്‍സന്‍
Sports News
ഓസ്‌ട്രേലിയയില്‍ വന്ന് വെല്ലുവിളിക്കുന്നോ, കളി അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി മിച്ചല്‍ ജോണ്‍സന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd December 2024, 10:10 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ അപ്പര്‍ഹാന്‍ഡ് നേടിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക.

ആദ്യ മത്സരത്തിലെ നാടകീയമായ രംഗങ്ങളില്‍ ക്രിക്കറ്റ് ലോകം ആവേശത്തിലായിരുന്നു. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തന്റെ ബാറ്റിങ്ങിനിടയില്‍ പന്തെറിഞ്ഞ ഹര്‍ഷിത് റാണയെ സ്ലെഡ്ജ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

‘താങ്കളുടെ പന്തിന് തീരെ വേഗതയില്ല’ എന്നാണ് ജെയ്‌സ്വാള്‍ പറഞ്ഞത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ വന്ന് തങ്ങളെ വെല്ലുവിളിക്കുന്നതാണ് ജെയ്‌സ്വാളിന്റെ സ്ലെഡ്ജിങ് എന്നും രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ സമ്മര്‍ദത്തിലാക്കണമെന്നും പറയുകയാണ് മുന്‍ താരം മിച്ചല്‍ ജോണ്‍സന്‍.

‘പുറത്തുനിന്നുള്ള ഒരാളെന്ന നിലയില്‍, ഈ ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്ന് ഒരു പോരാട്ടം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ ഒരു യുവ ഓപ്പണിങ് ബാറ്റര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വളരെ പതുക്കെ ബൗള്‍ ചെയ്യുന്നുവെന്ന് പറഞ്ഞ് ഞങ്ങളുടെ ടര്‍ഫില്‍ ഞങ്ങളുടെ ടീമിന്റെ മുഖത്ത് കയറി സ്ലെഡ്ജിങ് ചെയ്യുന്നു,

ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര അവസാനിച്ചിട്ടില്ല, തീര്‍ച്ചയായും ഇത് പരിഭ്രാന്തരാകേണ്ട സമയമല്ല. എന്നാല്‍ വെള്ളിയാഴ്ച അഡ്ലെയ്ഡ് ഓവലില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഓസ്ട്രേലിയ നേരത്തെ തന്നെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യേണ്ടതുണ്ട്,’ ജോണ്‍സണ്‍ ദി വെസ്റ്റ് ഓസ്ട്രേലിയന്‍ എന്ന തന്റെ കോളത്തില്‍ എഴുതി.

യുവതാരം യശസ്വി ജെയ്സ്വാളിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ മികച്ച സ്‌കോറിലേക്കെത്തിയത്. ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ താരം രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് തിളങ്ങിയത്.

297 പന്തില്‍ നിന്നും 161 റണ്‍സാണ് ജെയ്സ്വാള്‍ അടിച്ചെടുത്തത്. 15 ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം. രണ്ടാം ടെസ്റ്റിലും താരം മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content Highlight: Mitchell Johnson Talking About Yashasvi Jaiswal’s Sledging