| Saturday, 17th September 2022, 5:54 pm

ഇന്ത്യ വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്, ഇങ്ങനെ പോയാല്‍ ലോകകപ്പില്‍ ഒന്നും നേടാന്‍ സാധിക്കില്ല; ഇന്ത്യക്ക് ഉപദേശവുമായി മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള 15 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പില്‍ നിന്ന് ചെറിയ മാറ്റം മാത്രം വരുത്തിയാണ് പുതിയ ടീമിനെ ഇറക്കിയിരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഓപ്പണറായി ആരിറങ്ങും എന്ന ചോദ്യം ശക്തമായി തന്നെ ഉയര്‍ന്നു വരുന്നുണ്ട്. അതേ സമയം ഇന്ത്യയുടെ ടീം തെരഞ്ഞെടുപ്പിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍.

ഇന്ത്യ നാല് പേസര്‍മാരെയാണ് ടീമിലേക്ക് പരിഗണിച്ചത്. ബാക്കപ്പ് പേസറായി മുഹമ്മദ് ഷമിയുമുണ്ട്. ഓസീസ് സാഹചര്യത്തില്‍ മികച്ച പേസര്‍മാര്‍ ഒപ്പമുണ്ടാകേണ്ടത് മത്സരത്തില്‍ പ്രധാനപ്പെട്ടതാണ്. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ഏറ്റവും മികച്ച പേസ് കരുത്തുള്ളവര്‍ക്കാണ് മുന്‍തൂക്കം.

‘ഒരു പേസ് ഓള്‍റൗണ്ടറും കുറച്ച് സ്പിന്നര്‍മാരും നാല് പേസ് ബൗളര്‍മാരും എന്നത് വലിയ സാഹസം തന്നെയാണ്. ഇന്ത്യ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരെയും പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയേയും രണ്ട് സ്പിന്നര്‍മാരേയും പരിഗണിച്ചിറങ്ങാനാണ് സാധ്യത. എന്നാല്‍ ഓസ്ട്രേലിയന്‍ സാഹചര്യത്തില്‍ തീര്‍ച്ചയായും മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍ ഒപ്പം വേണം. ചിലപ്പോള്‍ നാല് പേര്‍ വേണ്ടി വന്നേക്കാം. ഉദാഹരണമായി പെര്‍ത്തിലൊക്കെ പേസ് ബൗളര്‍മാരെ ആവശ്യമുണ്ട്. ഇന്ത്യക്ക് വ്യക്തമായ പദ്ധതികളുണ്ടായിരിക്കുമെന്നറിയാം. എന്നാല്‍ നാല് പേസര്‍മാരെ മാത്രം പരിഗണിച്ചത് സാഹസമാണെന്ന് പറയാതിരിക്കാനാവില്ല,’ -ജോണ്‍സണ്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ടി-20 ടീം സജ്ജീകരണത്തില്‍ ബുംറ മാത്രമാണ് 140ന് മുകളിലേക്ക് സ്ഥിരമായി പന്തെറിയാന്‍ കഴിയുന്ന താരം. എന്നാല്‍ ഒരു ശക്തമായ ബൗളിങ് യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള മാനദണ്ഡം പേസ് ആയിരിക്കില്ലെന്നും ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. യു.എ.ഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ ബുംറയുടെ അഭാവത്തില്‍ ബൗളിങ് ഡെപ്ത് കാരണം ഇന്ത്യ വിമര്‍ശിക്കപ്പെട്ടിരുന്നു അതേസമയം പാകിസ്ഥാന്‍ തങ്ങളുടെ എക്സ്പ്രസ് പേസ് ഉപയോഗിച്ച് ബാറ്റര്‍മാരെ ആഞ്ഞടിച്ച ബൗളര്‍മാരെക്കുറിച്ച് വീമ്പിളക്കുകയും ചെയ്തിരുന്നു.

ഇന്ത്യ മുഹമ്മദ് ഷമിയെ 15 അംഗ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഓസീസ് സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളില്ല. എന്നാല്‍ ഷമിയെപ്പോലെ മികച്ച വേഗവും സ്വിങ്ങും ബൗണ്‍സുമുള്ള ബൗളര്‍മാര്‍ക്ക് കാര്യമായി എന്തെങ്കിലും ചെയ്യാനാകും. അത്രയും അനുഭവ സമ്പത്തുണ്ടായിട്ടും ഷമിയെ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയത് വലിയ വിമര്‍ശനം നേരിട്ടിരുന്നു.

Content Highlight: Mitchell Johnson says Indian Bowling is Not upto the level

We use cookies to give you the best possible experience. Learn more