| Tuesday, 17th November 2015, 10:45 am

ആസ്‌ത്രേലിയന്‍ താരം മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തെ മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളായ ആസ്‌ത്രേലിയയുടെ മിച്ചല്‍ ജോണ്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. വ്യാഴാഴ്ച്ച നടക്കുന്ന ന്യൂസിലന്‍ഡുമായുള്ള രണ്ടാം ടെസ്റ്റിന് ശേഷമായിരിക്കും വിരമിക്കല്‍. 2007ല്‍ ടെസ്റ്റ് ക്രിക്കറ്റിലൂടെ അന്താരാഷ്ട്രക്രിക്കറ്റില്‍ അരങ്ങേറിയ ഈ 34 കാരനായ ഇടം കയ്യന്‍ ബോളര്‍ ഒരു പിടി സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ തന്റെ പേരില്‍ കുറിച്ചുകൊണ്ടാണ് ക്രിക്കറ്റിനോട് വിടപറയുന്നത്.

2009, 2014 വര്‍ഷങ്ങളിലെ ഐസിസി പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയിരുന്നു ഇദ്ദേഹം. ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനായ ജോണ്‍സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ 311 വിക്കറ്റുകളെടുത്തിട്ടുണ്ട്.

2013-14 വര്‍ഷത്തെ ആഷസ് പരമ്പര 5-0ന് ആസ്‌ത്രേലിയക്ക് തൂത്തുവാരാന്‍ സാധിച്ചത് മിച്ചല്‍ ജോണ്‍സനെന്ന താരത്തിന്റെ പ്രകടനത്തിന്റെ ബലത്തിലാണ്. 2015ല്‍ ആസ്‌ത്രേലിയയുടെ അഞ്ചാം ലോകകപ്പ് നേട്ടത്തിന് പിന്നിലും മിച്ചല്‍ ജോണ്‍സന് സുപ്രധാനപങ്കുണ്ട്. പന്ത്രണ്ടോളം ടെസ്റ്റ് മത്സരങ്ങളിലാണ് മിച്ചല്‍ ജോണ്‍സണ്‍ അഞ്ച് വിക്കറ്റുകളിലധികം സ്വന്തമാക്കിയിട്ടുള്ളത്.

ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ഇന്നിങ്‌സിലാണ് ജോണ്‍സണ്‍ തന്റെ 311ാം വിക്കറ്റ് നേടിയത്. ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, ഡെന്നിസ് ലില്ലീ എന്നീ ആസ്‌ത്രേലിയന്‍ വിക്കറ്റ് കൊയ്ത്ത് താരങ്ങള്‍ക്ക് തൊട്ടു പിന്നിലാണ് ഇപ്പോള്‍ ഇദ്ദേഹം.

അതേസമയം 153 ഏകദിന മത്സരങ്ങളിലായി 239 റണ്‍സും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 38 അന്താരാഷ്ട്ര ടി ട്വന്റി മത്സരങ്ങളിലായി 30 വിക്കറ്റുകളും ജോണ്‍സന്റെ പേരിലുണ്ട്. ബാറ്റ്‌സമാനെന്ന നിലയിലും ഒരു ഓള്‍ റൗണ്ടര്‍ എന്ന് വിളിക്കാവുന്ന പ്രകടനം ജോണ്‍സണ്‍ കാഴ്ച്ചവെച്ചിട്ടുണ്ട്.  ടെസ്റ്റ് മത്സരങ്ങളില്‍ റണ്‍ ഔട്ട് ആകാതെ നേടിയ 123 റണ്‍സ് അടക്കം 2,036 റണ്‍സും ഏകദിനത്തില്‍ 951 റണ്‍സും ജോണ്‍സന്‍ സ്വന്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more