ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍.
ഈ മാസം അവസാനം നടക്കുന്ന പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ വാര്‍ണര്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജോണ്‍സന്റെ പ്രതികരണം.
ഡേവിഡ് വാര്‍ണര്‍ക്ക് എന്തുകൊണ്ടാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിടവാങ്ങല്‍ മത്സരം ലഭിക്കുന്നതെന്നും പന്ത് ചുരണ്ടല്‍ വിവാദം വാര്‍ണര്‍ അത്ര കാര്യമായി എടുത്തിട്ടില്ലെന്നുമാണ് മിച്ചല്‍ ജോണ്‍സന്‍ പറഞ്ഞത്.
‘കളിയെക്കാളും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെക്കാളും താനാണ് വലുതെന്ന് വാര്‍ണര്‍ കരുതുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വാര്‍ണര്‍ ഒരിക്കലും തന്റെ തെറ്റ് അംഗീകരിച്ചിട്ടില്ല. ഓസ്‌ട്രേലിയന്‍ ടീമിന്റെ നിബന്ധനങ്ങള്‍ പ്രകാരം ടീമില്‍ നിന്നും വിട്ടുനിന്നത് നമ്മുടെ രാജ്യത്തോട് വാര്‍ണര്‍ കാണിക്കുന്ന അഹങ്കാരവും അനാദരവുമാണ്,’ ജോണ്‍സണ്‍ ദി വേസ്റ്റ് ഓസ്ട്രേലിയയില്‍ കുറിച്ചു.
2018 കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കെതിരെ നടന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലാണ് ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും പന്തില്‍ സാന്റ്‌പേപ്പര്‍ ഉപയോഗിച്ച് കൃത്രിമം കാണിച്ചത്. ഇതിന് പിന്നാലെ ക്രിക്കറ്റ് ഓസ്ട്രിയ താരങ്ങളെ വിലക്കിയിരുന്നു.
അതേസമയം ഡേവിഡ് വാര്‍ണര്‍ പാക്കിസ്ഥാനെതിരെ സിഡ്‌നിയില്‍ നടക്കുന്ന അവസാന മത്സരത്തോടുകൂടി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ സാധ്യതകളുണ്ട്.
ഡിസംബര്‍ 14നാണ് പാകിസ്താനും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടക്കുക.
Content Highlight: Mitchell Johnson criticize David Warner.