2023 ലോകകപ്പിലെ 27ാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഓസീസ് ആദ്യ നാലില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഓസീസ് കിവികളെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.2 ഓവറില്‍ 388 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ അവസാന പന്ത് വരെ പിടിച്ചുനിന്നെങ്കിലും അഞ്ച് റണ്‍സകലെ കാലിടറി വീഴുകയായിരുന്നു. അവസാന പന്തില്‍ വിജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ മിച്ചല്‍ സ്റ്റാര്‍ക് പന്ത് ഡോട്ടാക്കി മാറ്റുകയായിരുന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 383 റണ്‍സാണ് കിവികള്‍ നേടിയത്.
ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരു കിവി താരത്തെ മടക്കിയപ്പോള്‍ ജിമ്മി നീഷം റണ്‍ ഔട്ടായും മടങ്ങി.
സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഒമ്പത് ഓവറില്‍ 89 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക് വിക്കറ്റ് ലെസ്സായി ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
ഇതോടെ സ്റ്റാര്‍ക്കിന്റെ കരിയറിലെ ഐതിഹാസിക ബൗളിങ് പ്രകടനത്തിനും അന്ത്യമായിരിക്കുകയാണ്. ഇതാദ്യമായാണ് സ്റ്റാര്‍ക് ഒരു ലോകകപ്പ് മാച്ചില്‍ വിക്കറ്റ് നേടാതെ മടങ്ങുന്നത്. 2015ല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ആരംഭിച്ച സ്റ്റാര്‍ക്, പന്തെറിഞ്ഞ എല്ലാ മത്സരത്തിലും വിക്കറ്റ് നേടിയിരുന്നു.
2023 ലോകകപ്പില്‍ ഇതിന് മുമ്പ് കളിച്ച മത്സരത്തില്‍ നിന്നുമായി ഏഴ് വിക്കറ്റാണ് സ്റ്റാര്‍ക് സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കക്കും ശ്രീലങ്കക്കും എതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്, ഇന്ത്യ, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകള്‍ക്കെതിരെ ഓരോ വിക്കറ്റും വീഴ്ത്തി.
24 ലോകകപ്പ് മത്സരത്തില്‍ നിന്നും 56 വിക്കറ്റാണ് സ്റ്റാര്‍ക് സ്വന്തമാക്കിയത്. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനും ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഒന്നാമനുമാണ്.
18.37 എന്ന ആവറേജിലും 21.87 എന്ന സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന സ്റ്റാര്‍ക് നാല് വിക്കറ്റ് നേട്ടം മൂന്ന് തവണയും അഞ്ച് വിക്കറ്റ് നേട്ടം മൂന്ന് തവണയും നേടിയിട്ടുണ്ട്. 2015ല്‍ ന്യൂസിലാന്‍ഡിനെതിരെ 28 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് ലോകകപ്പിലെ സ്റ്റാര്‍ക്കിന്റെ മികച്ച ബൗളിങ് പ്രകടനം.
സ്റ്റാര്‍ക്കിന് വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയെങ്കിലും ലോകകപ്പിലെ നാലാം വിജയത്തില്‍ ആരാധകര്‍ ഹാപ്പിയാണ്. ആദ്യ രണ്ട് മത്സരത്തില്‍ പരാജയപ്പെടുകയും ഒരുവേള പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് വരെ എത്തുകയും ചെയ്ത കങ്കാരുക്കളുടെ ഗംഭീര തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്.
നംവബര്‍ നാലിനാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഓസീസിന്റെ അടുത്ത മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.
Content Highlight: Mitchel Starc goes wicketless for the first time in World Cup