ഇഷാന്റെ തലയരിഞ്ഞ ആ പന്ത് ചെന്നിറങ്ങിയത് വേള്‍ഡ് കപ്പ് റെക്കോഡിലേക്ക്; വശ്യം മനോഹരം മിച്ചല്‍ സ്റ്റാര്‍ക്
icc world cup
ഇഷാന്റെ തലയരിഞ്ഞ ആ പന്ത് ചെന്നിറങ്ങിയത് വേള്‍ഡ് കപ്പ് റെക്കോഡിലേക്ക്; വശ്യം മനോഹരം മിച്ചല്‍ സ്റ്റാര്‍ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th October 2023, 7:53 pm

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 200 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ചയായിരുന്നു നേരിടേണ്ടി വന്നത്. ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ ഛിന്നഭിന്നമാക്കിയാണ് ഓസീസ് ബൗളര്‍മാര്‍ ചെപ്പോക്കില്‍ ആറാടിയത്.

സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്ന് മുന്‍നിര ഇന്ത്യന്‍ വിക്കറ്റുകളാണ് നിലംപൊത്തിയത്. ഇഷാന്‍ കിഷന്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായത്. മൂവരും പൂജ്യത്തിനായിരുന്നു പുറത്തായത്.

ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആദ്യ ഓവറിലെ നാലാം പന്തിലായിരുന്നു കിഷന്‍ പുറത്തായത്. ഗോള്‍ഡന്‍ ഡക്കായാണ് ഇന്ത്യന്‍ ഓപ്പണര്‍ മടങ്ങിയത്.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ കിഷന് പവലിയനിലേക്ക് തിരിച്ചുനടന്നത്.

ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്റ്റാര്‍ക്കിനെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ വേഗത്തില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡാണ് സ്റ്റാര്‍ക് സ്വന്തമാക്കിയത്. തന്റെ 19ാം ലോകകപ്പ് മത്സരത്തിലാണ് സ്റ്റാര്‍ക് ഈ നേട്ടം സ്വന്തമാക്കിയത്.

നേരത്തെ ഈ റെക്കോഡ് കയ്യടക്കി വെച്ചിരുന്ന ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗയെ ഏറെ പിന്നിലാക്കിക്കൊണ്ടാണ് സ്റ്റാര്‍ക് വേള്‍ഡ് കപ്പ് റെക്കോഡ് തന്റെ പേരിലെഴുതിച്ചേര്‍ത്തത്. തന്റെ 25ാം ലോകകപ്പ് മത്സരത്തിലാണ് മലിംഗ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിന് പുറമെ ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരം എന്ന റെക്കോഡ് സ്വന്തമാക്കാനും സ്റ്റാര്‍ക്കിനായി.

ലോകകപ്പില്‍ 50 വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – രാജ്യം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ – 74

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 68

ലസിത് മലിംഗ – ശ്രീലങ്ക – 56

വസീം അക്രം – പാകിസ്ഥാന്‍ – 55

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 50*

 

4.59 എന്ന എക്കോണമിയിലും 14.64 എന്ന ശരാശരിയിലും 19.10 എന്ന സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന സ്റ്റാര്‍ക്കിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം 28 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ്.

അതേസമയം, സ്റ്റാര്‍ക് ഇഷാനെ മടക്കിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ശ്രേയസ് അയ്യരെയും പുറത്താക്കിയാണ് ജോഷ് ഹെയ്‌സല്‍വുഡ് കരുത്ത് കാട്ടിയത്. രണ്ടാം ഇന്നിങ്‌സിലെ രണ്ടാം ഓവര്‍ ഡബിള്‍ വിക്കറ്റ് മെയ്ഡനാക്കിയാണ് ഹെയ്‌സല്‍വുഡ് ഇന്ത്യക്ക് ഇരട്ട പ്രഹരമേല്‍പിച്ചത്.

ഓസീസിന്റെ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 15 ഓവറില്‍ 49 റണ്‍സിന് അഞ്ച് എന്ന നിലയിലാണ്. 51 പന്തില്‍ 31 റണ്‍സ് നേടിയ വിരാട് കോഹ് ലിയും 29 പന്തില്‍ 15 റണ്‍സ് നേടിയ കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

 

Content highlight: Mitchel Starc becomes the fastest 50 wickets taker in World Cup