ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ആധികാരിക വിജയം സ്വന്തമാക്കി ആതിഥേയര്‍ പരമ്പര പിടിച്ചെടുത്തിരുന്നു. റായ്പൂരിലെ വീര്‍ ഷഹീദ് നാരായണ്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബൗളര്‍മാരുടെ മികവില്‍ കിവീസിനെ 108 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 29.5 ഓവര്‍ ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി തികച്ച് തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടേയിരുന്നു. 50 പന്തില്‍ നിന്നും ഏഴ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 51 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. സഹ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ പുറത്താവാതെ 40 റണ്‍സ് നേടി.
ഹൈദരാബാദില്‍ വെച്ച് നടന്ന കഴിഞ്ഞ ഏകദിനത്തിലേതെന്ന പോലെ വിരാട് കോഹ്‌ലിക്ക് ഈ മത്സരത്തിലും താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒമ്പത് പന്തില്‍ നിന്നും 11 റണ്‍സ് നേടിയാണ് വിരാട് പുറത്തായത്.
മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥം വിരാടിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും വിരാടിനെ പുറത്താക്കിയത് സാന്റ്‌നര്‍ തന്നെയായിരുന്നു. രണ്ടാം ഏകദിനത്തിലേതടക്കം മൂന്ന് തവണയാണ് വിരാട് സാന്റ്‌നറിന് മുമ്പില്‍ വീണത്.
ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ സഞ്ജയ് ബാംഗറിന് സാന്റ്‌നറിനെ കുറിച്ചും അവന്റെ സ്പിന്‍ തന്ത്രങ്ങളെ കുറിച്ചും അല്‍പം ബോധ്യം വന്ന് കാണണം. മിച്ചല്‍ സാന്റ്‌നറിനെ കൊണ്ട് വിരാടിനെ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു ബാംഗര്‍ പറഞ്ഞത്.
‘ഇഷ് സോധിയെ കുറിച്ചും സാന്റ്നറിനെ കുറിച്ചും സംസാരിക്കാതിരിക്കൂ, കാരണം ഏഷ്യാ കപ്പില്‍ വിരാട് റാഷിദ് ഖാനോട് ചെയ്തത് എന്താണെന്ന് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇക്കഴിഞ്ഞ ഏകദിനത്തില്‍ വാനിന്ദു ഹസരങ്കയും മഹീഷ് തീക്ഷണയും അവര്‍ക്കാവുന്നതൊക്കെ ചെയ്തിട്ടും അവന് മുമ്പില്‍ പരാജയപ്പെടുകയായിരുന്നു.
അവന്‍ കാലുപയോഗിച്ചാണ് സ്പിന്നര്‍മാര്‍ക്കെതിരെ ആക്രമണത്തിന് കോപ്പുകൂട്ടുന്നത്. അവന് ബാക്ക് ഫൂട്ടിലേക്കിറങ്ങി ഗ്യാപ്പുകളിലൂടെ റണ്‍ നേടാന്‍ സാധിക്കും.
അവന്‍ കരിയറിലുടനീളം സ്പിന്നര്‍മാര്‍ക്കെതിരെ കളിച്ചതില്‍ നിന്നും മാറ്റം വന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടു തന്നെ സാന്റ്നറിന്റെയും സോധിയുടെും കാര്യത്തില്‍ എനിക്ക് അത്ര പ്രതീക്ഷകളില്ല,’ എന്നായിരുന്നു ബാംഗര്‍ പരമ്പര തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ സാന്റ്‌നറിന്റെ മികവിനെ അംഗീകരിച്ച് പഴയ പ്രസ്താവന തിരുത്തേണ്ട അവസ്ഥയിലാണ് ബാംഗറിപ്പോള്‍.
ആദ്യ മത്സരത്തില്‍ വിരാടിന് എട്ട് റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചരുന്നതെങ്കില്‍ രണ്ടാം മത്സരത്തില്‍ താരം 11 റണ്‍സ് നേടിയിട്ടുണ്ട്. ഹൈദരാബാദില്‍ വെച്ച് നടന്ന മത്സരത്തില്‍ സാന്റ്‌നര്‍ വിരാടിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നെങ്കില്‍ റായ്പൂരില്‍ ടോം ലാഥമിന്റെ സഹായത്തോടെയായിരുന്നു വിരാടിനെ പുറത്താക്കിയത്.
മൂന്നാം മത്സരത്തിലും വിരാടിനെ പുറത്താക്കി ഹാട്രിക് തികയ്ക്കാന്‍ സാന്റ്‌നര്‍ ഒരുങ്ങുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ തന്നെയാകും വിരാടും ശ്രമിക്കുക.
Content Highlight: Mitchel Santner once again dismissed Virat Kohli