'ഫൈനലില്‍ ഓസീസ് 450/2, ഇന്ത്യ 65ന് ഓള്‍ ഔട്ട്; ഓസീസിന് ആറാം കിരീടം'
icc world cup
'ഫൈനലില്‍ ഓസീസ് 450/2, ഇന്ത്യ 65ന് ഓള്‍ ഔട്ട്; ഓസീസിന് ആറാം കിരീടം'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th November 2023, 7:36 am

ലോകകപ്പ് ഫൈനല്‍ മത്സരങ്ങളുടെ ആവേശങ്ങളിലേക്കാണ് ക്രിക്കറ്റ് ലോകം കാലെടുത്ത് വെക്കുന്നത്. നവംബര്‍ 19ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്.

സ്വന്തം മണ്ണില്‍, സ്വന്തം കാണികളുടെ മുമ്പില്‍ നീണ്ട പത്ത് വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ ചരിത്രത്തിലെ ആറാം കിരീടമാണ് കങ്കാരുക്കള്‍ ലക്ഷ്യം വെക്കുന്നത്. തുല്യശക്തികളുടെ പോരാട്ടത്തില്‍ ജയവും പരാജയവും അപ്രവചനീയമാണ്.

എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്ക് വമ്പന്‍ ജയം പ്രവചിക്കുകയാണ് ഓസീസ് സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സത്തില്‍ 385 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം ഓസീസ് നേടുമെന്ന മാര്‍ഷിന്റെ പ്രവചനമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

മത്സരത്തില്‍ ഓസീസ് ആദ്യം ബാറ്റ് ചെയ്യുമെന്നും 450 റണ്‍സ് നേടുമെന്നും മറുപടി ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യ 65 റണ്‍സിന് പുറത്താകുമെന്നുമാണ് മാര്‍ഷിന്റെ പ്രവചനം.

ഐ.പി.എല്‍ 2023നിടയിലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് പോഡ്കാസ്റ്റിലായിരുന്നു മാര്‍ഷിന്റെ ‘ഏര്‍ളി പ്രഡിക്ഷന്‍’.

‘ഓസ്‌ട്രേലിയ അപരാജിതരായി തുടരും. അവര്‍ ഇന്ത്യയെ ഫൈനലില്‍ പരാജയപ്പെടുത്തും. ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 450 റണ്‍സ് നേടുമ്പോള്‍ ഇന്ത്യ 65 റണ്‍സിന് ഓള്‍ ഔട്ടാകും,’ എന്നായിരുന്നു മാര്‍ഷ് പറഞ്ഞത്.

എട്ടാം ഫൈനലില്‍ കളിക്കുന്ന ഓസ്‌ട്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് ഓസീസ് ലോക ചാമ്പ്യന്‍മാരായത്. സമീപ കാലങ്ങളിലായി ടി-20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയ കങ്കാരുക്കള്‍ വീണ്ടും മറ്റൊരു കിരീടമാണ് ലക്ഷ്യമിടുന്നത്.

അതേസമയം, നാലാം ഫൈനലിനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. 1983, 2011 വര്‍ഷങ്ങളില്‍ കിരീടം നേടിയ ഇന്ത്യ 2003ല്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. ഏറെ കാലമായി ഐ.സി.സിയുടെ ഒരു മേജര്‍ ടൂര്‍ണമെന്റിലും ജയിക്കാന്‍ സാധിക്കാത്ത ഇന്ത്യയെ സംബന്ധിച്ച് ഈ അവസരം ഏറെ നിര്‍ണായകമാണ്.

 

2013ല്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ശേഷം ഒരു ലോക കിരീടം പോലും ഇന്ത്യക്ക് നേടാന്‍ സാധിച്ചിട്ടില്ല. ലോകകപ്പുകളുടെ നോക്ക് ഔട്ട് സ്‌റ്റേജില്‍ പുറത്തായും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പരാജയപ്പെട്ടും പടിക്കല്‍ കലമുടയ്ക്കുന്ന ഇന്ത്യ ഇത്തവണ ആ പതിവിന് വിരാമമിടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

 

Content Highlight: Mitchel Marsh predicts Australia will win 2023 world cup