| Monday, 12th August 2019, 8:25 pm

'അമിത്ഷാ മനപൂര്‍വ്വം കേരളം സന്ദര്‍ശിച്ചില്ല'; മഹാരാഷ്ട്ര മാത്രം സന്ദര്‍ശിച്ചത് ബി.ജെ.പി ഭരിക്കുന്നതിനാലെന്നും സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ പക്ഷഭേതം കാട്ടിയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ മാത്രം അമിത്ഷാ സന്ദര്‍ശിച്ചെന്നും മഴക്കെടുതി സാരമായി ബാധിച്ച കേരളം അദ്ദേഹം മനപൂര്‍വ്വം ഒഴിവാക്കിയെന്നും യെച്ചൂരി ആരോപിച്ചു.

നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടത്തില്‍ ആശങ്കയറിയിച്ചുകൊണ്ട്
സി.പി.ഐ.എം പ്രസ്താവന ഇറക്കിയിരുന്നു.

ഇതില്‍ ആര്‍.എസ്.എസ്, ബി.ജെ.പി തുടങ്ങിയവരുമായി ബന്ധപ്പെട്ടുകിടക്കുന്ന ചില സംഘടനകള്‍ സൗമൂഹ്യമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്ന തരത്തിലുള്ള ക്യാമ്പയില്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ചിരുന്നു.

അതേസമയം ദുരിതാശ്വാസഫണ്ടിലേക്ക് തുക ലഭിക്കുന്നതില്‍ നല്ല പ്രതികരണമാണ് ഇതുവരെയും ലഭിച്ചത്.
ഇന്നലെ 90 ലക്ഷം രൂപയ്ക്ക് മേല്‍ ആണ് ലഭിച്ചതെങ്കില്‍ ഇന്ന് വൈകുന്നേരം നാല് മണി ആകുമ്പോഴേക്കും ഒരു കോടി രൂപ കവിഞ്ഞിരുന്നു. കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞ് ദുരിതാശ്വാസ നിധിയിലേക്ക് തന്നെ പണം നല്‍കണമെന്ന് സെലിബ്രിറ്റികളടക്കം അഭ്യര്‍ത്ഥിച്ചിരുന്നു.

‘പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല, എന്ന് പറഞ്ഞാണ് ബിജിപാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നീ സിനിമാ പ്രവര്‍ത്തകരെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

We use cookies to give you the best possible experience. Learn more