| Monday, 2nd December 2019, 2:12 pm

മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ ഫഡ്‌നാവിസും ബി.ജെ.പിയും ക്രമിനലുകളാണെന്ന് സഞ്ജയ് റാവത്ത്; ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുക ബി.ജെ.പി സംസ്‌ക്കാരമെന്ന് കെ.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്ന ബി.ജെ.പി എം.പി അനന്ദ് കുമാര്‍ ഹെഗ്ഡെയുടെ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുക എന്നത് ബി.ജെ.പിയുടെ സംസ്‌ക്കാരമാണെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയില്‍ നടക്കുന്ന കാര്യങ്ങളെല്ലാം അറിയുന്ന ആളാണ് ഹെഗ്‌ഡെയെന്നും ഹെഗ്‌ഡെയുടെ വെളിപ്പെടുത്തല്‍ ഗുരുതരമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ഇത് കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമല്ല. എന്നാല്‍ ബി.ജെ.പിയുടേതാണ്. ഉപതെരഞ്ഞെടുപ്പാകുമ്പോള്‍ ഓരോ മണ്ഡലത്തിലും പണം ഒഴുക്കുന്നത് കാണാം? എവിടെ നിന്നാണ് ഈ പണം വരുന്നത്? ദുരിതത്തില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് ബി.ജെ.പി സഹായം നല്‍കാറില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവര്‍ പണം വാരിയെറിയുന്നത് കാണാണം.

ബി.ജെ.പിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്ന ആളാണ് ഹെഗ്‌ഡെ. ബി.എസ് യെദിയൂരപ്പ സര്‍ക്കാര്‍ എങ്ങനെയാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രിയായതെന്ന് അദ്ദേഹത്തിന് അറിയാം. ഭൂരിപക്ഷമില്ലാതിരുന്ന പാര്‍ട്ടി എങ്ങനെ അധികാരത്തിലെത്തിയെന്ന് ഹെഗ്‌ഡെക്ക് അറിവുള്ളതാണ്. -വേണുഗോപാല്‍ പറഞ്ഞു.

അതേസമയം ഫഡ്‌നാവിസ് സര്‍ക്കാര്‍ കാണിച്ചത് ചതിയാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ ഫഡ്‌നാവിസും ബി.ജെ.പിയും ക്രിമിനലുകളായെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കുമെന്നും റാവത്ത് പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ അനന്ദ് കുമാര്‍ ഹെഗ്ഡെയുടെ ആരോപണം നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു.

ഒരു പണവും കേന്ദ്രത്തിലേക്ക് തിരിച്ചയച്ചിട്ടില്ലെന്നും കാവല്‍ മുഖ്യമന്ത്രിയായി തുടര്‍ന്നപ്പോള്‍ പോലും അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നുമായിരുന്നു ഫഡ്‌നാവിസ് പറഞ്ഞത്.

ഫഡ്‌നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്നാണ് അനന്ദ് കുമാര്‍ ഹെഗ്ഡെ ആരോപിച്ചത്. ശിവസേന നയിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും ഹെഗ്ഡെ പറഞ്ഞിരുന്നു.

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫഡ്നാവിസിന്റെ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more