| Thursday, 23rd August 2018, 8:32 pm

മിസ്റ്റര്‍ 56, 'നമ്മുടെ പെണ്‍മക്കള്‍ക്കു നീതി' എന്നതുകൊണ്ട് നിങ്ങളെന്താണുദ്ദേശിക്കുന്നത്?: മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉന്നാവോ കേസിലെ മുഖ്യസാക്ഷിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉന്നാവോ കേസിലെ സാക്ഷിയുടെ പെട്ടന്നുള്ള മരണവും ഒട്ടോപ്‌സി പോലും നടത്താതെ ധൃതിപ്പെട്ടുള്ള സംസ്‌കാരവും ഗൂഡാലോചനയുടെ സംശയമുണ്ടാക്കുന്നുവെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ബി.ജെ.പി. എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറും ഉള്‍പ്പെട്ടിട്ടുള്ള കേസാണിതെന്നും സാക്ഷിയുടെ മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും രാഹുല്‍ പറയുന്നു. പ്രധാനമന്ത്രിയ്‌ക്കെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആഞ്ഞടിക്കുന്നുണ്ട്. “മിസ്റ്റര്‍ 56, “നമ്മുടെ പെണ്‍മക്കള്‍ക്കു നീതി” എന്ന നിങ്ങളുടെ ആശയത്തിന്റെ അര്‍ത്ഥമെന്താണ്” എന്നു ചോദിച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.

ഉന്നാവോ പോലെയുള്ള ബലാത്സംഗക്കേസുകള്‍ സമൂഹത്തെ ലജ്ജിപ്പിക്കുന്നെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മോദി മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടാണ് രാഹുല്‍ മോദിയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉന്നാവോയില്‍ സെന്‍ഗാര്‍ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പിതാവിനെ സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗ് തല്ലിച്ചതയ്ക്കുകയും തുടര്‍ന്ന് ഏപ്രില്‍ 8ന് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിയ്ക്കു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിയ്ക്കുകയുമായിരുന്നു. പിതാവ് അടുത്ത ദിവസം മരിയ്ക്കുകയായിരുന്നു.

പിതാവിനെ മര്‍ദ്ദിക്കുന്നത് നേരില്‍ കണ്ടയാള്‍ കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മറവു ചെയ്ത മൃതശരീരം പുറത്തെടുത്ത് ഒട്ടോപ്‌സി ചെയ്യണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more