അറബിക്കടല്‍ കിഴക്കോ പടിഞ്ഞാറോ? പത്താം ക്ലാസ് പാഠപുസ്തകങ്ങളില്‍ തെറ്റുകളുടെ പെരുമഴ
Kerala
അറബിക്കടല്‍ കിഴക്കോ പടിഞ്ഞാറോ? പത്താം ക്ലാസ് പാഠപുസ്തകങ്ങളില്‍ തെറ്റുകളുടെ പെരുമഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2013, 12:50 am

[]തിരുവനന്തപുരം: പത്താംക്ലാസിലേക്ക് കാലെടുത്ത വെച്ച വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റുകള്‍ പഠിച്ചുകൂട്ടാനാണ് ഇത്തവണത്തെ യോഗം.

എസ്.സി.ഇ.ആര്‍.ടി. തയാറാക്കി പത്താംക്ലാസ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന ചരിത്ര, ഭൂമി ശാസ്ത്ര പുസ്തകങ്ങളിലാണ് കൂട്ടത്തെറ്റുകളുടെയും ആശയ വൈരുദ്ധ്യത്തിന്റേയും ഘോഷയാത്ര. []

ചരിത്ര പുസ്തകത്തിലെ ശരി ഭൂമിശാസ്ത്ര പുസ്തകത്തില്‍ തെറ്റാകും. അതുപോലെ തിരിച്ചും.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കാണ് അറബിക്കടല്‍ എന്നാണ് ജ്യോഗ്രഫി പാഠപുസ്തകത്തിലുള്ളത്. (പേജ് 58). എന്നാല്‍ പാഠഭാഗത്തിനൊപ്പം ചേര്‍ത്തിട്ടുള്ള മാപ്പില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറേക്ക് അറബിക്കടല്‍ ഒഴുകിമാറിയിട്ടുണ്ടെന്നത് വ്യക്തമാക്കുന്നു.

ഇതേ ജ്യോഗ്രഫി പുസ്തകത്തില്‍ ആനമുടിയുടെ ഉയരം 2005 മീറ്റര്‍ എന്നും പറയുന്നു. 2695 മീറ്ററാണ് യഥാര്‍ഥ ഉയരമെന്ന് പഠിച്ചെങ്കില്‍ അത് മറന്നുകളയുന്നതാവും നന്നാവുക.

62 ാം പേജില്‍ നംഗപര്‍വതത്തിന്റെ ഉയരം 8216 മീറ്റര്‍ ആണെന്ന് പറയുന്നു. 8126 മീറ്റര്‍ എന്ന ശരിഉയരം അറിയുന്നവര്‍ മനസില്‍ വെച്ചാല്‍ മതി.

ചരിത്ര പാഠപുസ്തകത്തില്‍ 108ാം പേജില്‍ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റ് ബ്രിട്ടന്റെ സഹകരണത്തോടെ തുടങ്ങിയെന്ന് പറയുന്നു. ജ്യോഗ്രഫി 93 ാം പേജില്‍ ബ്രിട്ടന് പകരം  ജര്‍മനിയാണെന്നാണ് പറയുന്നത്.

ഗാട്ട്കരാറുമായി ബന്ധപ്പെട്ട ഉറുഗ്വേ റൗണ്ട് 1986 ല്‍ നടന്നുവെന്ന് ജ്യോഗ്രഫിയിലും (പേജ് 165) 1994 ല്‍ എന്ന് ഹിസ്റ്ററിയിലും (പേജ് 174) പറയുന്നു.

ലോകബാങ്ക് സ്ഥാപിച്ചത് ജ്യോഗ്രഫി ക്ലാസില്‍ 1945 എന്നും ഹിസ്റ്ററി ക്ലാസില്‍ 1944 (പേജ് 172) എന്നുമാണ് പുസ്തകം പ്രകാരം പഠിപ്പിക്കേണ്ടി വരിക.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ രൂപവത്കരിച്ചത് 1962 ല്‍ എന്നാണ് ചരിത്ര പാഠപുസ്തകത്തില്‍ (പേജ് 111). ഫിസിക്‌സ് പുസ്തകത്തില്‍ ഇത് 1969 എന്ന് ശരിയായി നല്‍കിയിട്ടുണ്ട്.

ഉത്തരമഹാസമതലം നാലായി വിഭജിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ പുസ്തകത്തിലേക്ക് വരുമ്പോള്‍ അത് രണ്ടായി ചുരുങ്ങുന്നു.

ഭരണ ഘടനയുടെ അംഗീകാരമുള്ള ഭാഷകള്‍ ചരിത്ര പാഠപുസ്തകത്തില്‍ ഇപ്പോഴും 21 മാത്രമാണ്. ശരി 22 ഉം. ആഫ്രിക്കയുടെ വിസ്തീര്‍ണം ജ്യോഗ്രഫി പാഠപുസ്തകത്തില്‍ (പേജ് 47) 3033500 ചതുരശ്ര കിലോമീറ്റര്‍ മാത്രം. അച്ചടിപ്പിശകുമൂലം ഒരു പൂജ്യം കുറഞ്ഞുപോയിരിക്കുന്നു.

കഴിഞ്ഞവര്‍ഷം തന്നെ ഇതേ തെറ്റുകള്‍ രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും തിരുത്താന്‍ എസ്.സി.ഇ.ആര്‍.ടി യോ വിദ്യാഭ്യാസ വകുപ്പോ തയാറായില്ല.

ഇത്തവണയും കൂട്ടത്തെറ്റുകള്‍ നിറഞ്ഞ പുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. അതേസമയം മലയാളം മീഡിയത്തില്‍ ഇതേ പുസ്തകങ്ങളില്‍ തെറ്റുകള്‍ ഒന്നുമില്ല.