| Friday, 23rd October 2020, 7:58 pm

ഞങ്ങള്‍ കശ്മീരിനെ ഉപേക്ഷിച്ചെന്ന് കരുതുന്നവര്‍ക്ക് തെറ്റി, കവര്‍ന്നെടുത്തത് എന്നായാലും തിരികെ നല്‍കേണ്ടി വരും; ശക്തമായ മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവിക്കു വേണ്ടിയുള്ള പോരാട്ടം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഫബൂബ മുഫ്തി.

‘ഞങ്ങള്‍ കശ്മീരിനെ ഉപേക്ഷിച്ചെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി,’ മെഹബൂബ മുഫ്തി പറഞ്ഞു.
‘ ഒരു കൊള്ളക്കാരന്‍ ശക്തനായിരിക്കാം. പക്ഷെ കവര്‍ന്നെടുത്തത് അയാള്‍ക്ക് തിരികെ നല്‍കേണ്ടി വരും. അവര്‍ നമ്മുടെ ഭരണഘടന പൊളിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ പാര്‍ലമെന്റിന് അധികാരമില്ല,’ മെഹബൂബ മുഫ്തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സ്വേഛാധിപത്യം അധികകാലം തുടരില്ലെന്നും പി.ഡിപി നേതാവ് പറഞ്ഞു. ‘ ആവശ്യം നേടിയെടുക്കാനായി ഞങ്ങളുടെ നേതാക്കളുടെ ചോര വീഴണമെന്നാണെങ്കില്‍ ആദ്യം മുന്നോട്ട് വരുന്നത് ഞാനായിരിക്കും,ഇപ്പോഴത്തെ ഇന്ത്യയില്‍ ഞങ്ങള്‍ സംതൃപ്തരല്ല,’ മെഹബൂബ മുഫ്തി പറഞ്ഞു.

ഒക്ടോബര്‍ 13 നാണ് മെഹബൂബ മുഫ്തി തടങ്കലില്‍ നിന്ന് മോചിതയായത്. ഒരു വര്‍ഷത്തിലേറെയാണ് മുഫ്തി തടങ്കലില്‍ കഴിഞ്ഞത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ജൂലൈയില്‍ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടിയിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലാണ്. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വീട്ടിലുമായി തടവിലാക്കുകയായിരുന്നു.

പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരമാണ് പിന്നീട് തടങ്കല്‍ കാലാവധി നീട്ടിയെതെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെയാണ് തടങ്കലിലാക്കിയത്. മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഒമര്‍ അബ്ദുള്ളയുടെയും തടങ്കല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: “Mistaken To Think We Have Abandoned Kashmir” says Mehbooba Mufti

We use cookies to give you the best possible experience. Learn more