| Friday, 11th May 2018, 6:15 pm

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് വ്യാജസന്ദേശം; തമിഴ്നാട്ടില്‍ രണ്ടു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ:കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന വ്യാജ സന്ദേശത്തെതുടര്‍ന്ന് തമിഴ്നാട്ടില്‍ രണ്ടു പേരെ ജനക്കൂട്ടം കൊലപ്പെടുത്തി. പുറത്തുനിന്നെത്തിയവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന രീതിയിലുള്ള വ്യാജസന്ദേശങ്ങളില്‍ വിശ്വസിച്ചവരാണു രണ്ടു പേരെ അക്രമിച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച പുലിക്കട്ടില്‍ യുവാവിനെ ഒരു സംഘം തല്ലിക്കൊന്ന ശേഷം പാലത്തില്‍നിന്നു താഴേക്കു തൂക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതിലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇതേ കുറ്റമാരോപിച്ചാണ് തിരുവണ്ണാമലൈ ജില്ലയില്‍ അഞ്ഞൂറോളം പേര്‍ ചേര്‍ന്ന് മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെയുള്ള അഞ്ചു പേര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചത്. ചോദ്യം ചെയ്ത ശേഷം കാര്‍ തലകീഴെ മറിച്ചിടുകയായിരുന്നു. 65 കാരിയായ രുക്മണി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു.


Read Also : അമിത് ഷായ്ക്ക് നേരെ ആന്ധ്രയില്‍ ടി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം; വാഹന വ്യുഹത്തിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു


രുക്മണിയും മലേഷ്യയില്‍ നിന്നെത്തിയ ബന്ധുക്കളും ക്ഷേത്രത്തില്‍ പോയി തിരിച്ചു വരുന്നതിനിടെ വഴിതെറ്റി. കാര്‍ നിര്‍ത്തി നാട്ടുകാരിലൊരാളോട് വഴി ചോദിക്കുന്നതിനിടെ തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ചോക്കലേറ്റ് നല്‍കി. ഇതാണ് നാട്ടുകാരെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് തെറ്റിദ്ധരിക്കാന്‍ കാരണമാക്കിയത് എന്ന് പോലീസ് പറഞ്ഞു. പിന്നീട് തടിച്ചുകൂടിയ അഞ്ഞൂറോളം പേരുടെ മുന്നില്‍ ഒന്നും പറഞ്ഞു മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിന് മുമ്പേ കാറില്‍ നിന്നും വലിച്ചിറക്കി ജനക്കൂട്ടം മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 200 ല്‍പരം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.


Read Also : ‘ഷാനിയുടെ ചര്‍ച്ച ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്… ഇത് ചെറിയ കളിയല്ല’; അവതാരകയ്ക്കുനേരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രന്‍, ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് ആനിരാജയുടെ മറുപടി


കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഉത്തരേന്ത്യന്‍ സംഘം തമിഴ്നാട്ടില്‍ ഇറങ്ങിയിട്ടുണ്ടെന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് കൊടുത്തുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ വാട്സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ഇതിന്റെ പേരിലാണ് ജനക്കൂട്ടം അക്രമാസക്തമാവുന്നതെന്ന് പോലീസ് പറയുന്നു.

സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്നു പലവട്ടം പൊലീസ് പൊതുജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതാണ്. സംശയകരമായ സാഹചര്യത്തില്‍ ആളുകളെ കണ്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കിയാല്‍ മതിയെന്നു പൊലീസ് പറഞ്ഞിരുന്നു. ആള്‍ക്കൂട്ടം സംശയത്തിന്റെ പേരില്‍ ഇതരസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more