| Saturday, 12th September 2020, 7:28 pm

'ആക്രമണം ഇനി ഉണ്ടാവില്ലെന്ന് കരുതേണ്ട', പ്രവാചകന നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരണത്തില്‍ ഫ്രാന്‍സിനെതിരെ ഭീഷണിയുമായി അല്‍ ഖ്വയ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ കാര്‍ട്ടൂണുകള്‍ ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലെ ഹെബ്ദൊ പുനപ്രസിദ്ധീകരിച്ചതിനു പിന്നാലെ ഭീഷണിയുമായി അല്‍ ഖ്വയ്ദ. 2015 ലെ ആക്രമണം ഇനി ഉണ്ടാവില്ലെന്ന് വിചാരിക്കുന്നത് തെറ്റാണെന്നാണ് അല്‍ ഖ്വയ്ദയുടെ മുന്നറിയിപ്പ്. തങ്ങളുടെ പ്രസിദ്ധീകരണത്തിലാണ് അല്‍ ഖ്വയ്ദ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ കാര്‍ട്ടൂണുകളെ നിന്ദ്യമെന്ന് വിശേഷിപ്പിച്ച പ്രസിദ്ധീകരണത്തില്‍ 2015 ലെ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍കൊയ്‌സ് ഹൊളണ്ടിനു നല്‍കിയ അതേ സന്ദേശം തന്നെയാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിനും നല്‍കാനുള്ളതെന്നും പറയുന്നു.

പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ 2015 ജനുവരി ഏഴിന് മാഗസിന്റെ ഓഫീസില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് ജീവനക്കാരുള്‍പ്പെടെ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ ഉപമേഖലയിലെ ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ തയ്യാറാക്കിയതിന്റെ പ്രതികാരമാണിതെന്നാണ് ഇവര്‍ പറഞ്ഞത്. ആക്രമണം നടത്തിയ സെയ്ദ്, ഷരീഫ് എന്നീ സഹോരങ്ങളായ പ്രതികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ആഴ്ചകളോളം നീണ്ട സംഘര്‍ഷത്തില്‍ 17 പേര്‍ കൂടി കൊല്ലപ്പെട്ടു. നഗരത്തിലെ ജൂതരുടെ ഒരു സൂപ്പര്‍മാര്‍ക്കറ്റും ആക്രമിക്കപ്പെട്ടിരുന്നു.

ഈ ഭീകരാക്രമണത്തില്‍ സഹായിച്ച പ്രതികളുടെ വിചാരണ തുടങ്ങുന്നതിനോടനുബന്ധിച്ചാണ് വിവാദ കാര്‍ട്ടൂണുകള്‍ പുനപ്രസിദ്ധീകരിക്കാന്‍ ഷാര്‍ലെ ഹെബ്ദൊ തീരുമാനിച്ചത്. സെപ്റ്റംബര്‍ 2 നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 14 പ്രതികളില്‍ 11 പേരുടെ വിചാരണയാണ് പാരീസ് കോടതിയില്‍ നടക്കുന്നത്. പ്രതികളില്‍ മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നവംബര്‍ വരെ വിചാരണ തുടരുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more