|

35 വര്‍ഷം വര്‍ഷം മുമ്പേ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നുവെന്ന് വീര്‍ സവര്‍ക്കര്‍ ടീസര്‍; അന്ന് ഗാന്ധി സമരത്തില്‍ പോലുമില്ലെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് രണ്‍ദീപ് ഹൂഡ നായകനാവുന്ന സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത്. വി.ഡി. സവര്‍ക്കറുടെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നതും രണ്‍ദീപ് തന്നെയാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ അക്രമവും സവര്‍ക്കര്‍ ജയിലില്‍ കിടക്കുന്ന ദൃശ്യങ്ങളുമാണ് ടീസറില്‍ കാണിക്കുന്നത്. ഇതിനൊപ്പം പശ്ചാത്തലത്തില്‍ സവര്‍ക്കര്‍ സ്വാതന്ത്ര സമരത്തെ പറ്റിയും ഗാന്ധിജിയെ പറ്റിയും പറയുന്നതും കേള്‍ക്കാം.

എന്നാല്‍ ഈ വിവരണത്തിനിടയില്‍ വന്നിരിക്കുന്ന അബദ്ധം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘ഗാന്ധിജി തന്റെ അഹിംസ സിദ്ധാന്തത്തില്‍ ഉറച്ചു നിന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യ 35 വര്‍ഷം മുമ്പ് ഒരു സ്വതന്ത്ര രാജ്യമാകുമായിരുന്നു,’ എന്നാണ് ടീസറിനിടക്ക് പറഞ്ഞിരിക്കുന്ന ഒരു വാചകം.

ഇതിലെ തെറ്റാണ് തെളിവുകള്‍ സഹിതം നിരത്തി സോഷ്യല്‍ മീഡിയ തിരുത്തുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947ലാണ്. ഗാന്ധി സ്വാതന്ത്ര്യ സമരത്തിലേക്ക് സുപ്രധാന ചുവട് വെപ്പ് നടത്തുന്നത് 1918ലെ ചമ്പാരന്‍ പ്രക്ഷോഭത്തിലൂടെയാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിനും 29 വര്‍ഷങ്ങള്‍ക്ക് മുമ്പ്.

ഇന്ത്യയാകെ അദ്ദേഹം ശ്രദ്ധ നേടുന്നതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും 1920ലാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് 35 വര്‍ഷം മുമ്പ് സ്വാതന്ത്ര്യ സമരത്തില്‍ പോലും സജീവമല്ലാതിരുന്ന ഗാന്ധി എങ്ങനെ അദ്ദേഹത്തിന്റെ അഹിംസ സിദ്ധാന്തം നിര്‍ത്തുമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

സവര്‍ക്കറെ വെളുപ്പിക്കണമെന്നുണ്ടെങ്കില്‍ ആയിക്കോളൂ എന്നും എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ചരിത്രം അറിയില്ലെന്ന് വിചാരിക്കരുതെന്നും കമന്റുകളുണ്ട്.

എന്തായാലും ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂഡ, സന്ദീപ് സിങ്, സാം ഖാന്‍, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രൂപ പണ്ഡിറ്റ്, രാഹുല്‍ വി. ദുബെ, അന്‍വര്‍ അലി, പാഞ്ചാലി ചക്രവര്‍ത്തി എന്നിവരാണ് സഹനിര്‍മാതാക്കള്‍

Content Highlight: mistake in swatantra veer savarkar teaser