തുടര്‍ച്ചയായ മൂന്നാം ദിനവും ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞ്
India
തുടര്‍ച്ചയായ മൂന്നാം ദിനവും ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2012, 11:51 am

ന്യൂദല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഉത്തരേന്ത്യ കനത്ത മൂടല്‍മഞ്ഞിന്റെ പിടിയില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയും മധ്യപ്രദേശിലെ ഗ്വാളിയാര്‍, സത്‌ന നഗരങ്ങളും പഞ്ചാബിലെ പട്ട്യാലയും രാജസ്ഥാനിലെ ചുരുവും കനത്ത മൂടല്‍മഞ്ഞിന്റെ പിടിയിലാണ്. []

മഞ്ഞ് വീഴ്ച കുറച്ച് ദിവസം കൂടി തുടരുമെന്ന് കാലാവസഥ നിരീക്ഷകര്‍ പറഞ്ഞു. വിമാനട്രെയിന്‍ സര്‍വ്വീസുകളെയാണ് മൂടല്‍മഞ്ഞ് ഏറ്റവും അധികം ബാധിച്ചത്. രാജ്യതലസ്ഥാനത്ത് 15 ഓളം വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുകയും 35 ഓളം സര്‍വ്വീസുകളുടെ സമയം പുന:ക്രമീകരിക്കുകയും ചെയ്തു.

നിരവധി ട്രെയിന്‍ സര്‍വ്വീസുകളുടെ സമയവും പുന:ക്രമീകരിച്ചിട്ടുണ്ട്. പുലര്‍ച്ചയോടെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതേത്തുടര്‍ന്ന് ദല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു.

റണ്‍വേയില്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് രണ്ട് ആഭ്യന്തര വിമാനങ്ങളും ഒരു രാജ്യാന്തര വിമാന സര്‍വീസും റദ്ദാക്കി. നൂറിലധികം ട്രെയിനുകളും പത്തോളം വിമാന സര്‍വീസുകളും വൈകി.

ഉത്തരേന്ത്യയില്‍ നൂറിലേറെ ട്രെയിനുകള്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വൈകിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. നിരവധി ട്രെയിനുകള്‍ 12 മുതല്‍ 22 മണിക്കൂര്‍ വരെ വൈകിയാണ് ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്.

അതേസമയം അതിശൈത്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 26 പേര്‍ മരിച്ചു. കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാണ് ആറ് പേര്‍ മരിച്ചത്. നാല്  ഡിഗ്രിയില്‍ താഴെയാണ്   ലക്‌നൗവില്‍ ഇന്നത്തെ താപനില. തുടര്‍ന്ന് അവിടത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി അഞ്ചു വരെ അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടു.