ഈതന്‍ ഹണ്ടിന്റെ അവസാന മിഷനാകുമോ ഇത്? ആകാംക്ഷയുണര്‍ത്തി മിഷന്‍ ഇംപോസിബിള്‍ ട്രെയ്‌ലര്‍
Film News
ഈതന്‍ ഹണ്ടിന്റെ അവസാന മിഷനാകുമോ ഇത്? ആകാംക്ഷയുണര്‍ത്തി മിഷന്‍ ഇംപോസിബിള്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th November 2024, 8:02 am

ലോകമെമ്പാടും ആരാധകരുള്ള സിനിമാ ഫ്രാഞ്ചൈസിയാണ് മിഷന്‍ ഇംപോസിബിള്‍. 1996ലാണ് ചിത്രത്തിലെ ആദ്യഭാഗം റിലീസായത്. സ്‌പൈ ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുങ്ങിയത്. ടോം ക്രൂസ് എന്ന നടനെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ത്തിയത് മിഷന്‍ ഇംപോസിബിളായിരുന്നു. തുടര്‍ന്ന് ഈ ഫ്രാഞ്ചൈസിയില്‍ നിന്ന് ആറ് ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങിയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് മിഷന്‍ ഇംപോസിബള്‍ സീരീസിന്റെ പ്രത്യേകത.

ചിത്രത്തിന്റെ ഏറ്റവും പുതിയ ഭാഗത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്. 2023ല്‍ റിലീസായ ഡെഡ് റെക്കണിങ്ങിന്റെ തുടര്‍ച്ചയാണ് പുതിയ ഭാഗം. ഡെഡ് റെക്കണിങ്ങില്‍ കൂടുതല്‍ ശക്തനായി മാറിയ എതിരാളിയെ ഈതന്‍ ഹണ്ട് എങ്ങനെ നേരിടുമെന്ന് ചിന്തിച്ച് നില്‍ക്കുന്നയിടത്താണ് ചിത്രം അവസാനിച്ചത്.

പുതിയ ഭാഗത്തോടുകൂടി മിഷന്‍ ഇംപോസിബിള്‍ സീരീസ് അവസാനിക്കുമെന്നുള്ള സൂചനകള്‍ ട്രെയ്‌ലര്‍ സമ്മാനിക്കുന്നുണ്ട്. ഈതന്‍ ഹണ്ട് എന്ന കഥാപാത്രം പുതിയ ഭാഗത്തില്‍ മരിക്കുമോ ഇല്ലയോ എന്നുള്ള ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മുന്‍ ഭാഗങ്ങളിലേതുപോലെ വമ്പന്‍ ആക്ഷന്‍ സീനുകള്‍ ഈ ചിത്രത്തിലുമുണ്ട്. 62ാം വയസിലും ഡ്യൂപ്പൊന്നുമില്ലാതെ ടോം ക്രൂസ് ചെയ്യുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ഫൈനല്‍ റെക്കണിങ്ങിന്റെയും പ്രത്യേകത.

ഡെഡ് റെക്കണിങ്ങില്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ ടോം ക്രീസ് ചെയ്ത ബൈക്ക് സ്റ്റണ്ടും, ട്രെയിന്‍ ഫൈറ്റുമെല്ലാം ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിക്കാതെ പോയി. ഡെഡ് റെക്കണിങ്ങിന് പിന്നാലെ ഓപ്പന്‍ഹൈമര്‍, ബാര്‍ബി എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തത് കളക്ഷനെ നല്ല രീതിയില്‍ ബാധിച്ചു. വണ്‍ ബില്ല്യണ്‍ ക്ലബ്ബില്‍ ഇടംപിടിക്കുമെന്ന് കരുതിയ ചിത്രം 567 മില്യണില്‍ ഒതുങ്ങി.

എന്നാല്‍ അവസാനഭാഗം ബോക്‌സ് ഓഫീസില്‍ റെക്കോഡിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2025 മെയ് 21ന് ചിത്രം തിയേറ്ററുകളിലെത്തും. ഹോളിവുഡില്‍ ആ സമയത്ത് വമ്പന്‍ റിലീസുകളില്ലാത്തത് കളക്ഷനെ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. 29 വര്‍ഷം നീണ്ടുനിന്ന സിനിമാ ഫ്രാഞ്ചൈസിക്ക് തിരശ്ശീല വീഴുമോ ഇല്ലയോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Mission Impossible Final Reckoning trailer out now