ലോകമെമ്പാടും ഏറെ ആരാധകരുള്ള ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ മൂവി സീരിസായ മിഷന്‍ ഇംപോസിബിളില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം മിഷന്‍ ഇംപോസിബിള്‍ ഡെഡ് ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്.
2500 ഓളം സ്‌ക്രീനിലായിരുന്നു ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസ്. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നും ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയ ചിത്രത്തിന് മികച്ച കളക്ഷനും ആദ്യ ദിനം ലഭിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മാത്രം സിനിമ 12.5 കോടിയോളം രൂപ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. മിഷന്‍ ഇംപോസിബിള്‍ സീരിസില്‍ റിലീസായ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിയ സിനിമയാണിത്.
2018 ല്‍ പുറത്തിറങ്ങിയ മിഷന്‍ ഇംപോസിബിള്‍ – ഫാള്‍ ഔട്ട് ആയിരുന്നു ഈ സീരിസില്‍ പുറത്തുവന്ന മുന്‍ ചിത്രം. അതിന് ആദ്യ ദിനം 9 കോടി രൂപ ആയിരുന്നു ലഭിച്ചത്.
ഒരു ടോം ക്രൂസ് സിനിമയുടെ ഇന്ത്യയിലെ ഏറ്റവും വലിയ റിലീസായിട്ടാണ് മിഷന്‍ ഇംപോസിബിള്‍ ഡെഡ് ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്‍ എത്തിയത്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം ലഭിച്ചത്.
അതേ സമയം ആഗോളതലത്തില്‍ ബുധനാഴ്ചത്തെ റിലീസിന് മുമ്പ് ചൊവ്വാഴ്ചത്തെ പ്രിവ്യൂ ഷോകളില്‍ നിന്ന് മാത്രം സിനിമ 7 മില്യണ്‍ ഡോളര്‍ നേടിയതായാണ് കണക്കുകള്‍. അതായത് 57 കോടി ഇന്ത്യന്‍ രൂപ. റിലീസ് ദിനത്തിലെ കളക്ഷനും കൂടി ചേര്‍ത്ത് നോക്കുമ്പോള്‍ ടോം ക്രൂസ് ചിത്രം നേടിയ ആ?ഗോള ബോക്‌സ് ഓഫീസ് ഓപണിങ് 16 മില്യണ്‍ ഡോളറിന്റേതാണെന്ന് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് 131 കോടി ഇന്ത്യന്‍ രൂപ.
വരും ദിവങ്ങളിലും ചിത്രത്തിന് മികച്ച കളക്ഷന്‍ ആഗോള തലത്തില്‍ നിന്നും സ്വന്തമാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 100 കോടിക്ക് മുകളില്‍ ചിത്രം കളക്ഷനായി സ്വന്തമാക്കുമെന്നും ട്രെയിഡേഴ്‌സ് പ്രവചിക്കുന്നു.
ടോം ക്രൂസ് നായകനായ സീരീസിലെ ഏഴാമത്തെ ചിത്രമാണിത്. ക്രിസ്റ്റഫര്‍ മക് ക്വാറിയുടെ സംവിധാനത്തില്‍ വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിങ് രണ്ടാം ഭാഗം 2024 ലാകും റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഭാഗത്തിനായും ആരാധകര്‍ ഏറെ കാത്തിരിപ്പിലാണ്. കൊവിഡ് മഹമാരി മൂലമാണ് മിഷന്‍ ഇംപോസിബിള്‍ സീരിസുകളില്‍ ചിത്രം വരാന്‍ വൈകിയത്. സീരിസിലെ ആദ്യ ചിത്രം റിലീസായി 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിങ് പുറത്തിറങ്ങുന്നത് എന്ന സവിശേഷതയുമുണ്ട്. ഇംഗ്ലീഷ് പതിപ്പിന് പുറമെ ചിത്രം മൊഴിമാറ്റി ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ഇന്ത്യയില്‍ പ്രദര്‍ശനം നടത്തുന്നുണ്ട്. ഫ്രെസെര്‍ ടാഗര്‍ട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight: Mission: Impossible Dead Reckoning Part one first day collection