കാണാതായ കുതിരയെ അന്വേഷിച്ച് പോയതാണ്... കുതിര തിരികെ വന്നു, അവള്‍ വന്നില്ല.
Kathua gangrape-murder case
കാണാതായ കുതിരയെ അന്വേഷിച്ച് പോയതാണ്... കുതിര തിരികെ വന്നു, അവള്‍ വന്നില്ല.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th April 2018, 5:28 pm

അവര്‍ക്ക് പ്രതികാരം ചെയ്യണമെങ്കില്‍ മറ്റാരെയെങ്കിലും തെരഞ്ഞെടുക്കാമായിരുന്നില്ലേ, അവള്‍ ഒന്നുമറിയാത്ത കുഞ്ഞായിരുന്നില്ലേ, കയ്യേതാ കാലേതായെന്ന് പറയാന്‍ പോലും അറിയില്ലായിരുന്നു. വലതും ഇടതും തമ്മിലുള്ള വ്യത്യാസം അവള്‍ക്കറിയില്ലായിരുന്നു. ആരാണ് മുസ്ലീമെന്നോ ആരാണ് ഹിന്ദുവെന്നോ അവളൊരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല-കാത്വയിലെ രസാന ഗ്രാമത്തില്‍ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊന്നുകളഞ്ഞ എട്ടുവയസുകാരിയുടെ പിതാവ് പറയുന്നു.

അവരിപ്പോള്‍ രസാനയിലെ വീട്ടിലില്ല. സനാസര്‍ കുന്നുകളിലെവിടെ നിന്നോ ഫോണിലാണ് അദ്ദേഹം സംസാരിച്ചത്. മറ്റേത് ബക്കര്‍വാള്‍ നാടോടി കുടംബങ്ങളേയും പോലെ 600 കിലോമീറ്ററുകളോളം ദൂരത്തിലുള്ള കുന്നുകളിലേയ്ക്ക് തങ്ങളുടെ ആടും കുതിരയുമെല്ലാമായി, വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും പൊതിഞ്ഞെടുത്ത്, അവര്‍ വേനല്‍ക്കാല യാത്രയാരംഭിച്ചു.

എട്ടുവയസായെങ്കിലും അവളെ സ്‌കൂളില്‍ ചേര്‍ത്തിരുന്നില്ല. അടുത്ത വര്‍ഷം സ്‌കൂളില്‍ ചേര്‍ക്കണമെന്ന് അവളുടെ അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. ഡോക്ടറോ ടീച്ചറോ ഒക്കെ ആക്കണമെന്ന വലിയമോഹങ്ങളൊന്നുമില്ല. പക്ഷേ പഠിച്ചാല്‍ സ്വന്തം കാര്യം നോക്കാനെങ്കിലും അവള്‍ക്കു കഴിയുമെന്ന് അവളുടെ അമ്മ എപ്പോഴും പറയുമായിരുന്നു. ശരിക്കും അവള്‍ മമ്മയെന്നുവിളിക്കുന്നത് അവളുടെ വളര്‍ത്തമ്മയെയാണ്. മൂന്ന് മക്കള്‍ റോഡപകടത്തില്‍ മരിച്ചപ്പോള്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്താനായി സഹോദരി ഇവര്‍ക്ക് നല്‍കിയതാണ്. അവര്‍ സ്വന്തം മക്കളേക്കാള്‍ ലാളിച്ച് വളര്‍ത്തി. 11-ാം ക്ലാസിലും ആറിലും പഠിക്കുന്ന ചേട്ടന്മാരേക്കാള്‍ വീട്ടില്‍ ഓമന അവളായിരുന്നു.

 

സ്‌കൂളില്‍ പോകുന്നില്ലാത്തതുകൊണ്ടുതന്നെ വീട്ടിലെ കുതിരകളും ആടുകളുമായിരുന്നു അവളുടെ പ്രഥമപരിഗണന. ഏതെങ്കിലും ഒന്നിനെ കണ്ടില്ലെങ്കില്‍ ആ കല്‍വഴികളിലൂടെ ഒറ്റപ്പെട്ട കാട്ടില്‍ അവള്‍ അന്വേഷിച്ചു പോകും. സ്‌കൂളില്‍ പോയില്ലെങ്കിലും എണ്ണാന്‍ അവള്‍ക്കറിയാമായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം ഉച്ചത്തില്‍ അവള്‍ ഒരോ മൃഗങ്ങളെയും എണ്ണുമായിരുന്നു. ജനുവരി പത്തിന് പതിവ് പോലെ ഒരു കുതിര തിരികെ വന്നില്ലെന്ന് പറഞ്ഞ് അന്വേഷിച്ച് പോയതാണ് അവള്‍. കുതിര പിന്നേറ്റ് തിരികെ വന്നു. അവള്‍ വന്നില്ല.

നാണം കുണുങ്ങിയും വിനയമുള്ളവളുമായിരുന്നു, പക്ഷേ കാടിനേയോ ഇരുട്ടിനേയോ പേടിയില്ലാത്ത നല്ല ധൈര്യമുള്ള കുട്ടിയായിരുന്നു അവള്‍. അവള്‍ സംസാരമൊക്കെ കുറവായിരുന്നു, പക്ഷേ ജീവനോടെ അവളെ വിട്ടാല്‍ തനിക്ക് സംഭവിച്ചതെന്തെന്ന് അവള്‍ പറഞ്ഞേനേ -സാംബജില്ലയില്‍ മരനിരകളിലുള്ള തന്റെ ഒറ്റപ്പെട്ട വീട്ടിലിരുന്ന് അവളുടെ മുത്തച്ഛന്‍ പറഞ്ഞു. ഞങ്ങള്‍ പാവപ്പെട്ട നാടോടികളാണ്. പണക്കാരേക്കാള്‍ പെട്ടന്ന് മരിക്കുന്നവര്‍. പക്ഷേ ഞങ്ങളുടെ കുഞ്ഞിന് മരിക്കാന്‍ മാത്രം പ്രായമായിരുന്നില്ല”-അദ്ദേഹം പറഞ്ഞു.


Read more: ‘ആ പ്രസ്താവന ഹൃദയശൂന്യത’; കഠ്വ കൊലപാതകത്തെ ന്യായീകരിച്ച വിഷ്ണു നന്ദകുമാറിനെ പുറത്താക്കിയതായി കൊടക് മഹീന്ദ്ര


നിയമപ്രകാരമുള്ള ദത്തെടുത്തല്‍ നടത്താത്തത് കൊണ്ട് അവളെ നഷ്ടപ്പെടുമോ എന്ന് അവളുടെ വളര്‍ത്തച്ഛന് എപ്പോഴും ഭയമായിരുന്നു. പക്ഷേ അതിത്തരത്തില്‍ ആയിരിക്കുമെന്ന് അയാള്‍ ഒരിക്കലും ഊഹിച്ചിരിക്കില്ല. എട്ട്-പത്ത് വര്‍ഷം മുമ്പുള്ള മനാസറിലുള്ള ഒരു റോഡപകടത്തില്‍ അമ്മയും മൂന്ന് മക്കളും നഷ്ടപ്പെട്ട് തളര്‍ന്നിരുന്ന അദ്ദേഹത്തിനും ഭാര്യയ്ക്കും സമ്മാനമായി നല്‍കിയതാണ് ഞാനെന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ-അവളുടെ ശരിക്കുള്ള പിതാവ് പറഞ്ഞു. ഞങ്ങള്‍ക്ക് നാലുമക്കളുണ്ടായിരുന്നു. പക്ഷേ അവര്‍ക്കാകട്ടെ ഒരു പെണ്‍കുട്ടിപോലുമില്ല. ഞാന്‍ ആ ത്യാഗം ചെയ്തത് ആ ദമ്പതികളുടെ കണ്ണീരു തുടയ്ക്കാനാണ്. കൗമാരക്കാലമാകുമ്പോള്‍ അവളെ സ്വന്തം വീട്ടിലേയ്ക്ക് വിട്ടുതരണമെന്നായിരുന്നു കരാര്‍-അദ്ദേഹം പറഞ്ഞു. “എനിക്കവളെ കാണാന്‍ പോലും കിട്ടാറില്ല.അവള്‍ വലുതാകുന്നത് കാണാന്‍ ഞാനെന്തു ആവേശത്തോടെയാണെന്നോ കാത്തിരിക്കാറ്.പക്ഷേ അവള്‍ക്ക് ഞങ്ങള്‍ക്കൊപ്പം വരാന്‍ ഒരു താത്പര്യവും കാണിക്കാറില്ല. പക്ഷേ അവള്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”-16 വയസുള്ള അവളുടെ ചേച്ചി പറയുന്നു.

 

കഴിഞ്ഞ നവംബറിലാണ് ഞാനവളെ അവസാനം കണ്ടത്. അവളോട് ഞാന്‍ ചോദിച്ചു എന്നാണ് ഞങ്ങളുടെ അടുത്തേയ്ക്ക് തിരികെ വരുന്നത് എന്ന്. അവളോടി പോയി അവളുടെ വളര്‍ത്തമ്മയുടെ പിറകിലൊളിച്ചു. എന്നിട്ട് പറഞ്ഞു, അവള്‍ പോയാല്‍ അച്ഛനുമമ്മയും ഒറ്റയ്ക്കാകുമെന്നും കന്നുകാലികളെ നോക്കാന്‍ ആരും ഉണ്ടാകില്ലെന്നും”-അവളുടെ അമ്മൂമ്മ പറഞ്ഞു.

പത്തുവര്‍ഷം മുമ്പാണ് അവളുടെ വളര്‍ത്തച്ഛന്‍ രസാന ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ കുറച്ച് സ്ഥലം വാങ്ങിയത്. മൂന്ന് മുറിയുള്ള ഒരു വീടും അവര്‍ ഭൂമിയുടെ ഒരു മൂലയിലായി പണിതു. ബാക്കി സ്ഥലം കന്നുകാലികളെ കെട്ടാനായി ഉപയോഗിച്ചു. രസാനയിലുള്ള ബക്കര്‍വാള്‍ കുടംബത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത ഏക വീടാണ് അവരുടെത്. മുഴുവന്‍ പറമ്പിന് ചുറ്റും അവര്‍ കമ്പിവേലിയും കെട്ടിയിട്ടുണ്ട്. ആ ഒരുകിലോമീറ്റര്‍ പരിസരത്ത് അടിസ്ഥാന സൗകര്യങ്ങളുള്ള ഏക വീടാണത്. എന്നിരുന്നാലും വൈദ്യുതിയോ കുടിവെള്ള കണക്ഷനോ അവിടേയും ഇല്ല. വീടിന്നകത്ത് ഒരു അടുക്കള ഉണ്ടെങ്കിലും പുറത്തുള്ള മണ്ണടുപ്പിലാണ് അവര്‍ സ്ഥിരം പാചകം. “എന്റെ മകളും കന്നുകാലികളും മാത്രമായിരുന്നു എന്റെ സമ്പാദ്യം. ജീവിതത്തിലിന്നേ വരെ അരക്ഷിതരാണ് ഞങ്ങളെന്ന തോന്നലേ ഉണ്ടായിരുന്നില്ല”-അവളുടെ വളര്‍ത്തച്ഛന്‍ പറയുന്നു.

കുതിരകളും പുതുതായി ജനിച്ച രണ്ടാട്ടിന്‍ കുട്ടികളും ഒരു പട്ടിയുമായിരുന്നു അവളുടെ പ്രിയപ്പെട്ട മൃഗങ്ങള്‍. പട്ടിക്ക് ഭക്ഷണം കൊടുത്തിരുന്നത് അവള്‍ തന്നെയായിരുന്നു. ഞാനെപ്പോള്‍ വീട്ടില്‍ നിന്നിറങ്ങിയാലും നിഴല്‍ പോലെ അവള്‍ പുറകെ വരും. കഴിഞ്ഞ ജനുവരിയില്‍ ഒരു ബന്ധുവിന്റെ കല്യാണത്തിന് കുപ്പായം തുന്നിയത് വാങ്ങാന്‍ സാംബയില്‍ പോയതാണ് അവളുടെ അവസാനമായുള്ള വീടുവിട്ടുള്ള യാത്ര. പക്ഷേ ചടങ്ങിന് നാലുദിവസം മുമ്പുതന്നെ അവളെ തട്ടിക്കൊണ്ടുപോയി. അവളുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ അവള്‍ ധരിച്ചിരുന്നത് കല്യാണത്തിനിടാനായി പുതുതായി തുന്നിച്ച കുപ്പായമാണ്.