| Friday, 13th April 2018, 11:27 am

കാണാതായ കുതിര തിരിച്ചെത്തി; എന്നാല്‍ അവള്‍ മാത്രം.....: കാടിനെ ഭയമില്ലാത്ത മകളായിരുന്നു അവള്‍, കഠ്‌വ പെണ്‍കുട്ടിയെ കുറിച്ച് ബന്ധുക്കള്‍ക്ക് പറയാനുള്ളത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കത്വവ: ജമ്മുകാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയായ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സംഭവത്തില്‍ ജനരോഷം ഇരമ്പുകയാണ്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഠ്‌വ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കത്വയില്‍ നിരാഹാര സമരം തുടരുകയാണ്. പെണ്‍കുട്ടിയെ കുറിച്ച് കണ്ണീരോടെയല്ലാതെ ഇവിടുത്തുകാര്‍ക്ക് ഒരു വാക്ക് പോലും പറനായില്ല. കാടിനെ ഭയപ്പെടാത്ത മൃഗങ്ങളെ സ്‌നേഹിച്ച, അവയെ പരിചരിക്കുന്ന തങ്ങളുടെ പൊന്നുമോളായിരുന്നു പെണ്‍കുട്ടിയെന്ന് ബന്ധുക്കള്‍ പറയുന്നു.

എല്ലാ ദിവസവും മൃഗങ്ങളെ മേയാനായി കാട്ടിലേക്ക് വിടും. മേയാനായി വിടുന്ന എല്ലാ മൃഗങ്ങളും വൈകീട്ട് തിരിച്ചെത്താറുണ്ട്. അവ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നത് കഠ്‌വ പെണ്‍കുട്ടിയാണ്. അവയില്‍ ഏതെങ്കിലും തിരിച്ചെത്തിയില്ലെങ്കില്‍ അവയെ തിരഞ്ഞ് കാട്ടിലേക്ക് പോകുന്നതും അവള്‍ തന്നെ.

“”എല്ലാ ദിവസവും വൈകീട്ട് കുതിരയും ആടുകളും തിരിച്ചെത്തിയാല്‍ അവള്‍ അതിന്റെ എണ്ണം എടുക്കും. എനിക്ക് അവളെ സ്‌കൂളില്‍ വിടാന്‍ പറ്റിയിട്ടില്ല. എങ്കിലും അക്ഷരങ്ങള്‍ എണ്ണാനും എഴുതാനും വായിക്കാനും അവള്‍ക്ക് അറിയാമായിരുന്നു. പതിവുപോലെ അന്നും അവള്‍ കുതിരയെ മേയ്ക്കാനായി കാട്ടിലേക്ക് പോയി. എന്നാല്‍ രണ്ടുപേരും തിരിച്ചു വന്നില്ല. പിറ്റേ ദിവസം കുതിര തിരിച്ചെത്തി. പക്ഷേ എന്റെ മകള്‍ മാത്രം വന്നില്ല.””. -കഠ്‌വ പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss കാശ്മീരില്‍ ദുരൂഹസാഹചര്യത്തില്‍ കൗമാരക്കാരന്റെ മൃതദേഹം കണ്ടെടുത്തു


“”അവള്‍ നാണംകുണുങ്ങിയായിരുന്നു. സൗമ്യസ്വഭാവക്കാരിയുമായിരുന്നു. എങ്കിലും കാടിനെയും ഇരുട്ടിനേയും അവള്‍ക്ക് ഭയമില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ അവള്‍ ഒരു ധീരയായിരുന്നു. വളരെ കുറച്ചുമാത്രമേ അവള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. അവളുടെ ജീവന്‍ ബാക്കിവെച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അവള്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം ഞങ്ങളോട് പറയുമായിരുന്നു””. – പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ പറയുന്നു.

ഞങ്ങളുടെ ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ച ശേഷമാണ് ഞങ്ങള്‍ പെണ്‍കുട്ടിയെ ദത്തെടുക്കുന്നത്. അന്നത്തെ അപകടത്തില്‍ എന്റെ അമ്മയേയും മൂന്ന് മക്കളേയും എനിക്ക് നഷ്ടമായി. ഞാനും ഭാര്യയും ഒറ്റപ്പെട്ട അവസ്ഥയിലായി. അങ്ങനെയാണ് പെണ്‍കുട്ടി ഞങ്ങളുടെ ജീവിതത്തിലെത്തുന്നത്- പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ പറയുന്നു.

“”അവള്‍ക്ക് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് അവളെ ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്. എനിക്ക് നാല് മക്കളുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ആരുമില്ലായിരുന്നു. കണ്ണീരുമായി അവര്‍ എന്റെയടുത്ത് വന്നപ്പോള്‍ അവരുടെ ജീവിതത്തില്‍ എന്തെങ്കിലും സന്തോഷം വേണമല്ലോ എന്ന് ആലോചിച്ച് കണ്ണീരോടെയാണ് ഞാന്‍ മകളെ അവര്‍ക്ക് കൈമാറിയത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ മകളെ തിരിച്ചുതരാമെന്ന ഉറപ്പിലായിരുന്നു പെണ്‍കുട്ടിയെ കൈമാറിയത്. ഞാന്‍ വല്ലപ്പോഴും മാത്രമാണ് മകളെ കണ്ടിരുന്നത്. എങ്കിലും അവളുടെ വളര്‍ച്ച ദൂരെ നിന്നെങ്കിലും ഞാന്‍ സന്തോഷത്തോടെ കണ്ടു.””- പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ഞങ്ങളുടെ വീട്ടിലേക്ക് വരണമെന്ന് അവള്‍ ഒരിക്കലും ആഗ്രഹിച്ചതായി തോന്നുന്നില്ല. കാരണം അവിടെ അവള്‍ക്ക് അത്രമാത്രം സന്തോഷമുണ്ടായിരുന്നു.- പെണ്‍കുട്ടിയുടെ 16 വയസുള്ള സഹോദരി പ്രതികരിക്കുന്നു.

ഞാന്‍ അവളെ അവസാനമായി കാണുന്നത് നവംബറിലാണ്. ഞങ്ങള്‍ക്കൊപ്പം വരുന്നോ എന്ന് അവളോട് ചോദിച്ചു. അപ്പോള്‍ അവളുടെ വളര്‍ത്തമ്മയുടെ മറവില്‍ അവള്‍ ഒളിച്ചു. ഞാന്‍ നിങ്ങള്‍ക്കൊപ്പം വന്നാല്‍ അവര്‍ തനിച്ചാകുമെന്നും എന്റെ കാലികളെ മേക്കാനും പരിചരിക്കാനും മറ്റാരും ഉണ്ടാകില്ല എന്നും അവറ്റകളും തനിച്ചാകും എന്നായിരുന്നു മകള്‍ പറഞ്ഞത്. – പെണ്‍കുട്ടിയുടെ മുത്തശ്ശി പറയുന്നു.

പെണ്‍കുട്ടിയുടെ കൊലപാതകം രാഷ്ട്രീയവത്ക്കരിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും എങ്കിലും തങ്ങളുടെ മകള്‍ അനുഭവിച്ച അതേ വേദന അവളെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയവരും അനുഭവിക്കണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. ഞങ്ങള്‍ പാവപ്പെട്ടവരാണ്. ദരിദ്രരാണ്. പണക്കാരേക്കാള്‍ മുന്‍പ് മരണപ്പെടേണ്ടവരാണ്. എങ്കിലും ഞങ്ങളുടെ ഒന്നുമറിയാത്ത മകളെയാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. അവളെ ഇല്ലാതാക്കിയവര്‍ അനുഭവിക്കുന്നു. ഇനി ആ ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ- പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ പ്രതികരിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more