നേപ്പാളില്‍ തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ കണ്ടെത്തി; അഞ്ച് മൃതദേഹം ലഭിച്ചു; ഒരാള്‍ക്കായി തിരച്ചില്‍
Nepal
നേപ്പാളില്‍ തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ കണ്ടെത്തി; അഞ്ച് മൃതദേഹം ലഭിച്ചു; ഒരാള്‍ക്കായി തിരച്ചില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th July 2023, 4:01 pm

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നുവീണ ഹെലികോപ്റ്ററില്‍ നിന്നും അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ച് മെക്‌സിക്കന്‍ സ്വദേശികളും പൈലറ്റുമുള്‍പ്പെടെ ആറ് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹെലികോപ്റ്റര്‍ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം ലംജുരയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. കാഠ്മണ്ഡുവില്‍ നിന്നും സൊലുകുംഭുവിലേക്ക് പോയ ഹെലികോപ്റ്ററായിരുന്നു തകര്‍ന്ന് വീണത്.

സുര്‍കെ എയര്‍പോര്‍ട്ടില്‍ നിന്നും 10.04നായിരുന്നു മാനങ്ക് എയര്‍ എന്‍.എ-എം.വി ഹെലികോപ്റ്റര്‍ പുറപ്പെട്ടത്. 10.12 നാണ് ഹെലികോപ്ടറ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജര്‍ ഗ്യാനേന്ദ്ര ഭൂല്‍ പറഞ്ഞു.

മലമുകളിലെ മരത്തില്‍ ഇടിച്ചതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ഹെലികോപ്റ്റര്‍ കണ്ടെത്തുന്നതിനായി രണ്ട് ഹെലികോപ്റ്ററുകളെ കാണാതായ സ്ഥലത്തേക്ക് അയച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ ഇവര്‍ക്ക് തിരിച്ചുവരേണ്ടി വന്നിരുന്നു. പ്രദേശവാസികള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാസംഘം സ്ഥലത്തെത്തിയത്. അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പ്രഖ്യാപിച്ചതായി വ്യോമസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlight: Missing helicopter in nepal found along with 5 bodies