| Friday, 12th May 2023, 5:13 pm

ആഷിക ഇനി ബിഗ് സ്‌ക്രീനിലേക്ക്; മിസ്സിങ് ഗേള്‍ റിലീസ് ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴിയുടെ പുതിയ ചിത്രം ‘മിസ്സിങ് ഗേള്‍’ മെയ് 19ന് തിയേറ്റര്‍ റിലീസിന്. ഫൈന്‍ ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ പുതുമുഖങ്ങളായ സഞ്ജു സോമനാഥ്, ആഷിക അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മുമ്പ് ഷോട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ആഷിക.

സിദ്ദീഖ് ലാല്‍ ഉള്‍പ്പെടെ കഴിഞ്ഞ 40 വര്‍ഷത്തിനിടെ നിരവധി ടെക്‌നീഷ്യന്‍മാരെയും, ആദ്യ സിനിമയായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതല്‍ അവസാനം പുറത്തിറങ്ങിയ ‘ഒരു അഡാര്‍ ലവ്’ വരെ ഒരു പിടി പുതുമുഖങ്ങളേയും മലയാള സിനിമയിലേക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍ വാളക്കുഴി. ഒരു അഡാര്‍ ലവിന് ശേഷം നായകന്‍, നായിക, സംവിധാകന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍ ഉള്‍പ്പെടെ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഔസേപ്പച്ചന്റെ 21ാമത്തെ ഈ ചിത്രം.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രം നവാഗതനായ അബ്ദുള്‍ റഷീദാണ് സംവിധാനം ചെയ്യുന്നത്. ‘അവള്‍ ഒരു കൃത്യത്തിലാണ്’ എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് നവാഗതരായ വിശാല്‍ വിശ്വനാഥനും അഫ്‌സല്‍ കെ. അസീസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിന്‍ സത്യയും കൈകാര്യം ചെയ്യുന്നു. സത്യജിത്തിന്റെ വരികള്‍ക്ക് ജയഹരി കാവാലം ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കലാസംവിധാനം: ജയ് പി. ഈശ്വര്‍, ഉണ്ണി മണ്ണങ്ങോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം.വി ഫിബിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിശാല്‍ വിശ്വനാഥന്‍, മേക്കപ്പ്: മഹേഷ് ബാലാജി, അസോസിയേറ്റ് ഡയറക്ടര്‍: ദാസു ദിപിന്‍, വി.എഫ്.എക്‌സ്: ഫ്രെയിംസ് ഫാക്ടറി, എസ്.എഫ്.എക്‌സ്: ബിജു പൈനാടത്ത്, ഡി.ഐ: ബിലാല്‍, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്, ഡിസൈന്‍സ്: കിഷോര്‍ ബാബു പി.എസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight: missing girl movie release date

Latest Stories

We use cookies to give you the best possible experience. Learn more