തിരുവനന്തപുരം: തമിഴ്നാട്ടിലെ കുളച്ചല്‍ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. കോവളത്ത് നിന്ന് കഴിഞ്ഞ ആഴ്ച കാണാതായ വിദേശ വനിതയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ബന്ധുക്കളും പൊലീസും കുളച്ചലിലേക്ക് തിരിച്ചിട്ടുണ്ട്.
വിഷാദരോഗത്തിന് ചികിത്സ തേടിയാണ് ലുത്വാനിയ സ്വദേശിയായ ലീഗ(33) ഇന്ത്യയിലെത്തിയത്. ചികിത്സ തേടിയ പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നാണ് ലീഗയെ ഒരാഴ്ച മുമ്പ് കാണാതായത്. കാണാതായ ദിവസം ലീഗ ഓട്ടോറിക്ഷയില്‍ കോവളത്തേക്ക് പോയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണും പാസ്പോര്‍ട്ടും കയ്യില്‍ കരുതാതെയാണ് ലീഗ പുറത്തേക്ക് പോയത്. അതിന് ശേഷം ലീഗയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്ന് സഹോദരി പറഞ്ഞു.
ലീഗയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ബന്ധുക്കള്‍ പ്രഖ്യാപിച്ചിരുന്നു.
ഓച്ചിറയില്‍ വച്ച് കഴിഞ്ഞ ദിവസം ചിലര്‍ ലീഗയെ കണ്ടതായി സംശയം പ്രകടിപ്പിച്ചതോടെ പോത്തന്‍കോട് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.