|

നാല് ദിവസങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ നിന്ന് കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഴീക്കല്‍: കണ്ണൂരില്‍ നിന്ന് കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ബോട്ട് കണ്ടെത്തുന്നത്.

അഴീക്കല്‍ ഭാഗത്ത് നിന്ന് ബോട്ട് കണ്ടെത്തുകയായിരുന്നു. നാല് മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കണ്ണൂര്‍ ആയ്ക്കരയില്‍ നിന്നാണ് ബോട്ട് കാണാതായത്. നവംബര്‍ 17നാണ് ‘സഫ മോള്‍’ എന്ന ഫൈബർ ബോട്ട് കടലിലിറക്കിയത്. തുടര്‍ന്ന് ബോട്ട് കാണാതാകുകയായിരുന്നു.  11 നോട്ടിക്കൽ മൈൽ അകലെ ഉൽക്കടലിലാണ് ബോട്ട് കുടുങ്ങിയത്.

മൂന്ന് മലയാളികളും ഒരു ഒഡീഷ സ്വദേശിയുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ട് ഡ്രൈവര്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബ്, കോഴിക്കോട് സ്വദേശി കൂര്യക്കോസ്, തിരുവനന്തപുരം സ്വദേശി വര്‍ഗീസ്, ഒഡിഷ സ്വദേശി പ്രഭു എന്നിവരാണ് ബോട്ടിലുള്ളത്.

തുടര്‍ന്ന് ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആകുകയും വിളിച്ചിട്ട് കിട്ടാതെ വരികയും ചെയ്തു.

ഇന്നലെ രാത്രിയോടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആകുകയായിരുന്നു. ഇതിനുപിന്നാലെ നടന്ന അന്വേഷണത്തിലാണ് ബോട്ട് അഴീക്കല്‍ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചത്.

ബോട്ടിലെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് ബോട്ട് ഉള്‍ക്കടലില്‍ കുടുങ്ങിയത്. നിലവില്‍ മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് പുറപ്പെട്ടതായാണ് വിവരം.

Content Highlight: Missing fishing boat found in Kannur