| Thursday, 11th May 2023, 8:26 am

2018ല്‍ മിസായതും സംവിധായകന്റെ വിശദീകരണവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന 2018 എവരിവണ്‍ ഈസ് എ ഹീറോ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 2018ല്‍ അപ്രതീക്ഷിതമായി വന്ന പ്രളയവും അതിജീവനവുമെല്ലാം സ്‌ക്രീനില്‍ കാണുമ്പോള്‍ അത് മലയാളികള്‍ക്ക് വൈകാരികമായ അനുഭവം കൂടിയാണ് സമ്മാനിക്കുക. മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമെല്ലാം പരസ്പരം രക്ഷകരാവുന്ന സാഹോദര്യത്തിന്റെ കാഴ്ചയാണ് 2018 ഒരുക്കിയത്.

നാനാഭാഗത്ത് നിന്നും പ്രശംസകള്‍ ഉയരുമ്പോഴും ചില വിമര്‍ശനങ്ങളും ചിത്രത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടേയും രാഷ്ട്രീയ നേതൃത്വങ്ങളുടേയും പൊലീസിന്റേയും ഫയര്‍ ഫോഴ്‌സിന്റേയുമൊക്കെ സംഭാവനകള്‍ 2018ല്‍ കാണിച്ചില്ല എന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. പ്രളയകാലത്തെ പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും കെ.എസ്.ഇ.ബി. ജീവനക്കാരുടേയും പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ ഉള്‍പ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രവഹിക്കുന്നുണ്ട്.

എന്നാല്‍ ചിത്രത്തിന് ശേഷം നല്‍കിയ അഭിമുഖങ്ങളില്‍ ജൂഡ് ഇതിനുള്ള വിശദീകരണം നല്‍കുന്നുണ്ട്. സാധാരണക്കാരുടെ കഥ പറയാനാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ച എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന് തന്റെ അടുപ്പക്കാരില്‍ പലരും ചോദിച്ചിരുന്നുവെന്നും എന്നാല്‍ അത് വേണ്ട, കേരള ജനതയുടെ ഒത്തൊരുമയുടെ കഥ പറയാനാണ് തനിക്ക് ഇഷ്ടമെന്നാണ് മറുപടി പറഞ്ഞതെന്നും ജൂഡ് പറയുന്നുണ്ട്.

ഒരു വിധത്തില്‍ നോക്കുമ്പോള്‍ ഈ ഭാഗത്തിലും ന്യായമുണ്ട്. പത്രത്തിന്റെ ഉള്‍പ്പേജുകളിലേക്ക് പിന്തള്ളപ്പെട്ടു പോയ സാധാരണക്കാരുടെ കഥകളാവാം ബിഗ് സ്‌ക്രീനില്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തേണ്ടിയിരുന്നത്. അവരുടെ ഒത്തൊരുമയും രക്ഷാപ്രവര്‍ത്തനവും ആഘോഷിക്കപ്പെടേണ്ടതായി സംവിധായകന് തോന്നിയിരുന്നിരിക്കാം. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയിലേക്ക് എല്ലാം ഉള്‍പ്പെടുത്തുന്ന പരിമിതിയും ഇവിടെ ഉണ്ട്.

എങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളെ ചിത്രീകരിച്ചതില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോ? നമ്മളിനി എന്തുചെയ്യും എന്ന ഭാവത്തില്‍ നിസഹായനായിരിക്കുന്ന മുഖ്യമന്ത്രിയെയാണ് 2018ല്‍ കാണുന്നത്. മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായി എന്ന നിലയിലിരിക്കുന്ന മുഖ്യമന്ത്രിയെയാണ് ഈ രംഗങ്ങളില്‍ കണ്ടതും.

ഒന്ന് പിറകോട്ട് കണ്ണോടിച്ചാല്‍ അതാണോ സംഭവിച്ചത്. അപ്രതീക്ഷിതമായി വന്ന പ്രളയത്തില്‍ സര്‍ക്കാരിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് അവര്‍ ഇനി എന്ത് ചെയ്യുമെന്ന ഭാവത്തില്‍ നിസഹായരായി ഇരിക്കുകയായിരുന്നില്ല. കിട്ടാവുന്ന സംവിധാനങ്ങളെ ഏകോപിപ്പിച്ച് തങ്ങളാല്‍ കഴിയുന്നതൊക്കെ സര്‍ക്കാരും മറ്റ് ഭരണ സംവിധാനങ്ങളും അന്ന് ചെയ്തിട്ടുണ്ട്.

സാധാരണക്കാരന്റെ ഹീറോയിസം ബിഗ് സ്‌ക്രീനില്‍ ആഘോഷിക്കുമ്പോള്‍ പരിമിതമായ അളിവില്‍ വന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ രംഗങ്ങളില്‍ അര്‍ഹിച്ച അംഗീകാരം കൊടുത്ത് കാണിക്കാമായിരുന്നു.

Content Highlight: missing factors in 2018 movie

We use cookies to give you the best possible experience. Learn more