|

കാണാതായ മുന്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കാണാതായ മുന്‍ സി.പി.ഐ.എം നേതാവ് സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തി.

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാന്‍ സമരം നടത്തിയ ഇദ്ദേഹത്തെ ശനിയാഴ്ച രാത്രിയോടെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. സുജേഷിന്റെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഇതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടിലേക്ക് തിരിച്ചെത്തിയത്.

താന്‍ യാത്ര പോയതാണ് എന്നായിരുന്നു സുജേഷിന്റെ വിശദീകരണം. സുരക്ഷിതനാണെന്നും വീട്ടില്‍ തിരിച്ചെത്തിയെന്നും പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. പൊലീസ് കേസ് എടുത്തതിനാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കും.

ശനിയാഴ്ച രാത്രി മുതലാണ് സുജേഷിനെ കാണാതായത്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെതിരെ സുജേഷ് രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് ബ്രാഞ്ച് യോഗത്തില്‍ ഉള്‍പ്പെടെ അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ  രണ്ട് മാസം മുമ്പ് സുജേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ബാങ്കില്‍ നിന്ന് 50 ലക്ഷത്തില്‍ കൂടുതല്‍ വായ്പ എടുത്തവരില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉണ്ട് എന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ സുജേഷ് പുറത്തുവിട്ടിരുന്നു.

അതേസമയം, സി.പി.ഐ.എമ്മിന്റെ ഭാഗത്തുനിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് സുജേഷിനെ കാണാതായതിന് തൊട്ടുപിന്നാലെ തന്നെ പരാതി നല്‍കിയതെന്നും വീട്ടുകാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Missing CPM ex-branch secretary returns home

Latest Stories