| Friday, 22nd November 2024, 10:15 pm

മിസൈല്‍ ആക്രമണ ഭീഷണി; ഉക്രൈനിലെ പാര്‍ലമെന്റ് സമ്മേളനം മാറ്റിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: റഷ്യയില്‍ നിന്നുള്ള വ്യോമാക്രമണ ഭീഷണിയെത്തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം മാറ്റിവെക്കാനൊരുങ്ങി ഉക്രൈന്‍. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ റോക്കറ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.

പാര്‍ലമെന്റ് സമ്മേളനം മാറ്റിവെച്ചതിന് പുറമെ തലസ്ഥാനത്തെ എല്ലാ വാണിജ്യ ഓഫീസുകളുടെയും എന്‍.ജി.ഒകളുടെയും പ്രവര്‍ത്തനം പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്. ഇതിന് പുറമെ ആക്രമണ ഭീഷണിയെക്കുറിച്ച് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും എം.പിയായ മൈകിത പോതുറൈവ് പ്രതികരിച്ചു.

അതേസമയം ഈ തീരുമാനത്തിനെതിരെ പാര്‍ലമെന്റില്‍ നിന്ന് ഭിന്നാഭിപ്രായങ്ങളാണുയരുന്നത്. പാര്‍ലമെന്റ് അംഗമായ ഒലെക്സി ഗോഞ്ചരെങ്കോ ഈ തീരുമാനം പരിഹാസമാണെന്നാണ് വിശേഷിപ്പിച്ചത്.

ഈ തീരുമാനം കീവില്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നും അതിലുപരി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കൈയിലെ കളിപ്പാവയായി രാജ്യം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ കീവിലെ പ്രസിഡന്‍ഷ്യല്‍ ഓഫീസ് പതിവുപോലെ പ്രവര്‍ത്തിക്കുന്നുെമന്ന് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുടെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉക്രൈനെതിരെ റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ പ്രയോഗിച്ചതോടെയാണ് മേഖലയിലെ സംഘര്‍ഷം വീണ്ടും തീവ്രമായത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തിന് നേരെ റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ പ്രയോഗിക്കുന്നത്.

എന്നാല്‍ 5,800 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ പതിച്ചത് യുക്രൈനിലെ നിപ്രോയിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് നേരെയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. റഷ്യയിലെ ആസ്ട്രക്കാന്‍ മേഖലയില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്.

എന്നാല്‍ മിസൈല്‍ പ്രയോഗിച്ച വിവരം റഷ്യ ഇതുവരെ ഓദ്യോഗികമായ സ്ഥിരീകരിച്ചിട്ടില്ല. 2022 ല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യ ഇന്റര്‍കോണ്ടിനെന്റല്‍ മിസൈലുകള്‍ പ്രയോഗിച്ചത്.

ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ അഥവാ ഐ.സി.ബി.എം.എസ് പ്രധാനമായും ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളാണ്. ഇവയുപയോഗിച്ച് രാസായുധങ്ങളും ജൈവായുദ്ധങ്ങളും പ്രയോഗിക്കാന്‍ സാധിക്കും.

റഷ്യയുടെ ആണവ പ്രതിരോധത്തിന്റെ പ്രധാന ഭാഗമാണ് ഇവ. ഇവയ്ക്ക് പുറമെ ആക്രമണസമയത്ത് ഒരു കിന്‍സാല്‍ ഹൈപ്പര്‍സോണിക് മിസൈലും ഏഴ് kh-101 ക്രൂയിസ് മിസൈലുകളും റഷ്യ വിക്ഷേപിച്ചിരുന്നു. റഷ്യയുടെ ആണവായുധ നയത്തില്‍ പുടിന്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു ആക്രമണമുണ്ടായത്.

Content Highlight: missile attack threat; Ukraine’s parliament session adjourned

We use cookies to give you the best possible experience. Learn more