പ്രളയക്കെടുതിയില്‍ രക്ഷയായ 24*7 മിസ്ഡ് കോള്‍ സര്‍വീസ്
Kerala Flood
പ്രളയക്കെടുതിയില്‍ രക്ഷയായ 24*7 മിസ്ഡ് കോള്‍ സര്‍വീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th August 2018, 4:52 pm

തിരുവന്തപുരം: പ്രളയക്കാലത്ത് കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നതില്‍ നേരിട്ട ബുദ്ധിമുട്ടുകളായിരുന്നു. ഒറ്റപ്പെട്ടുപോയ നിരവധി പേര്‍ നിരന്തരമായി വിളിക്കാന്‍ തുടങ്ങിയതോടെ എല്ലാ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പ്രവര്‍ത്തനരഹിതമാകാന്‍ തുടങ്ങിയിരുന്നു.

ഈ സമയത്താണ് 08824433449 എന്ന മിസ്ഡ് കോള്‍ സര്‍വീസ് രംഗത്ത് വരുന്നത്. 24 മണിക്കൂര്‍ സര്‍വീസ് ലഭ്യമായിരുന്ന ഈ നമ്പര്‍ നിരവധി ജീവനുകള്‍ രക്ഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

കോഴിക്കോടില്‍ നിന്നുള്ള അഖില്‍ കൃഷ്ണ എന്ന യുവാവിന്റെയും സംഘത്തിന്റെയും
സമയോചിതമായ ഇടപെടലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മിസ്ഡ് കോള്‍ സര്‍വീസിന് തുടക്കം കുറിച്ചത്.


“മലയാളികളുടെ ഒരുമാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളത്തിന് കരകയറാനാകും”;ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി


ഈ നമ്പറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം അഖില്‍ ഫേസ്ബുക്കില്‍ വിശദമായി എഴുതിയിരുന്നു.

വെബ്ക്വ എന്ന തന്റെ കമ്പനി ബിസിനസ് ലീഡ് മാനേജ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന GetleadCRM കുറച്ച് കസ്റ്റമൈസ് ചെയ്താണ് മിസ്ഡ് കോള്‍ സംവിധാനത്തില്‍ ഉപയോഗിച്ചതെന്ന് അഖില്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

വരുന്ന കോളുകള്‍ ഓട്ടോമാറ്റിക് ആയി കട്ട് ചെയ്യപ്പെടുകയും തുടര്‍ന്ന് ആ നമ്പറിലേക്ക് തിരിച്ചുവിളിക്കുകയുമാണ് ചെയ്തത്. 3500ല്‍ ഏറെ കോളുകള്‍ ഇത്തരത്തില്‍ ലഭിച്ചുവെന്നും അഖില്‍ പറയുന്നു.


ദുരന്തകാലത്തെ സ്‌കൂളുകള്‍


വരുന്ന കോളുകള്‍ കൃത്യമായി ക്രമീകരിച്ച് രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ക്ക് കൈമാറുകയായിരുന്നു അടുത്ത ഘട്ടം. വരുന്ന നമ്പറിലേക്ക് തിരിച്ചുവിളിക്കുക, വിവരങ്ങള്‍ ക്രോഡീകരിക്കുക, റെസ്‌ക്യൂ ടീമുകളുമായി ബന്ധപ്പെടുക എന്നീ കാര്യങ്ങള്‍ക്കായി മൂന്ന് വ്യത്യസ്ത വാട്ടസ്ആപ്പ് ഗ്രൂപ്പുകളും ഉപയോഗിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ലഭിക്കുന്ന മിസ്ഡ് കോളുകളിലേക്ക് തിരിച്ചുവിളിക്കുന്നതിന് തയ്യാറായി മുന്നോട്ടുവന്നത്. പരസ്പരം അറിയുക പോലും ചെയ്യാത്ത ഈ വൊളിണ്ടയര്‍മാരുടെ നിസ്വാര്‍ത്ഥ സേവനമാണ് നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.

രണ്ടാം ദിവസം മുതല്‍ രക്ഷപ്പെട്ടവര്‍ നന്ദിയറിയിക്കുന്നതിന് വേണ്ടി വിളിച്ചത് ഏറെ സന്തോഷം നല്‍കി. സാങ്കേതിക വിദ്യയേക്കാള്‍ കോളുകളും വിവരങ്ങളും ഏകോപിപ്പിച്ച് സേവനങ്ങള്‍ ലഭ്യമാക്കാന്‍ രാപ്പകലില്ലാതെ കൂടെ നിന്നവരാണ് എല്ലാം സാധ്യമാക്കിയതെന്നും അഖില്‍ പറയുന്നു.