ആ ഒരൊറ്റ സിനിമ കാരണം ചാര്‍ളി ഉള്‍പ്പടെ 9 സിനിമകള്‍ എനിക്ക് നഷ്ടമായി: ചെമ്പില്‍ അശോകന്‍
Entertainment news
ആ ഒരൊറ്റ സിനിമ കാരണം ചാര്‍ളി ഉള്‍പ്പടെ 9 സിനിമകള്‍ എനിക്ക് നഷ്ടമായി: ചെമ്പില്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th June 2023, 2:20 pm

ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ന്യൂസിലാന്റില്‍ പോയത് കൊണ്ട് ചാര്‍ളി ഉള്‍പ്പടെ 9 സിനിമകള്‍ തനിക്ക് നഷ്ടമായതായി നടന്‍ ചെമ്പില്‍ അശോകന്‍. സിനിമകള്‍ നഷ്ടപ്പെട്ടതില്‍ സങ്കടമില്ലെന്നും ന്യൂസിലാന്റ് കാണാനായല്ലോ എന്ന സന്തോഷമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന്റെ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഏറ്റവും കൂടുതല്‍ ദിവസം നാട്ടില്‍ നിന്നും മാറി നിന്നിട്ടുള്ളത് ലൈഫ് ഓഫ് ജോസൂട്ടിയുടെ സമയത്താണ്. 33 ദിവസം ന്യൂസിലാന്റിലായിരുന്നു. ആദ്യമായി ഇന്ത്യ വിട്ട് പുറത്ത് പോകുന്നതും അന്നാണ്. നാട് വിട്ട് നിന്നത് കൊണ്ട് വിഷമമൊന്നുമുണ്ടായിരുന്നില്ല, പക്ഷെ ആ യാത്രകാരണം 9 സിനിമകള്‍ എനിക്ക് നഷ്ടമായി. സാമ്പത്തികമായി നോക്കുമ്പോള്‍ എന്നെക്കൊണ്ട് നടക്കാത്തതാണ് അത്രയും ദിവസം പുറത്ത് പോയിനില്‍ക്കുകയെന്ന് അതോടെ മനസിലായി. സിനിമയുടെ തുടക്കത്തില്‍ തന്നെ ന്യൂസിലാന്റിലായിരിക്കും ഷൂട്ടിങ് എന്ന് എന്നോട് പറഞ്ഞിരുന്നു,’ ചെമ്പില്‍ അശോകന്‍ പറഞ്ഞു.

ആ സമയത്ത് കമ്മിറ്റ് ചെയ്തിരുന്നതും ലഭിക്കേണ്ടിയിരുന്നതുമായ 9 സിനിമകള്‍ നഷ്ടമായതായും താരം പറയുന്നു. ‘ ആ സമയത്ത് തന്നെയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ ഷൂട്ടിങ്. ഇവിടെ തൃപ്പുണിത്തുറയിലായിരുന്നു മൊയ്തീനിലെ കോടതി രംഗങ്ങള്‍ ചിത്രീകരിച്ചത്. അതില്‍ രണ്ട് സീനില്‍ അഭിനയിക്കേണ്ടിയിരുന്നു. ന്യൂസിലാന്റില്‍ പോകേണ്ടി വന്നതോടെ അത് നഷ്ടമായി. എ.ടി.എം എന്ന പടവും, ചാര്‍ളിയുമൊക്കെ ആ യാത്രകാരണം നഷ്ടമായി. അതൊക്കെ പോയാലും ന്യൂസിലാന്റ് കാണാന്‍ പറ്റിയല്ലോ. അല്ലാതെ നമ്മളെകൊണ്ട് സ്വന്തം സാധിക്കുന്ന കാര്യമായിരുന്നില്ല അത്.

ന്യൂസിലാന്റില്‍ അങ്ങനെ കറങ്ങാനൊന്നും സമയം കിട്ടിയിരുന്നില്ല. കിട്ടിയാല്‍ തന്നെ ഭാഷയും മറ്റും അറിയാത്തത് കൊണ്ട് പുറത്തേക്കൊന്നും ഇറങ്ങാറുമുണ്ടായിരുന്നില്ല. തിരിച്ച് താമസ സ്ഥലത്ത് തന്നെ എത്തണമല്ലോ എന്നത് കൊണ്ട് ആരെയെങ്കിലും കൂടെ കൂട്ടിയിട്ടാണ് പുറത്തിറങ്ങിയിരുന്നത്. മലയാളി ആയിട്ടുള്ള ഒരാളായിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. അത് കൊണ്ട് തന്നെ കേരള ഭക്ഷണവും ലഭിച്ചിരുന്നു. കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെയുള്ള പിള്ളേരും അവിടെയുണ്ടായിരുന്നു. വെള്ളിമൂങ്ങയും, മണിരത്‌നവുമൊക്കെ ഇറങ്ങുകയും അതെല്ലാം വിജയിക്കുകയും ചെയ്ത കാലമായതിനാല്‍ അവരില്‍ നിന്ന് ഭയങ്കര സ്വീകരണവും ലഭിച്ചിരുന്നു.

മട്ടനായിരുന്നു അവിടെ അധികവും കഴിക്കാനുണ്ടായിരുന്നത്. ഇവിടുത്തെ പോലുള്ള മട്ടനായിരുന്നില്ല. വേറൊരു തരം ആടായിരുന്നു. എനിക്കത് ഇഷ്ടമല്ല. പ്രൊഡ്യൂസര്‍ മലയാളി ആയത് കൊണ്ട് നമുക്ക് ചോറായിരുന്നു അവിടെ ലഭിച്ചിരുന്നത്,’ ചെമ്പില്‍ അശോകന്‍ പറഞ്ഞു.

content highlights: Missed 9 films after going to New Zealand to shoot for Life of Josooty: Chembil Ashokan