| Wednesday, 2nd June 2021, 7:25 pm

ജീവിതം, സ്വപ്നം, സിനിമ, രാഷ്ട്രീയം; മിസ് ട്രാന്‍സ് ഗ്ലോബല്‍ 2021 ഇന്ത്യ കിരീടം ചൂടിയ ആദ്യ മലയാളി ശ്രുതി സിത്താരക്ക് പറയാനുള്ളത്

അന്ന കീർത്തി ജോർജ്

മിസ് ട്രാന്‍സ് ഗ്ലോബല്‍ 2021 ഇന്ത്യ കിരീടം ചൂടിയ ആദ്യ മലയാളി ശ്രുതി സിത്താര ജീവിതവും സ്വപ്നങ്ങളും നിലപാടുകളും ഡൂള്‍ന്യൂസിനോട് പങ്കുവെക്കുന്നു. മത്സരത്തെ കുറിച്ചും ഇനിയുള്ള സ്വപ്നങ്ങളെ കുറിച്ചും അഭിനയ മോഹത്തെ കുറിച്ചും സിത്താര സംസാരിക്കുന്നു. ഞാന്‍ മേരിക്കുട്ടി അടക്കമുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ കുറിച്ചുള്ള സിനിമകളോടുള്ള തന്റെ ചില വിയോജിപ്പുകളെ കുറിച്ചും ശ്രുതി തുറന്നുപറയുന്നു.

മിസ് ട്രാന്‍സ് ഗ്ലോബല്‍ 2021 ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത് കിരീടം ചൂടുന്നത് വരെയുള്ള യാത്ര

എനിക്ക് ഈ മത്സരത്തെ കുറിച്ച് അറിയുകയേ ഇല്ലായിരുന്നു. സെലിബ്രിറ്റി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമ എന്ന ഞങ്ങളുടെ സ്വന്തം രഞ്ജുമയാണ് മിസ് ട്രാന്‍സ് ഗ്ലോബലിനെ കുറിച്ച് പറയുന്നത്. അതിനുശേഷം ഞാന്‍ ഇതിനെ കുറിച്ച് കൂടുതല്‍ റിസര്‍ച്ച് ചെയ്തു.

മിസ് ട്രാന്‍സ് ഇന്റര്‍നാഷണല്‍ എന്ന ഷോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നമിത മാരിമുത്തുവാണ് മിസ് ട്രാന്‍സ് ഗ്ലോബല്‍ 2021 ഇന്ത്യയുടെ മെന്റര്‍. രഞ്ജുമയും നമിതയും വഴിയാണ് ഞാന്‍ ഷോയിലെത്തിയത്. സാധാരണ പേജന്റുകളിലെ പോലെ നിരവധി റൗണ്ടുകള്‍ മത്സരത്തിലുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയായ സഞ്ജന ചന്ദ്രനും ഞാനുമായിരുന്നു ഫൈനല്‍ റൗണ്ടിലെത്തിയത്. അങ്ങനെ എല്ലാം കഴിഞ്ഞ് ഭാഗ്യവശാല്‍ ഞാന്‍ വിജയിയായി.

കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മത്സരം വിര്‍ച്വലായിട്ടാണ് നടത്തിയത്. ഇനിയുള്ള ഘട്ടങ്ങളും അങ്ങനെ തന്നെയായിരിക്കും. 16 – 18 വരെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്റര്‍നാഷണല്‍ ലെവലില്‍ ഉണ്ടാവുക. അതില്‍ നിന്നും 5 പേരെ അവസാന റൗണ്ടിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.

ആദ്യമായിട്ടായിരിക്കും ഒരു മലയാളി ബ്യൂട്ടി പേജന്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അത് ഞാനായതില്‍ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. എന്റെ ഈ വിജയത്തിന് ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്. അനന്യ കുമാരി അലക്സും ഹെയര്‍ സ്റ്റെലിസ്റ്റ് ശ്രുതിയുമാണ് എന്റെ കോസ്റ്റിയൂംസ് ഡിസൈന്‍ ചെയ്തത്.

മേക്ക്അപ്പ് ചെയ്തത് നതാഷ തോമസും വി.ടി ബര്‍ണാഡും പ്രാണയുമാണ്. എന്റെ ഫോട്ടാകളും വീഡിയോയുമെല്ലാം ചെയ്തത് അഖില്‍ പി. സജീവാണ്. ഇവരെ കൂടാതെ മാനസികമായി എന്നെ പിന്തുണച്ച ഒത്തിരിപേരുണ്ട്.

ഇവരുടെയെല്ലാം പിന്തുണ കൊണ്ടാണ് ഈ വിജയം നേടാനായത്. ഈ വിജയത്തെ എന്റെ മാത്രം നേട്ടമായി കണക്കാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് എന്റെ കമ്യൂണിറ്റിയുടെ വിജയമാണ്. ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ മാത്രമല്ല, എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ മുഴുവന്‍ വിജയമാണ്.

മോഡലിംഗ് രംഗത്തേക്കുള്ള കടന്നുവരവ്

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ പ്രധാന ബ്യൂട്ടി പേജന്റുകളിലൊന്നായി മാറിയ, 2017ല്‍ തുടങ്ങിയ ക്വീന്‍ ഓഫ് ക്വവേയുടെ രണ്ടാം സീസണ്‍ വിജയിയാണ് ഞാന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു അത്. പി.എസ്.സിയില്‍ വരെ ഇതേക്കുറിച്ച് ചോദ്യങ്ങളുണ്ടായിരുന്നു. ആ ഒരു ഷോയോട് കൂടിയാണ് ഞാന്‍ മോഡലിംഗ് രംഗത്തേക്ക് വരുന്നത്.

ഞാന്‍ ആണ്‍കുട്ടിയായി കഴിഞ്ഞിരുന്ന സമയത്ത്, എന്നെങ്കിലും ഒരു പെണ്‍കുട്ടിയായി ജീവിക്കാന്‍ സാധിക്കുമെന്ന് തന്നെ കരുതിയിരുന്നില്ല. മോഡലിംഗിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലായിരുന്നു. അപ്രതീക്ഷിതമായാണ് എല്ലാം നടന്നത്.

സിനിമാ മോഹങ്ങള്‍

മോഡലിംഗില്‍ എനിക്ക് താല്‍പര്യമുണ്ടന്നേയുള്ളു. എന്റെ പാഷന്‍ അഭിനയം ആണ്. ഒരു ക്യാരക്ടര്‍ ആക്ടറായി അറിയപ്പെടണമെന്നാണ് ആഗ്രഹം. സിനിമയിലേക്ക് ചില അവസരങ്ങള്‍ വന്നിട്ടുണ്ട്. ചില ചിത്രങ്ങളില്‍ ഇപ്പോള്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. പക്ഷെ അത് ഇറങ്ങിയിട്ടില്ല. പിന്നെ സിനിമയുടെ കാര്യമാണ്, ഒരുപക്ഷെ റിലീസാവുമ്പോള്‍ ഞാന്‍ ചെയ്ത ഭാഗങ്ങള്‍ ഉണ്ടാകണമെന്ന് തന്നെയില്ല. അതുകൊണ്ട് തന്നെ ആ റോളുകളെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല.

ചെറുപ്പത്തില്‍ തന്നെ അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു. ദൂരദര്‍ശനിലെ ചിത്രഗീതത്തിലും ബസില്‍ കേള്‍ക്കുന്ന പാട്ടുകളിലുമെല്ലാം അതിലെ നായിക ഞാനാണെന്നായിരുന്നു സങ്കല്‍പ്പിക്കാറുള്ളത്. അമ്മയുടെയും അച്ഛന്റെയും കണ്ണുവെട്ടിച്ച്, ഷാളൊക്കെ ചുറ്റി ഡാന്‍സ് കളിക്കുമായിരുന്നു.

എന്നാല്‍ അഭിനയത്തോടുള്ള താല്‍പര്യം ആരോടും പറഞ്ഞിരുന്നില്ല. ആ ആഗ്രഹമൊക്കെ ഉപേക്ഷിച്ചതാണ്. വെറുതെ സ്വപ്നം കാണുകയേയുള്ളൂ, ഒന്നും നടക്കില്ല എന്ന തോന്നലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അഭിനയിക്കാന്‍ സാധിക്കുമെന്ന ഒരു തോന്നലുണ്ട്. വീണ്ടും ആഗ്രഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഏത് കഥാപാത്രമായാലും ചെയ്യാനാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഒരുപാട് മികച്ച സംവിധായകര്‍ നമുക്കുണ്ട്. എല്ലാവരുടെയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹവുമുണ്ട്. എന്നാലും മണിരത്നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് വലിയ മോഹമാണ്. എനിക്ക് ഏറെ ആരാധന തോന്നുന്ന സംവിധായകനാണ് അദ്ദേഹം.

സിനിമയിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പ്രാതിനിധ്യവും അവതരണവും

സിനിമയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ റെപ്രസെന്റേഷന്‍ വളരെ കുറവാണ്. മലയാളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ ഏത് ഭാഷയിലായാലും അങ്ങനെ തന്നെയാണ്. എനിക്ക് ഇതേ കുറിച്ചൊക്കെ സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴാണ് അതിനുള്ള സ്പേസ് കിട്ടുന്നത്.

അഞ്ജലി അമീറും തമിഴിലെ ട്രാന്‍സ് വുമണായ ജീവയുമല്ലാതെ എടുത്തു പറയത്തക്ക ശ്രദ്ധ നേടിയ ആരും തന്നെ ഇന്ത്യന്‍ സിനിമകളിലില്ല. മുന്‍പ് ട്രാന്‍സ് വ്യക്തികളെ പരിഹാസ കഥാപാത്രങ്ങളായിട്ടായിരുന്നു ചിത്രീകരിക്കാറുള്ളത്. ഇന്ന് അതിലെല്ലാം മാറ്റം വരാന്‍ തുടങ്ങിയിട്ടുണ്ട്. ആക്ടിവിസ്റ്റുകളുടെയും മറ്റും നിരന്തര ഇടപെടലുകള്‍ മൂലമാണ് അത് സാധ്യമായത്.

വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് വഴി ശീതള്‍ ശ്യാമിനെ പോലെയുള്ളവര്‍ സിനിമയിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ റെപ്രസെന്റേഷനും അവതരണവും സംബന്ധിച്ച വിയോജിപ്പുകള്‍ അറിയിക്കാറുണ്ട്. ആക്ടിംഗ് എന്ന പാഷനോടൊപ്പം ഒരു ട്രാന്‍സ് വ്യക്തിയുടെ പ്രാതിനിധ്യം ആ മേഖലയില്‍ കൊണ്ടു വരണമെന്ന ആഗ്രഹവും കൂടി എനിക്കുണ്ട്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ജീവിതം പറയുന്ന സിനിമകളും സിസ് ജെന്‍ഡര്‍ പുരുഷന്മാര്‍ തന്നെ ട്രാന്‍സ് വ്യക്തികളായി അഭിനിയക്കുന്നതും

ട്രാന്‍സ് വ്യക്തികളുടെ ജീവിതം പറയുന്ന സിനിമകളില്‍ സിസ് ജെന്‍ഡര്‍ പുരുഷന്മാര്‍ തന്നെ അഭിനയിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. പക്ഷെ സിനിമാ അണിയറ പ്രവര്‍ത്തകര്‍ നോക്കുമ്പോള്‍ അതില്‍ അഭിനയിച്ച നടന്മാര്‍ക്കാണ് സാറ്റ്ലൈറ്റ് വിലയും കൊമേഴ്സ്യല്‍ മൂല്യവുമൊക്കെയുള്ളത്. നമ്മളെ പോലെയുള്ള ആളുകളെ വെച്ചാല്‍ ചിത്രം അത്രയും ശ്രദ്ധിക്കപ്പെടില്ല. അങ്ങനെ നോക്കുമ്പോള്‍ ഞങ്ങളുടെ കഥ പറയുന്ന സിനിമകള്‍ ചെയ്തുവെന്നത് നല്ല കാര്യം തന്നെയാണ്.

അതേസമയം, ഇപ്പോള്‍ ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രമെടുത്താല്‍, അതില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രം പോലുമില്ല. ഒരു ട്രാന്‍സ് വ്യക്തിയുടെ ജീവിതത്തില്‍ തീര്‍ച്ചയായും മറ്റു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുണ്ടായിരിക്കും. ഇവര്‍ക്ക് ആ ജീവിതങ്ങളില്‍ വലിയ പ്രധാന്യമുണ്ടായിരിക്കും.

എന്നാല്‍ ഈ സിനിമയില്‍ മേരിക്കുട്ടി മറ്റൊരു ട്രാന്‍സ് വ്യക്തിയുമായി സംസാരിക്കുന്നതോ ഇടപഴകുന്നതോ ആയ ഒരു സീന്‍ പോലുമില്ല. സുഹൃത്തുക്കളായെങ്കിലും ട്രാന്‍സ് വ്യക്തികളെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ സിനിമക്ക് കുറച്ചുകൂടി സ്വാഭാവികത തോന്നുമായിരുന്നു.

യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന സത്യസന്ധമായ കഥയാണ് മേരിക്കുട്ടി പറയുന്നത്. നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അതിലെ ചില ഡയലോഗുകളോടും പരാമര്‍ശങ്ങളോടും എനിക്ക് വിയോജിപ്പുണ്ടായിരുന്നു.

മേരിക്കുട്ടി സ്ത്രീയെന്ന പ്രിവില്ലേജ് അനുഭവിക്കാന്‍ വല്ലാതെ ആഗ്രഹിക്കുന്നയാളാണ്. അപ്പോള്‍ നമ്മുടെ സമൂഹം വീണ്ടും സ്ത്രീ – പുരുഷന്‍ എന്ന ദ്വന്ദ്വങ്ങളിലേക്ക് തന്നെ മടങ്ങിപ്പോകുകയാണ്. ആണും പെണ്ണും മാത്രമായി എല്ലാവരെയും ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ട്രാന്‍സ് ആയി തന്നെ കാണാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗം അപ്പുറത്തുണ്ട്, ഞാനടക്കം. ഞാന്‍ ട്രാന്‍സ് വ്യക്തിയായി തന്നെ അഡ്രസ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അങ്ങനെ നോക്കുമ്പോള്‍ മേരിക്കുട്ടിയുടെ പല വാചകങ്ങളോടും എനിക്ക് വിയോജിപ്പുണ്ട്.

ഐ.എ.എസ് മോഹവും ബിസിനസും

സംരഭകയാകണമെന്ന് ആഗ്രഹമുണ്ട്. ആണ്‍കുട്ടിയായിരുന്ന സമയത്ത് ബിസിനസ് തുടങ്ങണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പിന്നീട് അതെല്ലാം മാറ്റിവെച്ചു. അതുപോലെ തന്നെ ഐ.എ.എസ് നേടാനും ശ്രമിച്ചിരുന്നു. ഇപ്പോഴും ആ രണ്ട് മോഹങ്ങളും ഉപേക്ഷിച്ചിട്ടില്ല.

എന്നാല്‍ ആദ്യ പരിഗണനയും അഭിനിവേശവും അഭിനയത്തോട് തന്നെയാണ്. പിന്നെ അവസരം വരുന്നതിനനുസരിച്ച് എല്ലാം ചെയ്യാമെന്ന് കരുതുന്നു. അങ്ങനെ സഫലമാക്കാനുള്ള ഒരുപിടി സ്വപ്നങ്ങളുണ്ട്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ കടന്നുവരവ്

രാഷ്ട്രീയത്തിലേക്കുള്ള ട്രാന്‍സ് വ്യക്തികള്‍ കടന്നുവരുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് ഞാന്‍ വീക്ഷിക്കുന്നത്. എന്റെ സുഹൃത്തായ അനന്യ കുമാരി അലക്സ് വേങ്ങരയിലെ സ്ഥാനാര്‍ത്ഥിയായി നിന്നിരുന്നു. അങ്ങനെ ഒരുപാട് പേര്‍ സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്നുണ്ട്. ആദ്യ ശ്രമങ്ങളിലൊന്നും വിജയിക്കാന്‍ സാധിക്കില്ലല്ലോ, പക്ഷെ നമ്മുടെ പ്രാതിനിധ്യം തെളിയിക്കാന്‍ സാധിക്കും. അതുതന്നെയാണ് ഇപ്പോള്‍ സാധിക്കുന്ന ലക്ഷ്യവും.

മുന്‍ധാര രാഷ്ട്രീയപാര്‍ട്ടികളിലാരെങ്കിലും ഒരു ട്രാന്‍സ് വ്യക്തിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരുന്നെങ്കില്‍, വിജയിച്ചാലും ഇല്ലെങ്കിലും, അതൊരു നാഴികക്കല്ലായി മാറിയേനെ. ജനങ്ങളെ സഹായിക്കുന്ന ഒരു സര്‍ക്കാരാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ എല്‍.ഡി.എഫ് തന്നെ ഒരു ട്രാന്‍സ് വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Miss Trans Global 2021 India winner, Malayalee Sruthy Sithara – Interview

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more