| Wednesday, 17th November 2021, 7:05 pm

മോഡലുകളുടെ അപകടമരണം; തെളിവ് നശിപ്പിച്ചതിന് ഹോട്ടലുടമ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാട്ട് അറസ്റ്റില്‍. അപകടം നടക്കും മുമ്പ് അന്‍സി കബീറും അഞ്ജന ഷാജനും റോയിയുടെ ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

ഡി.ജെ. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെടുക്കാനായിരുന്നില്ല. റോയിയുടെ നിര്‍ദേശപ്രകാരം സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

തെളിവ് നശിപ്പിച്ചുവെന്ന കേസിലാണ് റോയിയേയും അഞ്ച് ഹോട്ടല്‍ ജീവനക്കാരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

മോഡലുകളും സംഘവും പങ്കെടുത്ത ഡി.ജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക്കിനായി തേവര കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍ നടത്തിയിരുന്നു. നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാരെയും കൂട്ടിയാണ് പൊലീസ് ഹാര്‍ഡ് ഡിസ്‌ക്കിനായി ഇവിടെ തെരച്ചില്‍ നടത്തിയത്.

റോയ് ഇതുവരെ പൊലീസിന് കൈമാറാത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. റോയിയുടെ വീട് കണ്ണങ്കാട്ട് പാലത്തിനടുത്താണ്. ഇവിടെ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ് ഡി.വി.ആര്‍ തെരച്ചില്‍ നടത്തിയത്.

അതേസമയം മകളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് അന്‍സിയയുടെ കുടുംബം മുന്നോട്ട് വന്നു. അന്‍സിയും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നത് എന്തിനാണെന്ന് അറിയണമെന്നും അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാന്‍ വിപലുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: miss kerala winners ansi kabeer anjana shajan accident death number 18 hotel owner arrested

We use cookies to give you the best possible experience. Learn more