'ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാവുകയോ, അപമാനിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഒരു കാര്യം ഉറപ്പുവരുത്തുക'; ദുരനുഭവം പങ്കുവെച്ച് മുന്‍ മിസ്സ് ഇന്ത്യ യൂണിവേഴ്‌സ്
national news
'ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാവുകയോ, അപമാനിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഒരു കാര്യം ഉറപ്പുവരുത്തുക'; ദുരനുഭവം പങ്കുവെച്ച് മുന്‍ മിസ്സ് ഇന്ത്യ യൂണിവേഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 11:46 pm

ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ് ഉഷോഷി സെന്‍ഗുപ്ത. ഒരുസംഘം യുവാക്കള്‍ താന്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചെന്നും തന്നെ അപമാനിച്ചെന്നും തെളിവുകള്‍ അടക്കമാണ് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് പരാതി നല്‍കാന്‍ ചെന്ന തന്നോട് നിരുത്തരവാദപരമായി പെരുമാറിയെ പൊലീസിനെക്കുറിച്ചും വിശദമായി അവര്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

ഉഷോഷിയുടെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരാതി സ്വീകരിക്കാത്തതില്‍ ഉന്നതതലത്തില്‍ അന്വേഷണത്തിന് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കൊല്‍ക്കത്ത പൊലീസ് വിശദീകരണം നല്‍കി. ട്വിറ്ററിലായിരുന്നു പൊലീസിന്റെ വിശദീകരണം.

ജോലികഴിഞ്ഞ് തിരികെ ഊബറില്‍ വീട്ടിലേക്കു പോകുകയായിരുന്ന തനിക്കു നേരെ വഴിയില്‍വെച്ച് ഒരുസംഘം യുവാക്കള്‍ ആക്രമണം നടത്തിയെന്നാണ് ഉഷോഷി പറയുന്നത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസ്സ് അടിച്ചുതകര്‍ത്തതിന്റെ ഫോട്ടോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടെന്നും അവര്‍ വ്യക്തമാക്കി.

2010-ലാണ് ഉഷോഷി മിസ്സ് ഇന്ത്യ യൂണിവേഴ്‌സ് കിരീടം നേടുന്നത്.

ഉഷോഷി സെന്‍ഗുപ്തയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം (പരിഭാഷ):

‘2019 ജൂണ്‍ 17-ന് രാത്രി 11.40-ഓടെ ജോലി അവസാനിപ്പിച്ച് വീട്ടിലേക്കു തിരികെപ്പോകാനായി ഞാന്‍ കൊല്‍ക്കത്തയില ജെ.ഡബ്ലു മാരിയട്ടില്‍ നിന്ന് ഒരു ഊബര്‍ വിളിച്ചു. മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിക്കുവേണ്ടിയാണ് ഞാന്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാത്രി വൈകിയും ജോലി ചെയ്യാന്‍ എന്റെ തൊഴില്‍ എന്നോട് ആവശ്യപ്പെടുന്നുണ്ട്. എന്റെ സഹപ്രവര്‍ത്തകനും അപ്പോള്‍ ഒപ്പമുണ്ടായിരുന്നു.

എല്‍ജിനിലേക്കു പോകുന്ന വഴിയില്‍ എക്‌സൈഡില്‍ വെച്ച് കാര്‍ തിരിക്കവെയാണ് കുറച്ച് ആണ്‍കുട്ടികള്‍ (ഹെല്‍മെറ്റില്ലാതെ) ബൈക്കില്‍ വരികയും ഞങ്ങളുടെ ഊബറില്‍ ഇടിക്കുകയും ചെയ്തത്. അവര്‍ ബൈക്ക് നിര്‍ത്തുകയും ഡ്രൈവറുടെ നേരെ ആക്രോശിക്കുകയും ചെയ്തു.

നിമിഷനേരം കൊണ്ട് അവര്‍ 15 പേരായി. തുടര്‍ന്ന് അവര്‍ കാറിന്റെ ചില്ല് അടിച്ചുപൊട്ടിക്കുകയും അതുവഴി ഡ്രൈവറെ പുറത്തേക്കു വലിച്ചെടുക്കുകയും ചെയ്തു. അവര്‍ ഡ്രൈവറെ വലിച്ചിഴച്ച് മര്‍ദിച്ചു.

അപ്പോഴാണ് ഞാന്‍ കാറില്‍ നിന്നിറങ്ങി അവരുടെ വീഡിയോ എടുക്കുകയും (ചുവടെ നല്‍കിയിട്ടുണ്ട്) അവരോട് ദേഷ്യപ്പെടുകയും ചെയ്തത്.

തുടര്‍ന്ന് ഞാന്‍ മൈദാന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെന്നു. അവിടെനില്‍ക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനോട് എന്റെ കൂടെ വരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു തങ്ങളുടെ അധികാരപരിധിയല്ലെന്നും ഭവാനിപോര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ എന്റെ കൂടെ വരണമെന്നും അല്ലെങ്കില്‍ അവര്‍ ഡ്രൈവറെ കൊല്ലുമെന്നും ഞാന്‍ അദ്ദേഹത്തോടു യാചിച്ചു.

തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ എന്നോടൊപ്പം അവിടെയെത്തിയത്. തുടര്‍ന്ന് എന്തിനാണ് ഇവിടെ പ്രശ്‌നമുണ്ടാക്കുന്നതെന്ന് ആ യുവാക്കളോട് അവര്‍ ചോദിച്ചു. പക്ഷേ അവര്‍ പൊലീസുകാരെ തള്ളിമാറ്റി ഓടുകയായിരുന്നു.

എല്ലാം അവസാനിച്ചതിനു ശേഷമാണ് ഭവാനിപോര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പൊലീസുകാരെത്തിയത്. അപ്പോള്‍ സമയം 12 മണിയായിരുന്നു.

ഞാന്‍ ഡ്രൈവറോട് എന്റെ സഹപ്രവര്‍ത്തകനെ വീട്ടില്‍ വിടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പിറ്റേദിവസം രാവിലെ പൊലീസ് സ്റ്റേഷനില്‍പ്പോകാന്‍ തീരുമാനിക്കുകയായിരുന്നു.

പിന്നീട് നടന്ന അത്ഭുതമെന്തെന്നാല്‍, ലേക്ക് ഗാര്‍ഡന്‍സ് ഗവണ്‍മെന്റ് ഹൗസിങ്ങിനു സമീപം എന്റെ സഹപ്രവര്‍ത്തകനെ വിടുന്നതിനു വേണ്ടി പോകവെ, മൂന്ന് ബൈക്കുകളിലായി ആ യുവാക്കളില്‍ ആറുപേര്‍ വരികയും കാര്‍ തടഞ്ഞുനിര്‍ത്തി കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് എന്നെ കാറില്‍ നിന്നു വലിച്ചിറക്കി എന്റെ ഫോണ്‍ നശിപ്പിച്ച് ആ വീഡിയോ കളയാന്‍ ശ്രമിച്ചു.

അപ്പോള്‍ത്തന്നെ എന്റെ സഹപ്രവര്‍ത്തകന്‍ കാറില്‍ നിന്ന് ചാടിയിറങ്ങി. ഞാനും ഭയന്നു. ഞാന്‍ ഉറക്കെ നിലവിളിച്ചതുകേട്ട് നാട്ടുകാര്‍ അവര്‍ ഓടിക്കൂടി.

അപ്പോഴാണ് എന്റെ ശ്വാസം നേരേവീണത്. അപ്പോള്‍ത്തന്നെ ഞാനെന്റെ അച്ഛനെയും സഹോദരിയെയും വിളിച്ചു. എന്റെ വീടിനടുത്ത പ്രദേശത്തു തന്നെയാണ് ഇതു സംഭവിച്ചതും. അതുകൊണ്ടുതന്നെ ചാരു മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എന്നോട് പൊലീസുകാര്‍ പറഞ്ഞു. അവിടെച്ചെന്ന് ഞാന്‍ സബ് ഇന്‍സ്‌പെക്ടറെ കണ്ടപ്പോള്‍, അദ്ദേഹം പറഞ്ഞത്, ഇത് ഭവാനിപോര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കാനാണ്. അതു കേട്ടപ്പോള്‍ ഞാന്‍ അവിടെനിന്ന് ബഹളം വെച്ചു. അപ്പോള്‍ സമയം പുലര്‍ച്ചെ ഒന്നര. ഒരു വനിതാ ഉദ്യോഗസ്ഥ പോലും അവിടെയുണ്ടായിരുന്നില്ല.

തുടര്‍ന്ന് കുറേ ചോദ്യങ്ങള്‍ ചോദിച്ചശേഷം അവരെന്റെ പരാതി സ്വീകരിച്ചു. പക്ഷേ ഊബര്‍ ഡ്രൈവറുടെ പരാതി സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഒരേ വിഷയത്തില്‍ രണ്ടു പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. അതു നിയമത്തിനെതിരാണെന്നും അവര്‍ പറഞ്ഞു. എന്റെ ഡ്രൈവര്‍ക്ക് പരാതി നല്‍കണമെന്നുണ്ടായിരുന്നെങ്കിലും അവരതു സ്വീകരിച്ചില്ല.

ഇതോടൊപ്പം ഞാന്‍ ആ ആള്‍ക്കൂട്ട ആക്രമണത്തിന്റെ വീഡിയോയും തകര്‍ന്ന കാറിന്റെ ഫോട്ടോയും ചേര്‍ക്കുന്നു.

ആദ്യംതന്നെ, നിങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാവുകയോ, അപമാനിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍ ഒരു കാര്യം ഉറപ്പുവരുത്തണം. നിങ്ങള്‍ ഓടിച്ചെല്ലുന്നത് നിങ്ങളുടെ അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനിലാണെന്ന്. കാരണം, സംഭവസ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെയാണെങ്കിലും അത് അവരുടെ അധികാരപരിധിയല്ലെങ്കില്‍ അവര്‍ വരികയും നിങ്ങളെ സഹായിക്കുകയും ചെയ്യാന്‍ സാധ്യതയില്ല.

രണ്ടാമതായി, എങ്ങനെയാണ് 15 ആണ്‍കുട്ടികള്‍ ഹെല്‍മെറ്റില്ലാതെ വരികയും വളരെ നിസ്സാരമായി ഊബര്‍ ഡ്രൈവറെ മര്‍ദിക്കുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്യുക, അതും ദക്ഷിണ കൊല്‍ക്കത്തയില്‍ ??? ആള്‍ക്കൂട്ട ആക്രമണം നടത്തി ഡ്രൈവറുടെ കൈയില്‍ നിന്ന് പണം തട്ടിയെടുക്കാനുള്ള മാര്‍ഗമായാണ് അതെനിക്കു തോന്നുന്നത്. പിടിച്ചുപറിക്കുള്ള ഒരു മാര്‍ഗം മാത്രം.

മൂന്നാമതായി, ഒരു ആള്‍ക്കൂട്ടം ഡ്രൈവറെ മര്‍ദിക്കുമ്പോള്‍, ശബ്ദമുണ്ടാക്കുകയാണെങ്കില്‍ നിങ്ങള്‍ ആക്രമിക്കപ്പെടും. മറ്റുള്ളവരെ സഹായിക്കുക എന്നത് ഒരു ഭയപ്പെടുത്തുന്ന കാര്യമാണ്. കാരണം, 100 മീറ്റര്‍ അപ്പുറത്തുള്ള പൊലീസ് പോലും സഹായിക്കാന്‍ തയ്യാറായില്ല. നിയമത്തിന്റെ പരിധിയില്‍ വരാത്തതുകൊണ്ട് സബ് ഇന്‍സ്‌പെക്ടര്‍ എന്റെ ഡ്രൈവറുടെ പരാതി സ്വീകരിക്കാനും തയ്യാറായില്ല.

അവസാനമായി, ഇതാര്‍ക്കു വേണമെങ്കിലും സംഭവിക്കാം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിവരുന്ന നിങ്ങളുടെ സഹോദരിക്ക്, ജോലികഴിഞ്ഞ് തിരികെവരുന്ന നിങ്ങളുടെ അമ്മയ്ക്ക്, കാറോടിച്ചുവരുന്ന നിങ്ങളുടെ പിതാവിന്, സഹോദരന്, നിങ്ങളെ സംരക്ഷിക്കുന്ന ആര്‍ക്കും.

എന്റെ ഡ്രൈവര്‍ താരകിന്, ഈ ഊബര്‍ കാര്‍ ലഭിച്ചത് വായ്പയെടുത്തിട്ടാണ്. കുടുംബത്തിനുവേണ്ടി പണമുണ്ടാക്കാനാണ് അദ്ദേഹം വാഹനം ഓടിക്കുന്നത്. തൊഴിലില്ലായ്മ മറികടന്ന് അധ്വാനിക്കുന്ന അദ്ദേഹം ഇനി വാഹനമോടിക്കാന്‍ ഭയക്കും, ജുഡീഷ്യറിയെ സമീപിക്കാന്‍ വരെ ഭയക്കും.

കഴിഞ്ഞ രാത്രി ഞാന്‍ ശരിക്കും വിറച്ചുപോയി. ഞാന്‍ തിരിച്ചെത്തിയത് കൊല്‍ക്കത്തയിലേക്കല്ല. ഞാന്‍ എന്റെ കരിയര്‍ മെച്ചപ്പെടുത്താനായി പുറത്തുപോവാന്‍ നേരം വിട്ടുപോയത് ഈ കൊല്‍ക്കത്തയല്ല, തിരികെവന്നതും ആ കൊല്‍ക്കത്തയിലേക്കല്ല.

ഞാന്‍ കൊല്‍ക്കത്തയെ പ്രതിനിധീകരിച്ചാണ് മിസ്സ് ഇന്ത്യാ പട്ടം നേടിയത്. ഈ രാജ്യത്തെയാണ്, ഈ സാഹചര്യത്തില്‍ ജീവിക്കാന്‍ ഭയപ്പെടുത്ത ഓരോ പെണ്‍കുട്ടിയെയും ഓരോ പൗരനെയുമാണു ഞാന്‍ പ്രതിനിധീകരിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്തതുകൂടാതെ, അവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കുന്നതു ഞാന്‍ കണ്ടില്ല. നാട്ടുകാര്‍ക്കു മാത്രമല്ല, പൊലീസുകാര്‍ക്കും ആ വീഡിയോയിലുള്ളവരെ തിരിച്ചറിയാന്‍ സാധിക്കും. നാണക്കേടാണ്.’

Last night 18th June 2019 at around 11:40 pm I took an uber from JW Marriott kolkata to go back home after finishing…

Posted by Ushoshi Sengupta on Tuesday, 18 June 2019