സ്ത്രീ വിരുദ്ധ പരാമര്‍ശം; കെ. സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്
Kerala News
സ്ത്രീ വിരുദ്ധ പരാമര്‍ശം; കെ. സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th March 2023, 11:16 pm

 

തിരുവനന്തപുരം: സി.പി.ഐ.എമ്മിലെ സ്ത്രീകള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ സി.എസ്. സുജാത നല്‍കിയ പരാതിയില്‍ ആണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച തൃശൂരില്‍ നടന്ന ബി.ജെ.പി സമ്മേളനത്തിനിടെയാണ് സി.പി.ഐ.എമ്മിന്റെ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ സുരേന്ദ്രന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘സി.പി.ഐ.എമ്മിലെ സ്ത്രീകളൊക്കെ തടിച്ച് കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

ബി.ജെ.പി തൃശൂരില്‍ വെച്ച് നടത്തിയ സ്ത്രീ ശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷമടക്കം വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു.

സുജാതയുടേതല്ലാതെ മറ്റൊരു പരാതിയും വിഷയത്തില്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം കെ.സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജും പറഞ്ഞു. സി.പി.ഐ.എമ്മിലെ വനിതാ പ്രവര്‍ത്തകരെ മാത്രമല്ല, മുഴുവന്‍ സ്ത്രീകളെയുമാണ് അദ്ദേഹം അപമാനിച്ചതെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സ്ത്രീകളെ ശരീരം മാത്രമായി കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും രംഗത്തെത്തിയിരുന്നു. ഇത് സുരേന്ദ്രന്റെ രാഷ്ട്രീയ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ സ്ത്രീകള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ അഴിമതി നടത്തി തിന്ന് കൊഴുത്ത് പൂതനകളായി നടക്കുകയാണെന്ന പ്രസ്താവന അപലപനീയവും ഒരു രാഷ്ട്രീയ നേതാവിന് യോജിക്കാത്തതും ആണ്,’ സനോജ് പറഞ്ഞു.

content highlight: Misogynistic remarks; Police registered a case against K. Surendran