| Friday, 17th May 2024, 8:31 pm

മമതക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ബി.ജെ.പി സ്ഥാനാര്‍ത്ഥി അഭിജിത് ഗംഗോപാധ്യക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ അഭിജിത് ഗംഗോപാധ്യക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗംഗോപാധ്യയുടെ പ്രസ്താവന അന്തസിനെ ഹനിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

മെയ് 20ന് വൈകിട്ട് നോട്ടീസില്‍ മറുപടി നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ബംഗാളിലെ ഹാല്‍ദിയ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് ഗംഗോപാധ്യ മമതക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

സന്ദേശ്ഖാലിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രേഖാ പത്രയെ 2000 രൂപ കൊടുത്ത് വാങ്ങിയതാണെന്ന് തൃണമൂല്‍ പറഞ്ഞതായി ഗംഗോപാധ്യ ആരോപിച്ചിരുന്നു. രേഖാ പത്രയെ 2000 രൂപക്ക് വാങ്ങിയതാണെങ്കില്‍ മമത ബാനര്‍ജിയുടെ വില എത്രയാണ്, 10 ലക്ഷമാണോയെന്നാണ് ഗംഗോപാധ്യ ചോദിച്ചത്.

പിന്നാലെ ഗംഗോപാധ്യയുടെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയായ മമത ബാനര്‍ജിയെ അവഹേളിക്കുന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്ന് തൃണമൂല്‍ പരാതിയില്‍ ഉന്നയിച്ചു.

ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വോട്ട് ലഭിക്കാന്‍ സ്ത്രീകള്‍ക്കെതിരെ അപമര്യാദയായ പ്രസ്താവനകള്‍ നടത്തുകയാണെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. ഗംഗോപാധയെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും തൃണമൂൽ കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

Content Highlight: Misogynistic remarks against Mamata; Election Commission sent notice to BJP candidate Abhijit Gangopadhyay

We use cookies to give you the best possible experience. Learn more