ഒറ്റമൂലികൾ, വ്യായാമമുറകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ; തെറ്റായ ആരോഗ്യ വീഡിയോകൾക്ക് പിടിവീഴും; മുന്നറിയിപ്പ്
national news
ഒറ്റമൂലികൾ, വ്യായാമമുറകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ; തെറ്റായ ആരോഗ്യ വീഡിയോകൾക്ക് പിടിവീഴും; മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2024, 8:05 am

ന്യൂദൽഹി: സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ആരോഗ്യ സംബന്ധമായ വീഡിയോ തെറ്റാണെങ്കിൽ ഇനിമുതൽ നടപടി. ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ സെൻട്രൽ ഡ്രഗ്സ് ആൻഡ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ നിരീക്ഷിക്കുകയും അവ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ആണെങ്കിൽ അവക്കെതിരെ നടപടിയുമെടുക്കുന്നതാണ്.

‘തെറ്റായതും, തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോഗ്യ സംബന്ധമായ വിവരങ്ങളോ മരുന്നുകളെക്കുറിച്ചുള്ള വീഡിയോകളോ സമൂഹ മാധ്യമത്തിലൂടെ പങ്കുവെക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും അത്തരത്തിലുള്ള ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടിയെടുക്കുന്നതാണ്,’ സെൻട്രൽ ഡ്രഗ്സ് ആൻഡ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ വ്യക്തമായാക്കി.

അതോടൊപ്പം ആരോഗ്യ മേഖലയിൽ അനാവശ്യ സ്വാധീനം ചെലുത്തുന്ന ടെലിഹെൽത്ത് കമ്പനികളെയും നിരീക്ഷിക്കുമെന്നും സി.ഡി.ഐ.എസ.സി.ഒ പറഞ്ഞു.

തെറ്റായ അവകാശവാദങ്ങളിൽ നിന്നും വിവരങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുക എന്ന് ലക്ഷ്യമിട്ടാണ് പുതിയ നടപടി. സൗന്ദര്യം വർധിപ്പിക്കാനായിട്ടുള്ള ഒറ്റമൂലികൾ, സൗന്ദര്യ വർധന വസ്തുക്കൾ, മറ്റ് ഒറ്റമൂലികൾ, വ്യായാമമുറകൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ നൽകുന്ന വീഡിയോകളാണ് പരിശോധിക്കുക.

പണം ലക്ഷ്യമിട്ട് വ്യാജ പ്രചാരണത്തിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഡ്രഗ് കൺട്രോളർ ജനറൽ രാജീവ് സിങ് രഘുവംശി പറഞ്ഞു.

അടുത്തിടെ ആരോഗ്യ പാനീയത്തിൽ ഉയർന്ന പഞ്ചസാരയുടെ അംശം ഉണ്ടെന്ന് കണ്ടെത്തിയതോടെ തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും പാക്കേജിങ്ങും ലേബലുകളും പിൻവലിക്കാൻ അപെക്‌സ് ചൈൽഡ് റൈറ്റ്സ് ബോഡി എൻ.സി.പി.സി.ആർ മൊണ്ടെലെസ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബോൺവിറ്റയോട് ആവശ്യപ്പെട്ടിരുന്നു.

 

 

 

Content Highlight: Misleading health video gets caught