തിരുവനന്തപുരം: വായനക്കാരെ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം പരസ്യം നല്‍കിയതില്‍ പത്രങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. നടപടി എടുക്കാതിരിക്കാന്‍ തക്കതായ കാരണമുണ്ടെങ്കില്‍ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചക്കകം രേഖാമൂലം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്ത ഉള്ളടക്കം പ്രസിദ്ധീകരിച്ചത് മാധ്യമ ധാര്‍മികതയുടെ ലംഘനമാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.
1978ലെ പ്രസ് കൗണ്‍സില്‍ നിയമത്തിന്റെ 14ാം ഉപവകുപ്പ് പ്രകാരമാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് അയച്ചത്. ജനുവരി 25നാണ് പത്രങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.
ജനുവരി 24നാണ് ദേശാഭിമാനി ഒഴികെയുള്ള മലയാള പത്രങ്ങള്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഉള്ളടക്കമുള്ള പരസ്യം നല്‍കിയത്. കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ത്ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു പത്രങ്ങളിലെ ഒന്നാം പേജ് മുഴുവന്‍.
2050ല്‍ പ്രസിദ്ധീകരിക്കുന്ന സാങ്കല്‍പ്പിക വാര്‍ത്ത എന്ന രീതിയില്‍ മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളിലും നല്‍കിയ ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റിയുടെ പരസ്യം വായനക്കാരില്‍ വലിയ രീതിയിലുള്ള തെറ്റിദ്ധാരണ സൃഷ്ടിച്ചിരുന്നു.
പരസ്യത്തില്‍ ലീഡ് ന്യൂസായി കൊടുത്തത് രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറും എന്ന വാര്‍ത്തയായിരുന്നു. ഇതിന് പുറമെ പത്രത്തില്‍ സെക്കന്റ് ലീഡ് ആയി കൊടുത്ത വാര്‍ത്ത ആദ്യസമുദ്ര നഗരമായ ഓഷ്യാനസിലെ ഷെല്ലിന്റെ താക്കോല്‍ കൈമാറ്റം ശാസ്ത്രലോകം ആഘോഷമാക്കി എന്നതായിരുന്നു. ഇതിന് പുറമെ കേരളത്തിന്റെ മന്ത്രിസഭയിലെ ആദ്യ റോബോ മന്ത്രിയുടെ വാര്‍ത്തയും ഭൂമിയും ചൊവ്വയും തമ്മിലുള്ള ഫിഫ ഗോളാന്തര കപ്പ് ഫൈനലില്‍ ഇരുവിഭാഗവും ജയിച്ചതിന്റെ വാര്‍ത്തയും ഉണ്ടായിരുന്നു.
ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ മുഴുവന്‍ ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറുമെന്നും അന്ന് തന്നെ സമ്പൂര്‍ണ നോട്ട് നിരോധനം നിലവില്‍ വരുമെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പരസ്യമാണെന്ന് മനസിലാകാതെ വായിച്ച വായനക്കാരില്‍ പലരും പരിഭ്രാന്തരായി.
പരസ്യത്തെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത മാതൃകയില്‍ കൊടുത്തതിന് മലയാള മനോരമ, മാതൃഭൂമി, മാധ്യമം, സിറാജ്, സുപ്രഭാതം തുടങ്ങിയ പത്രങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നിന്നടക്കം വലിയ രീതിയിലുള്ള വിമര്‍ശനം നേരിട്ടിരുന്നു.
Content Highlight: misleading front page; Show cause notice to newspapers