Kerala News
തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാം പേജ്; ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി; കമ്പനി വക വിശദീകരണം നല്‍കി മനോരമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 06:39 am
Saturday, 25th January 2025, 12:09 pm

കോഴിക്കോട്: ഇന്നലെ (വ്യാഴാഴ്ച്ച) വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഒന്നാം പേജില്‍ പരസ്യം നല്‍കിയതില്‍ വിശദീകരണം നല്‍കി മലയാള പത്രങ്ങളായ മലയാള മനോരമയും മാതൃഭൂമിയും. 2050ല്‍ പ്രസിദ്ധീകരിക്കുന്ന സാങ്കല്‍പ്പിക വാര്‍ത്ത എന്ന രീതിയില്‍ ഇന്നല മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളിലും നല്‍കിയ ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റിയുടെ പരസ്യം വായനക്കാരില്‍ വലിയ രീതിയിലുള്ള തെറ്റിദ്ധാരണ സൃഷ്ടിച്ചിരുന്നു.

അതില്‍ തന്നെ ലീഡ് ന്യൂസായി കൊടുത്തത് രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറും എന്ന വാര്‍ത്തയായിരുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ മുഴുവന്‍ ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറുമെന്നും അന്ന് തന്നെ സമ്പൂര്‍ണ നോട്ട് നിരോധനം നിലവില്‍ വരുമെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പരസ്യമാണെന്ന് മനസിലാകാതെ വായിച്ച വായനക്കാരില്‍ പലരും പരിഭ്രാന്തരായി.

മനോരമ പത്രത്തില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ വകയായാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ചുള്ള വാര്‍ത്തയെക്കുറിച്ച് ചില വായനക്കാര്‍ പ്രതികരിച്ചിരുന്നെന്നും സാങ്കല്‍പ്പിക വാര്‍ത്തയാണെന്ന മുന്നറിയിപ്പ് ചിലര്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല എന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്. അതിനാല്‍ ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് പണമിടപാടുകള്‍ ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമാണെന്ന വാര്‍ത്ത പരസ്യത്തിന്റെ ഭാഗമായ സാങ്കല്‍പ്പിക വാര്‍ത്തയാണെന്ന് അറിയിക്കുന്നു എന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്.

മാതൃഭൂമിയില്‍, സാങ്കല്‍പ്പിക വാര്‍ത്ത യഥാര്‍ത്ഥ വാര്‍ത്തയായി വായനക്കാര്‍ തെറ്റിദ്ധരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അത് പരസ്യമായിരുന്നു എന്നുമാണ് പത്രാധിപര്‍ അറിയിച്ചത്.

പരസ്യത്തെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്ത മാതൃകയില്‍ കൊടുത്തതിന് മലയാള മനോരമ, മാതൃഭൂമി, മാധ്യമം, സിറാജ്, സുപ്രഭാതം തുടങ്ങിയ പത്രങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നിന്നടക്കം വലിയ രീതിയിലുള്ള വിമര്‍ശനം നേരിട്ടിരുന്നു. കൊച്ചി ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റി അതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ത്ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു ഇന്നലെ ഈ പത്രങ്ങളിലെ ഒന്നാം പേജ് മുഴുവന്‍.

റിപ്പോര്‍ട്ടര്‍ ചാനല്‍ ചീഫ് കറസ്പോണ്ടന്റ് ആയ അരുണ്‍ കുമാര്‍ ഇന്നലെ പത്രവാര്‍ത്തകള്‍ വിശകലനം ചെയ്യുന്ന പ്രോഗ്രാമില്‍ വെച്ച് മറ്റ് വാര്‍ത്തകളുടെ കൂടെ യഥാര്‍ത്ഥ വാര്‍ത്ത ആണെന്ന തരത്തില്‍ നോട്ട് നിരോധനത്തിന്റെ വാര്‍ത്തയും വായിച്ചിരുന്നു. എന്നാല്‍ അബദ്ധം മനസിലാക്കിയ അരുണ്‍ കുമാര്‍ ഇത് പരസ്യമാണെന്ന് പിന്നീട് തിരുത്തി പറയുകയും ചെയ്തു.

ഇതിന് പുറമെ പത്രത്തില്‍ സെക്കന്റ് ലീഡ് ആയി കൊടുത്ത വാര്‍ത്ത ആദ്യസമുദ്ര നഗരമായ ഓഷ്യാനസിലെ ഷെല്ലിന്റെ താക്കോല്‍ കൈമാറ്റം ശാസ്ത്രലോകം ആഘോഷമാക്കി എന്നതായിരുന്നു. ഇതിന് പുറമെ കേരളത്തിന്റെ മന്ത്രിസഭയിലെ ആദ്യ റോബോ മന്ത്രിയുടെ വാര്‍ത്തയും ഭൂമിയും ചൊവ്വയും തമ്മിലുള്ള ഫിഫ ഗോളാന്തര കപ്പ് ഫൈനലില്‍ ഇരുവിഭാഗവും ജയിച്ചതിന്റെ വാര്‍ത്തയും ഒക്കെയുണ്ട്.

ഇത്തരം വ്യാജവാര്‍ത്തകള്‍ കൊടുത്ത പത്രങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കാശ് കൊടുത്താല്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന പത്രങ്ങള്‍ മാപ്പ് പറയണമെന്നും നിരവധി വായനക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. പത്രങ്ങളുടെ ഈ മനോഭാവത്തിന് എതിരെ നടുപടി എടുക്കണമെന്നും പത്രം വാങ്ങുന്നത് നിര്‍ത്തണമെന്നും പറഞ്ഞവരുമുണ്ട്.

മനോരമ, പത്രം പ്രസിദ്ധീകരിച്ച വര്‍ഷം 2050 എന്നാക്കി മാറ്റുകും ചെയ്തിരുന്നു. എന്നാല്‍ ഇതിനെപ്പറ്റി ‘ഇത്രയും കാലം പത്രങ്ങളില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നത് തീയ്യതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വിശ്വാസവും ഇന്ന് അവര്‍ തിരുത്തി’ എന്നാണ് ഒരാള്‍ പറഞ്ഞത്.

ഇത് പത്രങ്ങളുടെ ഒരു സാങ്കല്‍പ്പിക മോഡല്‍ മാത്രമാണെന്ന് ചെറിയ ഒരു ബോക്സില്‍ പത്രത്തിന്റെ ഒരു ഭാഗത്ത് കൊടുത്തിരുന്നെങ്കിലും അത് വായനക്കാര്‍ ശ്രദ്ധിക്കുന്ന രീതിയില്‍ കൊടുക്കാതിരുന്നത് ആശയകുഴപ്പം വര്‍ധിപ്പിക്കുകയുണ്ടായി. കൂടാതെ ചില പത്രങ്ങള്‍ മാത്രമാണ് ഇത് മാര്‍ക്കറ്റിങ് ഫീച്ചര്‍ എന്ന ലേബല്‍ എങ്കിലും നല്‍കിയത്. ഇതും വായനക്കാരെ ആശയക്കുഴപ്പത്തിലാക്കി.

Content Highlight: Misleading front page; Mathrubhumi expressing regret; Manorama gave an explanation from the company