തിരുവനന്തപുരം: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിനെ തുടർന്ന് പതഞ്ജലിക്കെതിരെ കേരളത്തിൽ ഇതുവരെ ഫയൽ ചെയ്തത് 26 കേസുകൾ.
മാന്ത്രിക ഗുണങ്ങളോ അത്ഭുതകരമായ രോഗശാന്തിയോ ഉണ്ടെന്ന് അവകാശപ്പെടുന്ന മരുന്നുകളുടെ പരസ്യം നിരോധിക്കുന്ന 1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജെക്ഷനബിൾ അഡ്വർടൈസേഷൻസ്) ആക്ട് ലംഘിച്ചതുമായി ബന്ധപ്പെട്ട് ബാബാ രാംദേവ്, അദ്ദേഹത്തിന്റെ സഹായി ആചാര്യ ബാലകൃഷ്ണ, അവരുടെ ആയുർവേദ മരുന്ന് നിർമാണ കമ്പനിയായ പതഞ്ജലി ആയുർവേദത്തിന്റെ മാർക്കറ്റിങ് വിഭാഗമായ ദിവ്യ ഫാർമസി എന്നിവർക്കെതിരെയാണ് കേരളത്തിലെ വിവിധ കോടതികളിലായി 26 കേസുകൾ ഫയൽ ചെയ്തിട്ടുള്ളത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഫയൽ ചെയ്ത കേസിൽ ഫെബ്രുവരി 20 ന് കേരള സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോളർ (ഇൻ-ചാർജ്) കെ. സുജിത് കുമാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവിധ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കമ്പനിയുടെ പരസ്യങ്ങളിൽ ചില പതഞ്ജലി ഉത്പ്പന്നങ്ങൾക്ക് പ്രത്യേക രോഗങ്ങൾ സുഖപ്പെടുത്താനോ തടയാനോ കഴിയുമെന്ന് തെറ്റായി അവകാശപ്പെട്ടിരുന്നുവെന്നും ഇത് നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
തൽഫലമായി, കമ്പനിക്കെതിരെ മാത്രമല്ല, ഈ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച പത്രങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി, ദി ഹിന്ദു തുടങ്ങിയ പ്രശസ്ത മലയാള, ഇംഗ്ലീഷ് ദിനപത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ വിതരണം ചെയ്തുവെന്നാരോപിച്ച് പതഞ്ജലിയുടെ ദിവ്യ ഉത്പ്പന്നങ്ങളുടെ നിർമ്മാതാവിനെതിരെ ആകെ 31 പ്രോസിക്യൂഷനുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ 26 കേസുകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, മറ്റ് അഞ്ച് കേസുകൾ, കേസിൽ ഉൾപ്പെട്ട അച്ചടി മാധ്യമ സ്ഥാപനങ്ങളുടെ നിസഹകരണം മൂലം കെട്ടിക്കിടക്കുകയാണ്.
കോഴിക്കോട്, കോട്ടയം, കാക്കനാട്, തിരുവനന്തപുരം, കട്ടപ്പന, പാലക്കാട് എന്നിവിടങ്ങളിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലും തൃശൂർ, കൊല്ലം എന്നിവിടങ്ങളിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളിലും ഉൾപ്പെടെ കേരളത്തിലെ വിവിധ കോടതികളിലാണ് ഈ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്.
നിലവിൽ ബാബാ രാംദേവിനും പതഞ്ജലി ആയുർവേദത്തിനുമെതിരെയുള്ള നിയമപരമായ സമ്മർദ്ദം കൂടുതൽ ശക്തമായിരിക്കുകയാണ്. കേരള ഡ്രഗ്സ് ഇൻസ്പെക്ടർ ഫയൽ ചെയ്ത അനുബന്ധ കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന്, 2025 ഫെബ്രുവരി ഒന്നിന് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബാബാ രാംദേവിനും പതഞ്ജലി ആയുർവേദത്തിന്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ, മറ്റൊരു കേസിൽ മെയ് മാസത്തിൽ നേരിട്ട് ഹാജരാകാൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബാബാ രാംദേവിനോട് ഉത്തരവിട്ടിരുന്നു.
Content Highlight: Misleading ads: 26 cases filed against Baba Ramdev in Kerala courts so far