| Friday, 23rd June 2023, 9:00 pm

ന്യൂറോസര്‍ജറിയിലെ രോഗാവസ്ഥയെ പറ്റി അറിവില്ലാത്ത ഡോക്ടര്‍മാര്‍ നടത്തുന്ന ദുഷ്പ്രചരണം പ്രത്യാഘാതങ്ങളുണ്ടാക്കും: കൈരളി ന്യൂറോ സയന്‍സസ് സൊസൈറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അവയവദാനം സംബന്ധിച്ചുള്ള കേസില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടയില്‍ തലച്ചോറിലെ രക്തസ്രാവ ചികിത്സയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത് തെറ്റിദ്ധാരണകളാണെന്ന് കൈരളി ന്യൂറോസയന്‍സസ് സൊസൈറ്റി.

വളരെ സങ്കീര്‍ണമായ ചികിത്സാ രീതികള്‍ ഉള്ള ന്യൂറോസര്‍ജറി മേഖലയിലെ ഈ ഒരു രോഗാവസ്ഥയെ പറ്റി അധികം ഗ്രാഹ്യം ഇല്ലാത്ത മറ്റു മേഖലകളിലെ ഡോക്ടര്‍മാരും ചില സാധാരണ ജനങ്ങളും ചേര്‍ന്ന് ചെയ്യുന്ന ദുഷ്പ്രചരണം വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ന്യൂറോവിദഗ്ധന്മാരുടെ സംഘടനയായ കെ.എന്‍.എസ് പ്രസ്താവനയില്‍ പറഞ്ഞു.

‘അവയവദാനം സംബന്ധിച്ച ഒരു കേസില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന തലച്ചോറിലെ രക്തസ്രാവം ആയ സബ് ഡ്യൂറല്‍ ഹെമറ്റോമ (എസ്.ഡി.എച്ച്)യുടെ ചികിത്സയെ പറ്റിയുള്ള ചില തെറ്റിധാരണകള്‍ തിരുത്തുവാനാണ് കേരളത്തിലെ ന്യൂറോ വിദഗ്ധന്മാരുടെ കൂട്ടായ്മയായ കൈരളി ന്യൂറോസയന്‍സസ് സൊസൈറ്റി ഈ ഒരു കുറിപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നത്.

‘ആക്സിഡന്റിന് ശേഷം ഉണ്ടാകുന്ന ആദ്യത്തെ തരം രക്തസ്രാവം കട്ടപിടിച്ച രക്തം ആയതിനാല്‍ വളരെ മേജര്‍ ആയ ഓപ്പറേഷന്‍ വഴി തലയോട്ടിയുടെ ഒരു ഭാഗം ഇളക്കി മാറ്റി മാത്രമേ ചികിത്സിക്കുവാന്‍ സാധിക്കുകയുള്ളൂ. മറ്റ് പരിക്കുകള്‍ ഉള്ളത് മൂലം രോഗി മെച്ചപ്പെടാനുള്ള സാധ്യതയും നന്നേ കുറവാണ്.

അല്ലാതെ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന പോലെ പ്രസ്തുത രോഗിയുടെ തലയില്‍ ഉണ്ടായിരുന്ന അക്യൂട്ട് സബ് ഡ്യൂറല്‍ ഹെമറ്റോമ എന്ന രക്തസ്രാവം ഒരു സുഷിരം ഉണ്ടാക്കി വളരെ എളുപ്പം ഒഴുക്കി കളയാവുന്ന ഒന്നായിരുന്നില്ല. മേല്‍പ്പറഞ്ഞ കേസില്‍ പ്രതിപാദിച്ചിട്ടുള്ള ചില ന്യൂറോ വിദഗ്ധ ഡോക്ടര്‍മാരെ കുറിച്ച് കേസിന്റെ ട്രയല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ സമൂഹമാധ്യമങ്ങിലൂടെ തികച്ചും തെറ്റായ വസ്തുതകള്‍ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്നതായി കാണാന്‍ കഴിയുന്നു.

വളരെ സങ്കീര്‍ണമായ ചികിത്സാ രീതികള്‍ ഉള്ള ന്യൂറോസര്‍ജറി മേഖലയിലെ ഈ ഒരു രോഗാവസ്ഥയെ പറ്റി അധികം ഗ്രാഹ്യം ഇല്ലാത്ത മറ്റു മേഖലകളിലെ ഡോക്ടര്‍മാരും പൊതുസമൂഹത്തിലെ ചില സാധാരണ ജനങ്ങളും ചേര്‍ന്ന് ചെയ്യുന്ന ഈ ഒരു ദുഷ്പ്രചരണം വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ആണ് ഉണ്ടാക്കുവാന്‍ പോകുന്നത്. തലച്ചോറിന്റെ പരിക്കിന് കൊടുക്കുന്ന ശരിയായ ചികിത്സാ രീതികളെ ഈ തരത്തില്‍ ഉള്ള സമൂഹവിചാരണകള്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ആണ് ഈ വിഷയത്തില്‍ ന്യൂറോവിദഗ്ധന്മാരുടെ സംഘടനാ പ്രസ്താവന പുറപ്പെടുവിക്കുന്നത്,’ കെ.എന്‍.എസ് പറയുന്നു.

ചികിത്സയുടെ ഭാഗമായി സര്‍ജറി വേണോ വേണ്ടയോ എന്നത് അനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ന്യൂറോസയന്‍സസ് സൊസൈറ്റ് പറഞ്ഞു.

‘ചികിത്സയുടെ ഭാഗമായി സര്‍ജറി വേണോ വേണ്ടയോ എന്നത് അനേകം ഘടകങ്ങളെ ആശ്രയിച്ച് ഇരിക്കും. നേരിയ രക്തസ്രാവത്തിന് പോലും ചിലപ്പോള്‍ ഓപ്പറേഷന്‍ വേണ്ടി വന്നേക്കാം. എന്നാല്‍ വളരെയധികം രക്തസ്രാവം ഉണ്ടായാല്‍ പോലും, ഓപ്പറേഷന്‍ ചിലപ്പോള്‍ ചെയ്യില്ല. ഇതിന്റെ തീരുമാനം രോഗിയുടെ ആരോഗ്യസ്ഥിതി കണക്കാക്കിയാകും.

രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ഉത്തമ തീരുമാനം എടുക്കാന്‍, വൈദഗ്ദ്യം നേടിയ ഒരു ന്യൂറോസര്‍ജന് മാത്രമേ പറ്റുകയുള്ളൂ എന്നിരിക്കെ, ശാസ്ത്രീയമല്ലാത്ത കാര്യങ്ങള്‍ വൈകാരികമായ പരിവേഷത്തോടെ, ഈ അസുഖത്തെപ്പറ്റി ഒട്ടും വ്യക്തമായ ധാരണയില്ലാത്തവര്‍ കേട്ടുകേള്‍വി വെച്ചു സത്യസന്ധമായി ജോലി ചെയ്യുന്ന ന്യൂറോവിദഗ്ദ്ധ ഡോക്ടര്‍മാരെ സമൂഹമാധ്യമങ്ങളില്‍ കൂടി വിമര്‍ശിക്കുന്നത് വളരെ തെറ്റായ ഒരു പ്രവണത ആണ്.

സൗകര്യങ്ങള്‍ കുറവുള്ള ചെറിയ ആശുപത്രികളില്‍ നിന്ന് വലിയ ആശുപത്രികളിലേക്ക് ഡോക്ടര്‍ റെഫര്‍ ചെയ്യുന്നത് ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ്. ആ നല്ല പ്രവര്‍ത്തിയെ പോലും അവയവ മാഫിയയും ആയി ബന്ധപ്പെടുത്തികൊണ്ടുള്ള അടിസ്ഥാന വിരുദ്ധമായ ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉന്നയിക്കപ്പെടുന്നത് വളരെ വേദനാജനകമാണ്.

ഇത് ഭാവിയില്‍ രോഗികളെ റെഫര്‍ ചെയ്യുന്നതില്‍ നിന്നും ഡോക്ടര്‍മാരെ പിന്തിരിപ്പിക്കും സങ്കീര്‍ണ ചികിത്സ കിട്ടുവാന്‍ റെഫറല്‍ ആവശ്യമുള്ള രോഗികള്‍ക്ക് ഇത് വളരെ പ്രതികൂലമായി ബാധിക്കും എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ,’ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം

അവയവദാനം സംബന്ധിച്ച ഒരു കേസില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന തലച്ചോറിലെ രക്തസ്രാവം ആയ സബ് ഡ്യൂറല്‍ ഹെമറ്റോമ (എസ്.ഡി.എച്ച്)യുടെ ചികിത്സയെ പറ്റിയുള്ള ചില തെറ്റിധാരണകള്‍ തിരുത്തുവാനാണ് കേരളത്തിലെ ന്യൂറോ വിദഗ്ധന്മാരുടെ കൂട്ടായ്മയായ കൈരളി ന്യൂറോസയന്‍സസ്സ് സൊസൈറ്റി ഈ ഒരു കുറിപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നത്.

മേല്‍പ്പറഞ്ഞ കേസുമായി യാതൊരു ബന്ധവും ഈ കുറിപ്പിന് ഇല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. തലച്ചോറിന്റെയും തലയോട്ടിയുടെയും ഇടയില്‍ ഉണ്ടാകുന്ന രക്തസ്രാവം ആണ് സബ് ഡ്യൂറല്‍ ഹെമറ്റോമ. ഇത് രണ്ട് തരം ഉണ്ട്- 1. തലക്ക് ഏല്‍ക്കുന്ന ഏതെങ്കിലും പരിക്കിനെ തുടര്‍ന്ന് ഉണ്ടാകുന്ന അക്യൂട്ട് സബ് ഡ്യൂറല്‍ ഹെമറ്റോമ (അക്യൂട്ട് എസ്.ഡി.എച്ച്) ആണ് ഒന്നാമത്. ഇതിന്റെ കൂടെ മിക്കപ്പോഴും തലച്ചോറിന് ഗുരുതരമായ മറ്റ് പരിക്കുകളും കണ്ട് വരുന്നു.

2. രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് മുമ്പുണ്ടായ നിസാര/കാര്യമായ പരിക്കിനെത്തുടര്‍ന്ന് ഉണ്ടാകുന്ന ക്രോണിക് സബ് ഡ്യൂറല്‍ ഹെമറ്റോമ (ക്രോണിക് എസ്.ഡി.എച്ച്)ആണ് രണ്ടാമത്തേത്. ഇതില്‍ മറ്റ് പരിക്കുകള്‍ ഒന്നും സാധാരണ കാണാറില്ല. ഇതില്‍ രണ്ടാമത്തെ തരം രക്തസ്രാവം ആണ് തലയില്‍ ഒരു സുഷിരം (ബര്‍ ഹോള്‍) ഇട്ട് പെട്ടെന്ന് എടുത്തു കളയാവുന്നതും, രോഗി ഉടന്‍ തന്നെ സുഖം പ്രാപിക്കുന്നതും.

ആക്‌സിഡന്റിന് ശേഷം ഉണ്ടാകുന്ന ആദ്യത്തെ തരം രക്തസ്രാവം കട്ടപിടിച്ച രക്തം ആയതിനാല്‍ വളരെ മേജര്‍ ആയ ഓപ്പറേഷന്‍ വഴി തലയോട്ടിയുടെ ഒരു ഭാഗം ഇളക്കി മാറ്റി മാത്രമേ ചികിത്സിക്കുവാന്‍ സാധിക്കുകയുള്ളൂ. മറ്റ് പരിക്കുകള്‍ ഉള്ളത് മൂലം രോഗി മെച്ചപ്പെടാനുള്ള സാധ്യതയും നന്നേ കുറവാണ്.

അല്ലാതെ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന പോലെ പ്രസ്തുത രോഗിയുടെ തലയില്‍ ഉണ്ടായിരുന്ന അക്യൂട്ട് സബ് ഡ്യൂറല്‍ ഹെമറ്റോമ എന്ന രക്തസ്രാവം ഒരു സുഷിരം ഉണ്ടാക്കി വളരെ എളുപ്പം ഒഴുക്കി കളയാവുന്ന ഒന്നായിരുന്നില്ല.
മേല്‍പ്പറഞ്ഞ കേസില്‍ പ്രതിപാദിച്ചിട്ടുള്ള ചില ന്യൂറോ വിദഗ്ധ ഡോക്ടര്‍മാരെ കുറിച്ച് കേസിന്റെ ട്രയല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ സമൂഹമാധ്യമങ്ങിലൂടെ തികച്ചും തെറ്റായ വസ്തുതകള്‍ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്നതായി കാണാന്‍ കഴിയുന്നു.

വളരെ സങ്കീര്‍ണമായ ചികിത്സാ രീതികള്‍ ഉള്ള ന്യൂറോസര്‍ജറി മേഖലയിലെ ഈ ഒരു രോഗാവസ്ഥയെ പറ്റി അധികം ഗ്രാഹ്യം ഇല്ലാത്ത മറ്റു മേഖലകളിലെ ഡോക്ടര്‍മാരും പൊതുസമൂഹത്തിലെ ചില സാധാരണ ജനങ്ങളും ചേര്‍ന്ന് ചെയ്യുന്ന ഈ ഒരു ദുഷ്പ്രചരണം വളരെ ദൂരവ്യാപകമായ പ്രത്യാഖാതങ്ങള്‍ ആണ് ഉണ്ടാക്കുവാന്‍ പോകുന്നത്. തലച്ചോറിന്റെ പരിക്കിന് കൊടുക്കുന്ന ശരിയായ ചികിത്സാ രീതികളെ ഈ തരത്തില്‍ ഉള്ള സമൂഹവിചാരണകള്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ആണ് ഈ വിഷയത്തില്‍ ന്യൂറോവിദഗ്ധന്മാരുടെ സംഘടനാ പ്രസ്താവന പുറപ്പെടുവിക്കുന്നത്.

ആക്‌സിഡന്റോ തലക്ക് ഏല്‍ക്കുന്ന മറ്റ് ഗുരുതര പരിക്കുകള്‍ക്ക് ശേഷമോ ഉണ്ടാകുന്ന അക്യൂട്ട് സബ് ഡ്യൂറല്‍ ഹെമറ്റോമ എന്ന ഈ അവസ്ഥയുടെ ചികിത്സ പഠനങ്ങളിലൂടെ കണ്ടെത്തിയ മാര്‍ഗനിര്‍ദേശങ്ങളും ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ വിദഗ്ധ തീരുമാനവും അനുസരിച്ചു മാത്രമാണ് നല്‍കുന്നത്.

ചികിത്സയുടെ ഭാഗമായി സര്‍ജറി വേണോ വേണ്ടയോ എന്നത് അനേകം ഘടകങ്ങളെ ആശ്രയിച്ച് ഇരിക്കും. നേരിയ രക്തസ്രാവത്തിന് പോലും ചിലപ്പോള്‍ ഓപ്പറേഷന്‍ വേണ്ടി വന്നേക്കാം. എന്നാല്‍ വളരെയധികം രക്തസ്രാവം ഉണ്ടായാല്‍ പോലും, ഓപ്പറേഷന്‍ ചിലപ്പോള്‍ ചെയ്യില്ല. ഇതിന്റെ തീരുമാനം താഴെ പറയുന്ന പ്രധാന കാര്യങ്ങളെ ആസ്പദം ആക്കി ഇരിക്കും:

1. രോഗിയുടെ ആരോഗ്യസ്ഥിതി
– അത്യാഹിതവിഭാഗത്തില്‍ ആദ്യം ചെയ്യുന്ന പ്രാഥമിക/ദ്വിതീയ ത്രിതീയ സര്‍േവകളില്‍ രോഗിയുടെ അവസ്ഥ
– മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ഉണ്ടോ ഇല്ലയോ രക്തസമ്മര്‍ദം ആവശ്യത്തിന് ഉണ്ടോ ഇല്ലയോ-ശരീരത്തിന്റെ രക്തസ്രാവ നിയന്ത്രണ അവസ്ഥ-മറ്റ് പരിക്കുകള്‍ നിയന്ത്രണാതീതമായോ ഇല്ലയോ-ഓപ്പറേഷന് വിധേയനാകാന്‍ പറ്റാത്ത മറ്റ് രോഗാവസ്ഥകള്‍-സി.ടി സ്‌കാന്‍ ഉള്‍പ്പെടുന്ന ടെസ്റ്റുകളുടെ ഫലങ്ങള്‍

2. ചികിത്സിക്കുന്ന ഡോക്ടറുടെ അറിവും ചികിത്സ നല്‍കുന്ന ആശുപത്രിയിലെ സൗകര്യങ്ങളും ചുരുക്കി പറഞ്ഞാല്‍ സി.ടി സ്‌കാനില്‍ തലയോട്ടിക്കകത്ത് ഒരു രക്തസ്രാവം കണ്ടാല്‍ നേരെ ഓപ്പറേഷന്‍ ചെയ്തു കളയുക എന്നതല്ല ശരിയായ ചികിത്സ.

ഉദാഹരണത്തിന് തലച്ചോറില്‍ അക്യൂട്ട് സബ് ഡ്യൂറല്‍ ഹെമറ്റോമ കണ്ടെത്തിയ ഒരു രോഗിയുടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം തീര്‍ത്തും ഇല്ലെങ്കില്‍ പിന്നെ ഓപ്പറേഷന്‍ ചെയ്തത് കൊണ്ട് യാതൊരു ഗുണവും രോഗിക്ക് ഉണ്ടാവുകയില്ല. ഇതുപോലെ, രോഗിയുടെ ജീവന് അപകടകരം ആയേക്കാവുന്ന മറ്റ് ഘടകങ്ങളും കൂടി നോക്കിയാണ് ചികിത്സിക്കുന്ന ന്യൂറോവിദഗ്ധന്‍ ഓപ്പറേഷന്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ഉത്തമ തീരുമാനം എടുക്കാന്‍, വൈദഗ്ദ്യം നേടിയ ഒരു ന്യൂറോസര്‍ജന് മാത്രമേ പറ്റുകയുള്ളൂ എന്നിരിക്കെ, ശാസ്ത്രീയമല്ലാത്ത കാര്യങ്ങള്‍ വൈകാരികമായ പരിവേഷത്തോടെ, ഈ അസുഖത്തെപ്പറ്റി ഒട്ടും വ്യക്തമായ ധാരണയില്ലാത്തവര്‍ കേട്ടുകേള്‍വി വെച്ചു സത്യസന്ധമായി ജോലി ചെയ്യുന്ന ന്യൂറോവിദഗ്ദ്ധ ഡോക്ടര്‍മാരെ സമൂഹമാധ്യമങ്ങളില്‍ കൂടി വിമര്‍ശിക്കുന്നത് വളരെ തെറ്റായ ഒരു പ്രവണത ആണ്.

സൗകര്യങ്ങള്‍ കുറവുള്ള ചെറിയ ആശുപത്രികളില്‍ നിന്ന് വലിയ ആശുപത്രികളിലേക്ക് ഡോക്ടര്‍ റെഫര്‍ ചെയ്യുന്നത് ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ്. ആ നല്ല പ്രവര്‍ത്തിയെ പോലും അവയവ മാഫിയയും ആയി ബന്ധപ്പെടുത്തികൊണ്ടുള്ള അടിസ്ഥാന വിരുദ്ധമായ ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉന്നയിക്കപ്പെടുന്നത് വളരെ വേദനാജനകമാണ്.

ഇത് ഭാവിയില്‍ രോഗികളെ റെഫര്‍ ചെയ്യുന്നതില്‍ നിന്നും ഡോക്ടര്‍മാരെ പിന്തിരിപ്പിക്കും സങ്കീര്‍ണ ചികിത്സ കിട്ടുവാന്‍ റെഫറല്‍ ആവശ്യമുള്ള രോഗികള്‍ക്ക് ഇത് വളരെ പ്രതികൂലമായി ബാധിക്കും എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ

സംഗ്രഹം

അക്യൂട്ട് സബ് ഡ്യൂറല്‍ ഹെമറ്റോമ എന്ന തലച്ചോറിന്റെ പരിക്ക് ഒരു സുഷിരം വഴി ഒഴുക്കിക്കളയാന്‍ പറ്റുന്ന ഒന്നല്ല. അതിന്റെ ചികിത്സയുടെ കാര്യങ്ങള്‍ ഒരു ന്യൂറോസര്‍ജന് മാത്രമേ തീരുമാനിക്കാന്‍ പറ്റുകയുള്ളൂ. ആ തീരുമാനം രോഗിയുടെ ഒട്ടനവധി ഘടകങ്ങള്‍ ചേര്‍ത്ത് വച്ച് ശാസ്ത്രീയമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചു ആണ് എടുക്കുന്നത്, അല്ലാതെ സി.ടി. സ്‌കാനില്‍ രക്തസ്രാവം കണ്ടാല്‍ ഉടനെ ഓപ്പറേഷന്‍ ചെയ്യുക എന്നതല്ല ശരിയായ ചികിത്സ.

content highlights: Misinformation by ill-informed doctors about neurosurgery can have consequences; Kairali Neurosciences Society

We use cookies to give you the best possible experience. Learn more