മിഷേലിന്റെ മരണം: ഐ.ജിയുടെ നേതൃത്വത്തില്‍ ഗോശ്രീ പാലത്തില്‍ തെളിവെടുപ്പ്
Kerala
മിഷേലിന്റെ മരണം: ഐ.ജിയുടെ നേതൃത്വത്തില്‍ ഗോശ്രീ പാലത്തില്‍ തെളിവെടുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th March 2017, 7:02 pm

കൊച്ചി: സി.എ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ഗോശ്രീ പാലത്തില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

കൊലപാതക സാധ്യതയുള്‍പ്പെടെ എല്ലാം പരിശോധിക്കുമെന്ന് ഐ.ജി ശ്രീജിത്ത് പറഞ്ഞു. പോലീസിന് വീഴ്ചയുണ്ടായോ എന്ന കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ കുറ്റാരോപിതനായ ക്രോണിനെ നേരത്തേ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ മാസം 24 വരെയാണ് ഇയാളെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.


Related News: മിഷേലിന്റെ മരണം: ക്രോണിനെ 24 വരെ ക്രൈം ബ്രാഞ്ച് കസ്‌ററഡിയില്‍ വിട്ടു


പാലാരിവട്ടത്ത് സി.എ പഠിച്ചുകൊണ്ടിരുന്ന മിഷേല്‍ ഷാജി രണ്ടാം ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി ആത്മനഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. ക്രോണിന്റെ നിരന്തരമായ ശല്യം കാരണമാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നും പോലീസ് പറയുന്നു.

നേരത്തേ ക്രോണിനെ തങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞ് മിഷേലിന്റെ പിതാവ് ഷാജി പറഞ്ഞിരുന്നു. ക്രോണിന്‍ തങ്ങളുടെ ബന്ധുവല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. മിഷേലിന്റെ അകന്ന ബന്ധുവാണ് ക്രോണിന്‍ എന്നാണ് നേരത്തെ പോലീസ് പറഞ്ഞത്.


Also Read: വിദ്യാര്‍ത്ഥിനികള്‍ക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങളയച്ച കോളേജ് അധ്യാപകനെ പ്രതിഷേധത്തിനൊടുവില്‍ സസ്‌പെന്‍ഡ് ചെയ്തു


മരിച്ച അന്ന് മിഷേല്‍ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചുവെന്നും ഏറെ സന്തോഷവതിയായിരുന്നുവെന്നും ഷാജി പറഞ്ഞിരുന്നു. മിഷേല്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ക്രോണിനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷമായി മിഷേലിനെ അറിയാമെന്നും താനുമായി അകലാന്‍ ശ്രമിച്ചത് കൊണ്ട് തങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായി എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.