ന്യൂദല്‍ഹി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെള്ളപൂശി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂസ് 18 ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഹാത്രാസ് സംഭവം വഷളാകാന്‍ കാരണം പൊലീസിന്റെ വീഴ്ചയാണെന്നും യോഗി സര്‍ക്കാരിന്റെ തെറ്റല്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ യോഗി നിയോഗിച്ചെന്നും ഇത് ശരിയായ കാര്യമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
‘ഒരേസമയത്താണ് രാജസ്ഥാനിലും ഹാത്രാസിലും ബലാത്സംഗം നടക്കുന്നത്. എന്നാല്‍ ഹാത്രാസ് മാത്രമാണ് ചര്‍ച്ചയാകുന്നത്. ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയം കളിക്കുന്നത് എന്തിനാണ്’, അമിത് ഷാ ചോദിച്ചു.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പ്രത്യേകാന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെപ്തംബര്‍ 14-നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Hathras Case Mishandled Police Yogi Adityanath Did the Right Thing by Forming SIT Amit Shah