| Monday, 18th June 2018, 3:32 pm

സ്ഥാപനത്തിന്റെ കഴിവുകേട് ചൂണ്ടിക്കാട്ടിയ ജീവനക്കാരി വഴിപിഴച്ചവളെന്ന് മാനേജ്‌മെന്റ്; പാലക്കാട് അഹല്യ ഹോസ്പിറ്റലിനു മുന്നില്‍ രാപ്പകല്‍ സമരവുമായി യുവതി

ഗോപിക

പാലക്കാട് അഹല്യ ഹോസ്പിറ്റല്‍ ലൈബ്രറി ജീവനക്കാരിയായ മിഷയെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അകാരണമായി പിരിച്ചുവിട്ടതിനെതിരെ ഹോസ്പിറ്റലിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുകയാണ് ഇരിങ്ങാലക്കുട സ്വദേശിയായ മിഷ. ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ മാനേജര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയെന്നാരോപിച്ചാണ് മിഷയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്.

അതേസമയം അതുമാത്രമല്ല മിഷയുടെ മേലില്‍ മാനേജ്‌മെന്റ് ചുമത്തുന്നത്. എന്‍ജീനിയറിംഗ് കോളേജ് ലൈബ്രേറിയനായിരുന്ന കാലത്ത് 45000 രൂപയുടെ ബുക്കുകള്‍ കാണാതായിട്ടുണ്ട്.

ഹോസ്പിറ്റലില്‍ കൃത്യനിര്‍വഹണത്തില്‍ നിരന്തരം വീഴ്ചകള്‍ വരുത്തുന്ന ആളാണ് മിഷയെന്നും വളരെ മോശമായ അഭിപ്രായമാണ് മിഷയെക്കുറിച്ച് ലഭിച്ചതെന്നുമാണ് ഹോസ്പിറ്റല്‍ അധികൃതരുടെ വാദം. ഇതു കൂടാതെ മിഷയ്ക്ക് മാനസികരോഗമുള്ളതായി തങ്ങള്‍ സംശയിക്കുന്നുവെന്നും ഇക്കാരണങ്ങളാല്‍ മിഷയെ ജോലിയില്‍ തുടരാന്‍ അനുവദിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നുമാണ് ഹോസ്പിറ്റല്‍ അധികൃതരുടെ പക്ഷം.

എന്നാല്‍ ഒരു സ്ത്രീയായ തന്നെപ്പറ്റി അപവാദപ്രചരണം നടത്തുകയാണ് ഹോസ്പിറ്റല്‍ അധികൃതരെന്നാണ് മിഷ പറഞ്ഞത്.


ALSO READ: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊലയ്ക്കായി ശ്രമങ്ങള്‍; തൊടുപുഴയില്‍ പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന് നേരേ വധഭീഷണി ഉയര്‍ത്തി


2017 ഡിസംബറിലാണ് അഹല്യ ഹോസ്പിറ്റലില്‍ ലൈബ്രേറിയനായി മിഷ ജോലിയ്ക്ക് കയറുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അഹല്യയുടെ കീഴിലുള്ള എന്‍ജീനിയറിംഗ് കോളേജിലേക്ക് ലൈബ്രേറിയനായി നിയമനം കിട്ടി.

എന്നാല്‍ അവിടുത്തെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ചട്ടങ്ങള്‍ അനുസരിച്ചായിരുന്നില്ല ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരെ ലൈബ്രറി മാനേജ്‌മെന്റുമായി നിരന്തരം തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ലൈബ്രറിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന തന്റെ നിരന്തര ആവശ്യം മനേജ്‌മെന്റ് അംഗീകരിച്ചില്ല. ഇതില്‍ നിന്നുള്ള പ്രതികാരമാണ് തന്നെ പുറത്താക്കിയതില്‍ കലാശിച്ചത് എന്നാണ്
മിഷ പറഞ്ഞത്.

അതുകൂടാതെ ഓപ്പറേഷന്‍ മാനേജര്‍ക്കെതിരെ താന്‍ അപവാദ പ്രചരണം നടത്തിയെന്നാരോപണവും മാനേജ്‌മെന്റ് തനിക്കെതിരെ ചുമത്തി. ഇതിന്റ ഭാഗമായി തന്നെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രചരണങ്ങളാണ് മാനേജ്‌മെന്റ് നടത്തുന്നത്.

“എന്റെ നാട്ടിലെത്തി മോശമായ രീതിയില്‍ മാനേജ്‌മെന്റ് അപവാദ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. കുടുംബവുമായി ഏറെനാളായി പിരിഞ്ഞ് കഴിയുന്ന ആളാണ് താന്‍. ഇത് ഏറ്റെടുത്ത് എന്റെ ബന്ധുക്കളും ഇപ്പോള്‍ എനിക്ക് എതിരായി പല പ്രചരണങ്ങളും നടത്തുന്നു.

അതു മാത്രമല്ല മാനേജ്‌മെന്റ് തന്നെ വൃത്തിക്കെട്ട രീതിയില്‍ ചിത്രീകരിക്കുന്ന ചിത്രങ്ങളും വീഡിയോകളും തന്റെ നാട്ടില്‍ പ്രചരിപ്പിക്കുന്നുവെന്ന് നാട്ടുകാരില്‍ ചിലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. ഇത്തരത്തില്‍ ഒരു സ്ത്രീ നടത്തുന്ന സമരത്തെ ഇല്ലാതാക്കാന്‍ വ്യക്തിഹത്യ ചെയ്യുന്ന രീതിയാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും” മിഷ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മാനേജ്‌മെന്റിന് തന്നോട് ഇത്രയും ദേഷ്യം തോന്നാന്‍ കാരണം തനിക്ക് ഓപ്പറേഷന്‍ മാനേജരുമായുണ്ടായിരുന്ന സൗഹൃദമായിരുന്നു. അദ്ദേഹം മനേജ്‌മെന്റ് ഡയറക്ടേഴ്‌സില്‍ പ്രമുഖന്‍ കൂടിയാണ്. ഈ സൗഹൃദം തുടര്‍ന്നുകൊണ്ടുപോകുന്നതിലെ മാനേജ്‌മെന്റിന്റെ അതൃപ്തിയാണ് തനിക്ക് നേരേ ഒരു കാരണവുമില്ലാതെ പിരിച്ചുവിടല്‍ നടപടിയിലേക്ക് തിരിയാന്‍ കാരണം എന്ന് മിഷ പറഞ്ഞു.


MUST READ: ‘പ്രാക്ടിക്കല്‍ വിദ്യാഭ്യാസം ആണ് കുട്ടികള്‍ക്ക് വേണ്ടത്’; റോബോട്ട് സാധ്യതകള്‍ പഠനത്തിലുള്‍പ്പെടുത്തുന്ന പുത്തന്‍ മാതൃകയുമായി ഷാഹില്‍


ഇതറിഞ്ഞ ഉടന്‍ തന്നെ മാനേജ്‌മെന്റിലെ പ്രീതി എന്നു പേരുള്ള അംഗം തന്നെ വിളിച്ച് അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചു. മേലാല്‍ സ്ഥാപനത്തിനുള്ളിലെ ആരോടും മിണ്ടാന്‍ പാടില്ലെന്നും ജോലിക്കാര്യം മാത്രം സംസാരിച്ചാല്‍ മതിയെന്നും മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്‍ മാനേജരുമായുള്ള സൗഹൃദം നല്ലതിനല്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മിഷ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇക്കാരണങ്ങളാണ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയ്ക്ക് കാരണമെന്നും മിഷ വ്യക്തമാക്കി.

ഇതിന്റെയെല്ലാം ആകെത്തുകയായിരുന്നു 2018 ജനുവരിയില്‍ മാനേജ്‌മെന്റ് തനിക്ക് നല്‍കിയ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍. ഇതിന്റെ പേരില്‍ മാനേജ്‌മെന്റുമായി നിരവധി തര്‍ക്കങ്ങള്‍ നടത്തി നോക്കി. ലേബര്‍ കമ്മീഷനു മുന്നില്‍ പരാതിയുമായി ചെന്നപ്പോഴും മാനേജ്‌മെന്റ് നടപടിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല. വേറേ വഴികളില്ലാത്തതിനാലാണ് സ്ഥാപനത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

കഴിഞ്ഞ 9 തീയതി മുതലാണ് താന്‍ അഹല്യ ഹോസ്പിറ്റലിനു മുന്നില്‍ സമരം ആരംഭിച്ചത്. ഇത് തടയാന്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് വേറേയും ചില നീക്കങ്ങള്‍ ഉണ്ടായി. രാത്രിയും പകലും ഹോസ്പിറ്റലിനു മുന്നില്‍ കുത്തിയിരുന്ന തന്നെ ചില സദാചാര ഗുണ്ടകളെ വിട്ട് പേടിപ്പിക്കാന്‍ മാനേജ്‌മെന്റ് ശ്രമിച്ചു.

അതോടെ താന്‍ പൊലീസ് പ്രൊട്ടക്ഷന്‍ വേണമെന്നാവശ്യപ്പെട്ട് നിയമസഹായം തേടി. ഇപ്പോള്‍ രാത്രിയില്‍ മാത്രം പൊലീസ് കാവലുണ്ട്. തന്റെ സമരം ഇല്ലാതാക്കാന്‍ സ്ഥാപനത്തിലേക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നുവെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രവേശന കവാടത്തിന്റെ അരികു ചേര്‍ന്നാണ് താന്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നും സി.സി.ടി.വി പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകുമെന്നും മിഷ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

തന്നെ മാനസികരോഗിയായി ചിത്രീകരിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്ന മാനേജ്‌മെന്റ് നടപടി അവസാനിപ്പിക്കണമെന്നും നീതി കിട്ടുന്നതുവരെ കുത്തിയിരിപ്പ് സമരം തുടരുമെന്നും മിഷ ഡൂള്‍ന്യൂസിനോട് പറഞ്ഞിട്ടുണ്ട്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more