പാലക്കാട് അഹല്യ ഹോസ്പിറ്റലില്‍ ലൈബ്രറി ജീവനക്കാരിയായിരുന്ന മിഷയെ അകാരണമായി പിരിച്ചുവിട്ടതിനെതിരെ നടത്തിവന്നിരുന്ന ഒറ്റയാള്‍ സമരം നിര്‍ത്തിവെയ്ക്കാന്‍ അട്ടിമറിശ്രമങ്ങള്‍ നടക്കുന്നതായി പരാതി. ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ മാനേജര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയെന്നാരോപിച്ചാണ് മിഷയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
തന്റെ ജോലി തിരികെ നല്‍കണമെന്നും തനിക്ക് നേരേയുള്ള മാനേജ്‌മെന്റിന്റെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ടാണ് മിഷ തന്റെ സമരം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ക്യാംപസിനുള്ളിലേക്ക് തന്റെ കുത്തിയിരിപ്പ് സമരം മാറ്റിയ മിഷയെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
തുടര്‍ന്ന് ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പാലക്കാട് സബ് ജയിലിലേക്ക് മാറ്റിയ മിഷ ജയിലിലും സമരം തുടരുമെന്ന നിലപാടിലാണ് ഇപ്പോള്‍.
ALSO READ: അയ്യപ്പനും ഗതിയില്ല; പ്ലാസ്റ്റിക് കൂമ്പാരമായി ശബരിമല
കഴിഞ്ഞ ദിവസമാണ് അഹല്യ ക്യാംപസിനുള്ളില്‍ നിന്നും മിഷയെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത്. ക്യാംപസിനുള്ളില്‍ സമരം നടത്തരുതെന്ന് ഹൈക്കോടതി വിധിയെ മറികടന്നുവെന്നാരോപിച്ചാണ് മിഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാംപസിന് വെളിയില്‍ നൂറുമീറ്റര്‍ ചുറ്റളവിലാണ് നേരത്തേ മിഷ സമരം നടത്തിക്കൊണ്ടിരുന്നത്.
എന്നാല്‍ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തന്റെ സമരം ക്യാംപസിനുള്ളിലേക്ക് വ്യാപിപ്പിക്കാന്‍ മിഷ തീരുമാനിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മിഷയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്യാംപസിനുള്ളില്‍ സമരം നടത്തരുതെന്ന കോടതിയുത്തരവിനെ ലംഘിച്ചതിനാലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അഹല്യയിലെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് തനിക്ക് മോശം അനുഭവമാണ് ഉണ്ടായത്. തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും തന്നെ അസഭ്യം പറഞ്ഞെന്നും മിഷ പറഞ്ഞു.
അതേസമയം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മിഷയെ ജാമ്യത്തിലിറക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. വസ്ത്രങ്ങള്‍ കീറി അവശനിലയിലായിരുന്നു മിഷ എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ വിളയോടി ശിവന്‍കുട്ടി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സ്ത്രീ തൊഴിലാളികളെ അഹല്യയില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യത്തെ സംഭവമല്ല. ഇതിനുമുമ്പും സമാനമായ സംഭവം അഹല്യയില്‍ നടന്നിട്ടുണ്ട്. തൊഴിലുടമകളെ സംരക്ഷിക്കുന്ന നിയമമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതിന് ഉദാഹരണമാണ് മിഷയുടെ സമരം. സ്ഥിരം തൊഴിലാളികളെ നിയമിക്കുന്നതിനെക്കാളുപരി ലാഭത്തിനായി താല്ക്കാലിക ജീവനക്കാരെ വെച്ച് ജോലിചെയ്യിപ്പിക്കുകയെന്ന രീതിയാണ് അഹല്യ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത് എന്നാണ് മനുഷ്യവകാശ പ്രവര്‍ത്തകനായ ശിവന്‍കുട്ടി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ALSO READ: ഇടുക്കി; ഭീതിയുടെ പ്രളയം നിറക്കുന്ന വാര്‍ത്തകളല്ല, വേണ്ടത് ജാഗ്രത
അതേസമയം “മിഷ ആകെ കണ്‍ഫ്യൂഷനിലാണ്. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ തിരിച്ചടികള്‍ക്ക് ശേഷം തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ ഈ സമരവുമായി മുന്നോട്ട് പൊയ്‌ക്കോണ്ടിരുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ മിഷയ്ക്ക് വീട്ടില്‍ നിന്ന് കാര്യമായ പിന്തുണകള്‍ ഒന്നും തന്നെയില്ല. ഒറ്റയാള്‍ സമരമാണ് മിഷ നടത്തുന്നത്”.
ഇതുവരെ അവരെ പുറത്തിറക്കാനുള്ള നടപടികളെക്കുറിച്ച് തീരുമാനമായിട്ടില്ല. ആക്ടിവിസ്റ്റുകളും, മനുഷ്യാവകാശ പ്രവര്‍ത്തകരും സംഭവത്തില്‍ മിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉടന്‍ തന്നെ മിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആലോചിക്കുകയാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകനായ ബോബന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
2017 ഡിസംബറിലാണ് അഹല്യ ഹോസ്പിറ്റലില്‍ ലൈബ്രേറിയനായി മിഷ ജോലിയ്ക്ക് കയറുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അഹല്യയുടെ കീഴിലുള്ള എന്‍ജീനിയറിംഗ് കോളേജിലേക്ക് ലൈബ്രേറിയനായി നിയമനം കിട്ടി.
എന്നാല്‍ അവിടുത്തെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ചട്ടങ്ങള്‍ അനുസരിച്ചായിരുന്നില്ല ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്.
ഇതിനെതിരെ ലൈബ്രറി മാനേജ്മെന്റുമായി നിരന്തരം തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇതു കുടാതെ ഹോസ്പിറ്റല്‍ മാനേജര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയെന്നാരോപിച്ചു കൂടിയാണ് മിഷയെ ജോലിയില്‍ നിന്നും അകാരണമായി പിരിച്ചുവിട്ടത്.
കഴിഞ്ഞ ജൂണ്‍ 9-ാം തീയതി മുതലാണ് താന്‍ അഹല്യ ഹോസ്പിറ്റലിനു മുന്നില്‍ സമരം ആരംഭിച്ചത്. ഇത് തടയാന്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വേറേയും ചില നീക്കങ്ങള്‍ ഉണ്ടായി. രാത്രിയും പകലും ഹോസ്പിറ്റലിനു മുന്നില്‍ കുത്തിയിരുന്ന തന്നെ ചില സദാചാര ഗുണ്ടകളെ വിട്ട് പേടിപ്പിക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചിരുന്നുവെന്ന മിഷ നേരത്തേ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.